
കിടങ്ങന്നൂര്‍ കനാലില്‍ വിദ്യാർത്ഥികളെ കാണാതായ സംഭവത്തിൽ, മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ വിദ്യാർത്ഥികളുടെ മൃതദേഹം കണ്ടെത്തി. കിടങ്ങന്നൂര്‍ നാക്കാലിക്കൽ എസ് വി ജി ഹൈസ്‌ക്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ അഭിരാജ്, അനന്ദുനാഥ് എന്നിവരെയാണ് ഇന്നലെ വൈകുന്നേരത്തോടെ കാണാതായത്. കിടങ്ങന്നൂരിലെ കനാലിന് സമീപത്തുനിന്ന് ഇവരുടെ വസ്ത്രങ്ങൾ കണ്ടെത്തിയിരുന്നു. സ്‌കൂളില്‍ സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റിന്റെ ക്സാസ് ഉണ്ടായിരുന്നു. ഇതിന് ശേഷം ഇരുവരും കൂട്ടുകാരന്റെ വീട്ടില്‍ പോയിരുന്നു. പിന്നാലെ കിടങ്ങന്നൂരില്‍ മുടിവെട്ടാന്‍ എന്നു പറഞ്ഞ് ഇരുവരും കൂട്ടുകാരന്റെ വീട്ടിൽ നിന്ന് ഇറങ്ങിയിരുന്നു. ഇവർ കനാലിൽ കുളിക്കാനിറങ്ങുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് തെരച്ചിൽ ആരംഭിച്ചത്.
ALSO READ; ‘ഭരണഘടന സംരക്ഷണം ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്വമായി കണക്കാക്കണം’: മന്ത്രി പി രാജീവ്
മെഴുവേലി ഗ്രാമപഞ്ചായത്തില്‍ കിടങ്ങന്നൂര്‍ വില്ലേജ് പടി ഭാഗത്തുനിന്നാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വിദ്യാര്‍ഥികള്‍ കുളിക്കാനിറങ്ങിയ ഭാഗത്ത് നിന്ന് 200 മീറ്ററോളം അകലെയായിട്ടാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ കോഴഞ്ചേരി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ശനിയാഴ്ച വൈകുന്നേരം തന്നെ തിരച്ചിലാരംഭിച്ചിരുന്നെങ്കിലും കനാലിലെ വെള്ളത്തിന്റെ അളവ് കൂടിയതിനാല്‍ കണ്ടെത്താനായില്ല. ഞായറാഴ്ച കനാലിലെ വെള്ളത്തിന്റെ അളവ് കുറച്ചതിനു ശേഷം ഫയര്‍ഫോഴ്‌സിന്‍റെ സ്‌കൂബാ ടീം നടത്തിയ തിരച്ചിലാണ് മൃതദേഹങ്ങള്‍ ലഭിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

