
മുംബൈയിലെ തെരുവുകളിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ അടിയന്തരമായി നീക്കം ചെയ്യണമെന്ന് ബോംബെ കോടതി നിർദേശിച്ചു. സ്ഥലത്തിനായി നെട്ടോട്ടമോടുന്ന നഗരത്തിലെ തെരുവുകൾ ഇനി ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളുടെ ശ്മശാനങ്ങളായി മാറ്റാൻ കഴിയില്ലെന്നും ബോംബെ ഹൈക്കോടതി വ്യക്തമാക്കി.
ജസ്റ്റിസ് ജി.എസ്. കുൽക്കർണി, അദ്വൈത് സേത്‌ന എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിർദേശം. മാരത്തൺ മാക്സിമ കോപ്പറേറ്റിവ് ഹൗസിങ് സൊസൈറ്റി സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതിയുടെ നിർദേശം. ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ സൊസൈറ്റിയുടെ ഗേറ്റിന് പുറത്ത് കിടക്കുന്നത് യാത്രാ തടസ്സം സൃഷ്ടിക്കുന്നതായി ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ALSO READ: നഷ്ടം 4.2 കോടി; ഇന്ത്യയിൽ നിന്നുള്ള മാമ്പഴ കയറ്റുമതി നിരസിച്ച് അമേരിക്ക
ഉപേക്ഷിക്കപ്പെട്ടതോ കണ്ടുകെട്ടിയതോ ആയ എല്ലാ വാഹനങ്ങളും ഡമ്പിങ് യാർഡിലേക്ക് മാറ്റണമെന്ന് നിർദേശിച്ച് കഴിഞ്ഞമാസം നഗരത്തിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും അറിയിപ്പ് നൽകിയിരുന്നതായി ട്രാഫിക് വിഭാഗം അഡീഷണൽ പോലീസ് കമ്മിഷണർ സത്യവാങ്മൂലത്തിൽ പറഞ്ഞു. എന്നാൽ, തുടർ നടപടികളുണ്ടാകാത്തതിൽ കോടതി അതൃപ്തി പ്രകടിപ്പിച്ചു.
പിടിച്ചെടുത്ത വാഹനങ്ങൾ ഉപേക്ഷിക്കുന്നതിന് ഓരോ വാർഡിലും സൗകര്യപ്രദമായ സ്ഥലങ്ങൾ കണ്ടെത്തണമെന്ന് ബെഞ്ച് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.വാഹനങ്ങൾ മാലിന്യം തള്ളുന്ന സ്ഥലത്ത് ഉപേക്ഷിച്ചാൽ മാത്രം പോരാ. ഈ വാഹനങ്ങൾ ഇനി ആവശ്യമില്ലാത്ത സാഹചര്യത്തിൽ, നശിപ്പിക്കുന്നതിനാവശ്യമായ തുടർനടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

