
പെൺകുട്ടിയെ സ്യൂട്ട്കേസിലാക്കി ഹോസ്റ്റലിലേക്ക് കടത്തിയ സംഭവത്തിൽ വിശദീകരണവുമായി സർവകലാശാല. ഹരിയാനയിലെ സോനിപത്തിലെ ഒ.പി. ജിൻഡാൽ സർവകലാശാല യാണ് സംഭവം തമാശ ആയിരുന്നു എന്ന് വിശദീകരിച്ചിരിക്കുന്നത്.
പെൺകുട്ടിയെ ബോയ്സ് ഹോസ്റ്റലിലെത്തിക്കാനുള്ള ആൺസുഹൃത്തിന്റെ ശ്രമം പാളിപ്പോയെന്ന തരത്തിൽ ആണ് വാർത്തകൾ പുറത്തുവന്നത്. ഇതിലാണ് കോളേജിന്റെ വിശദീകരണം. തമാശ അതിരുകടന്നതിനാൽ വിദ്യാർഥികൾക്കെതിരെ നടപടിയെടുക്കുമെന്നും കോളേജ് വ്യക്തമാക്കി.
ശനിയാഴ്ച രാവിലെയായിരുന്നു വീഡിയോ പുറത്തുവന്നത്. ഹോസ്റ്റലിലെ സുരക്ഷാ ജീവനക്കാരാണ് വിദ്യാർഥിയെ പിടികൂടിയത്. സെക്യൂരിറ്റി ഗാര്‍ഡുകള്‍ വലിയ സ്യൂട്ട്‌കേസ് തുറക്കുന്നതും പെണ്‍കുട്ടിയെ കാണുന്നതുമാണ് പ്രചരിക്കുന്ന വീഡിയോയിൽ കാണുന്നത്. ഹോസ്റ്റലിലുള്ള വിദ്യാർഥിയാണ് വിഡിയോ റെക്കോർഡ് ചെയ്തിരിക്കുന്നത്.
എന്നാൽ, ഇത് ഒരുകൂട്ടം പെൺകുട്ടികൾ ഒപ്പിച്ച പണിയാണെന്ന് സർവകലാശാലയിലെ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ അഞ്ജു മോഹൻ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. പെൺകുട്ടികളുടെ സംഘം ചെറുതമാശയുടെ ഭാഗമായി ഒപ്പിച്ചതാണ്. തങ്ങളുടെ കൂട്ടത്തിലുള്ള പെൺകുട്ടിയെ സ്യൂട്ട്കേസിലാക്കുകയായിരുന്നു. സംശയാസ്പദമായി കണ്ട പെട്ടി സുരക്ഷാ ഉദ്യോഗസ്ഥർ തുറന്നപ്പോഴാണ് ഉള്ളിൽ പെൺകുട്ടിയെ കണ്ടത്. സംഭവം പെൺകുട്ടികളുടെ ഹോസ്റ്റൽ പരിസരത്ത് നടന്നതാണെന്നും അദ്ദേഹം പറഞ്ഞു.
നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഐഡിയ കൊള്ളാം, പക്ഷേ പാളിപ്പോയി എന്ന് കമന്റ് നൽകിയവർ ഒരുപാടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here