
ഫിഫ ലോകകപ്പിലെ ഹൂസ്റ്റണിൽ നടന്ന റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ ഏഷ്യൻ ശക്തികളായ ജപ്പാനെതിരെ കളിയുടെ അവസാന നിമിഷങ്ങളിൽ ഗബ്രിയേൽ മാർട്ടിനെല്ലി നേടിയ ഗോളിന്റെ പിൻബലത്തിൽ ബ്രസീലിനു നാടകീയ വിജയം. ആവേശകരമായ പോരാട്ടത്തിൽ ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണു അഞ്ചു തവണ കിരീടം ഉയർത്തിയ കാനറികൾ മത്സരം ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ജയിച്ചത്. പ്രീക്വാർട്ടറിൽ ഐവറി കോസ്റ്റിനെയോ നോർവേയെയോ ആകും ബ്രസീലിനു നേരിടേണ്ടിവരിക.
ആവേശകരമായ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീളുമെന്ന് ഉറപ്പിച്ച ഘട്ടത്തിലാണ് ജപ്പാനെ കണ്ണീരിലാഴ്ത്തിയ ഗബ്രിയേൽ മാർട്ടിനെല്ലിയുടെ ഗോൾ പിറന്നത്. ഫൈനൽ വിസിൽ മുഴങ്ങാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ബ്രൂണോ ഗുയിമറേസ് നൽകിയ പാസ് ജപ്പാന്റെ ഗോൾവലയ്ക്ക് സമീപം മാർട്ടിനെല്ലി സ്വീകരിച്ചത്. പെനാൽറ്റി ബോക്സിനുള്ളിലെ കൂട്ടപ്പൊരിച്ചിലിനെ ശ്രദ്ധിക്കാതെ അദ്ദേഹം തൊടുത്ത ഷോട്ട് ജപ്പാന്റെ ഗോളി സുസുകിയെയും മറികടന്ന് വല കുലുക്കുകയായിരുന്നു.
Five-time champions Brazil book their place in the @FIFAWorldCup Round of 16! 🇧🇷👏 pic.twitter.com/x5Tpp54e2H
— FIFA (@FIFAcom) June 29, 2026
നേരത്തെ സ്വപനസമാനമായ തുടക്കമായിരുന്നു ആദ്യപകുതിയിൽ ജപ്പാന് ലഭിച്ചത്. കാർലോ അൻസലോട്ടിയുടെ ടീമിനെ അവർ ശരിക്കും വെള്ളം കുടിപ്പിച്ചു. ബ്രസീലിയൻ അക്രമങ്ങളുടെ ചുക്കാൻ പിടിക്കുന്ന വിനീഷ്യസിനെ മികച്ച രീതിയിൽ പൂട്ടിയ അവർ ബ്രസീലിനെ ശ്വാസം മുട്ടിച്ചു. ഒടുവിൽ കളിയുടെ 29ആം മിനുട്ടിൽ അവർ ലീഡ് സ്വന്തമാക്കി. അത്ര അപകടകാരിയെന്ന് തോന്നാതിരുന്ന ഒരു പാസ് സ്വീകരിച്ച കൈഷു സാനോ ബ്രസീലിയൻ പ്രതിരോധത്തിലെ ദൗർബല്യം മുതലാക്കി ഇടതു വശത്തെ വിടവിലേക്ക് കുതിച്ചു കയറിയ ശേഷം തൊടുത്ത പാസ്സ് ബ്രസീലിയൻ വല കുലുക്കി.
എന്നാൽ രണ്ടാം പകുതിയിൽ കഥ മാറി. എൻഡ്രിക് പകരക്കാരനായി കളത്തിലെത്തിയതോടെ അതുവരെ മികച്ച മാർക്കിങ് മൂലം വലഞ്ഞ വിനിഷ്യസിനു കൂടുതൽ സ്വാതന്ത്ര്യം ലഭിച്ചു. ഒപ്പം പ്രതിരോധത്തിൽ ഊന്നി കളിക്കാമെന്ന ജപ്പാന്റെ തന്ത്രവും കളി ഏറെക്കുറെ പൂർണ്ണമായും അവരുടെ ബോക്സിനുള്ളിലാക്കി. ഒടുവിൽ 56ആം മിനുട്ടിൽ ഗോളെന്നുറച്ച രണ്ടു അവസരങ്ങൾ തട്ടിക്കളഞ്ഞ ജാപ്പനീസ് ഗോളി സുസുക്കിക്ക് പാളി. ഗബ്രിയേൽ മഗൽഹേസിൽ നിന്ന് ലഭിച്ച പാസ്സ് കാസെമിറോ വലയിലെത്തിച്ചു ടീമിനെ ഒപ്പമെത്തിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

