
ലോക ഫുട്ബോളിലെ വൻശക്തിയായ ബ്രസീലും, യൂറോപ്പിലെ പുതിയ കരുത്തരായ നോർവേയും തമ്മിലുള്ള ലോകകപ്പ് പ്രീ-ക്വാർട്ടർ പോരാട്ടത്തിനാണ് നാളെ പുലർച്ചെ മെറ്റ്‌ലൈഫ് സ്റ്റേഡിയം സാക്ഷിയാകും. ബ്രസീലിന്റെ വിങ്ങുകളിൽ മാന്ത്രികത തീർക്കുന്ന വിനീഷ്യസ് ജൂനിയറും നോർവേയുടെ ഗോൾ മെഷീനായ എർലിങ് ഹാലണ്ടും തമ്മിലുള്ള പോരാട്ടം കൂടിയാകും നാളത്തെ മത്സരം.
ഇരുടീമുകൾക്കും പ്രീ-ക്വാർട്ടറിലേക്കുള്ള വഴി അത്ര എളുപ്പമായിരുന്നില്ല. നോക്കൗട്ട് ഘട്ടത്തിൽ ജപ്പാനെതിര കടുത്ത പരീക്ഷണമാണ് ബ്രസീൽ നേരിട്ടത്. മറുഭാഗത്ത്, ഐവറി കോസ്റ്റിനെതിരെ ഏറെ പ്രയാസപ്പെട്ടാണ് നോർവേയും പ്രീക്വാർട്ടർ ബെർത്ത് ഉറപ്പിച്ചത്. കണക്കുകൾ പരിശോധിച്ചാൽ ബ്രസീലിന് ഇതൊരു കടുത്ത പ്രതികാര പോരാട്ടമാണ്. 28 വർഷങ്ങൾക്ക് മുമ്പ്,1998 ഫ്രാൻസ് ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ നോർവേ ശക്തരായ ബ്രസീലിനെ 2-1 ന് അട്ടിമറിച്ചിരുന്നു. ലോകകപ്പ് ചരിത്രത്തിൽ ബ്രസീലിനെതിരെ തോൽവി അറിയാത്ത ചുരുക്കം ചില ടീമുകളിൽ ഒന്നാണ് നോർവേ.
Also Read: ചരിത്രവിജയത്തിന് പിന്നാലെ ഫലസ്തീൻ പതാക ഉയർത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഈജിപ്ത് പരിശീലകൻ
സൂപ്പർ താരം നെയ്മർ പൂർണ്ണ കായികക്ഷമത വീണ്ടെടുത്തതായും നാളത്തെ മത്സരത്തിൽ കളിക്കാൻ സജ്ജനാണെന്നും ബ്രസീൽ കോച്ച് കാർലോ ആഞ്ചലോട്ടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ നിർണായകമായ മത്സരത്തിന് ബ്രസീൽ ക്യാമ്പ് തയ്യാറെടുക്കുമ്പോൾ പരുക്ക് ഭീഷണി സൃഷ്ടിച്ചിരിക്കുകയാണ്. ലൂക്കാസ് പക്വേറ്റ, റാഫീഞ്ഞ എന്നിവരുടെ അഭാവം ബ്രസീലിന് തലവേദനയാകും. വിനീഷ്യസ് ജൂനിയർ, നെയ്മർ, മാതിയസ് കുഞ്ഞ്യ, എൻഡ്രിക്ക്, മാർട്ടിനെല്ലി തുടങ്ങിയ വൻ താരനിരയുടെ വേഗതയിലാണ് ബ്രസീലിന്‍റെ പ്രതീക്ഷ.
Also Read: “നിങ്ങളെ ഓർത്ത് അഭിമാനിക്കും,” വൈറലായി വൊസീഞ്ഞയോട് മെസ്സി പറഞ്ഞ വാക്കുകൾ
അതേസമയം ടൂർണമെന്റിൽ ഇതുവരെ 5 ഗോളുകളുമായി ഗോൾഡൻ ബൂട്ട് റേസിൽ മുന്നിലുള്ള എർലിങ് ഹാലണ്ടാണ് നോർവേയുടെ പ്രധാന ആയുധം. കരുത്ത് കൊണ്ടും പാരമ്പര്യം കൊണ്ടും ബ്രസീലിനാണ് മേൽക്കൈ എങ്കിലും, ചരിത്രത്തിന്‍റെ പിൻബലവും ഹാലണ്ടിന്‍റെ പിൻബലം നോർവേയ്ക്ക് വലിയ ആത്മവിശ്വാസം നൽകുന്നുണ്ട്. ക്വാട്ടർ ബെർത്ത് ഉറപ്പിക്കാൻ ഇരു ടീമുകളും ഇറങ്ങുമ്പോൾ തീപാറുന്ന പോരാട്ടത്തിനായിരിക്കും മെറ്റലൈഫ് സ്റ്റേഡിയം സാക്ഷ്യം വഹിക്കുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

