
കൈക്കൂലി വാങ്ങുന്നതിനിടെ തിരുവനന്തപുരത്ത് വിജിലൻസ് പിടിയിലായ ഐഒസി ഡിജിഎം അലക്സ് മാത്യുവിൻ്റെ കൊച്ചി ചെലവന്നൂരിലെ വീട്ടിൽ വിജിലൻസ് സംഘം പരിശോധന നടത്തി. എസ്പിഎസ് ശശിധരന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. വീട്ടിൽ നടത്തിയ പരിശോധനയിൽ സംശയസ്പദമായ ചില രേഖകൾ കണ്ടെത്തിയെന്ന് എസ് പി എസ് ശശിധരൻ പറഞ്ഞു. ചില നിക്ഷേപങ്ങൾ ഉള്ളതായി സൂചനയുണ്ട്. പരിശോധന പൂർത്തിയായാൽ മാത്രമേ കൂടുതൽ വിവരങ്ങൾ പറയാനാവൂ. ഐ ഒ സി പനമ്പിള്ളി നഗർ ഓഫീസിലും പരിശോധന നടത്തുമെന്നും എസ് പി എസ് ശശിധരൻ അറിയിച്ചു.
ഉപഭോക്താക്കളെ മറ്റ് ഏജൻസിയിലേക്ക് മാറ്റാതിരിക്കാൻ രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 10 ലക്ഷം രൂപയാണ് ഗ്യാസ് ഏജൻസി ഉടമയോട് ആവശ്യപ്പെട്ടത്. ഇതിൽ രണ്ട് ലക്ഷം രൂപ വാങ്ങാൻ ഏജൻ്റിൻ്റെ കവടിയാറിലെ വീട്ടിലെത്തിയപ്പോഴാണ് വിജിലൻസ് പിടികൂടിയത്.
കൊല്ലം കടയ്ക്കൽ ഗ്യാസ് ഏജൻസി നടത്തുന്ന മനോജ് ആണ് പരാതിക്കാരൻ. മനോജിൻ്റെ കവടിയാറിലെ വീട്ടിൽ എത്തിയാണ് അലക്സ് മാത്യൂ പണം വാങ്ങിയത്. മുൻപും അലക്സ് മാത്യൂ പരാതിക്കാരനിൽ നിന്ന് പണം വാങ്ങിയിട്ടുണ്ട്. പത്ത് ലക്ഷം രൂപയാണ് ഇത്തവണ ആവശ്യപ്പെട്ടത്. തിരുവനനന്തപുരം വിജിലൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം ആണ് പ്രതിയെ വലയിൽ ആക്കിയത്.
Also read: രണ്ട് ലക്ഷം കൈക്കൂലി വാങ്ങാൻ വീട്ടിലെത്തി; ഐഒസി ഡെപ്യൂട്ടി ജനറല്‍ മാനേജരെ കയ്യോടെ പൊക്കി വിജിലൻസ്
ലോഡ് ലഭിക്കാനായി പണം നൽകണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പരാതിക്കാരൻ മനോജ് പറഞ്ഞു. പണം നൽകിയില്ലെങ്കിൽ കടയ്ക്കലിലെ ഏജൻസിയിൽനിന്ന് ആളുകളെ മാറ്റുമെന്ന് ഭീഷണിപ്പെടുത്തി. ആദ്യം അത്തരത്തിൽ സ്റ്റാഫുകളെ ട്രാൻഫർ ചെയ്തിരുന്നു. നിവർത്തികേടുകൊണ്ടാണ് പരാതി നൽകിയത്. പല ഏജൻസികളിൽനിന്ന് ഇയാൾ പണം വാങ്ങിയിട്ടുണ്ട്. ധൈര്യമില്ലാത്തതിനാൽ ആരും പരാതി നൽകിയില്ലെന്നും മനോജ് പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

