
കൗമാരക്കാരിൽ വർദ്ധിച്ചുവരുന്ന അക്രമവാസന സംബന്ധിച്ച നിരവധി വാർത്തകൾ അടുത്തകാലത്തായി നമുക്കിടയിൽനിന്ന് ഉയർന്നുവരുന്നുണ്ട്. താമരശേരിയിലെ ഷഹബാസ് എന്ന ആൺകുട്ടിയെ മർദിച്ചു കൊന്നത് മുതൽ കൗമാരം പിന്നിട്ട വെഞ്ഞാറമ്മൂട്ടിലെ അഫാൻ നടത്തിയ കൂട്ടക്കൊലപാതകവും കോട്ടയം നഴ്സിങ് കോളേജിലെ ക്രൂര റാഗിങ്ങും ബസ് സ്റ്റാൻഡിലും മറ്റും സ്കൂൾ വിദ്യാർഥികൾ നടത്തുന്ന ദയാരഹിതമായ കൂട്ടത്തല്ലുമൊക്കെ നമ്മുടെ മുന്നിലുണ്ട്. പുതുതലമുറയിൽപ്പെട്ട കുട്ടികളുടെ സ്വഭാവത്തിൽ വരുന്ന മാറ്റങ്ങൾ വളരെ വലുതാണ്. ഇതിന് ഇന്‍റർനെറ്റിനെയും പാരന്‍റിങ്ങിനെയുമൊക്കെ പഴിചാരുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് നെറ്റ്ഫ്ലിക്സിൽ ഫിലിപ്പ് ബരാടിനി സംവിധാനം ചെയ്ത അഡോളസെൻസ് എന്ന സീരീസ് ചർച്ചയാകുന്നത്.
സഹപാഠിയായ പെൺകുട്ടിയെ കൊല്ലുന്ന ജാമി മില്ലർ എന്ന 13കാരന്‍റെ കഥയാണ് സീരീസ് പറയുന്നത്. കൗമാരപ്രായക്കാരായ ആൺകുട്ടികളുമായി ഇടപഴകുമ്പോൾ മാതാപിതാക്കളും മുതിർന്നവരും അവരെ എങ്ങനെയാണ് മനസിലാക്കേണ്ടത് എന്നതിലേക്കും ഇത് വെളിച്ചം വീശുന്നു.
ALSO READ; റിലീസ് പോലും ആയില്ല; സൽമാൻ ഖാൻ ചിത്രം ‘സിക്കന്ദറി’ന്‍റെ എച്ച് ഡി പ്രിന്‍റ് ഓൺലൈനിൽ
കൗമാരക്കാരനായ ആൺകുട്ടിയുടെ കാഴ്ചപ്പാടിൽ നിന്ന് കാര്യങ്ങൾ ചിന്തിക്കുകയും മനസ്സിലാക്കുകയും ചെയ്യേണ്ടത് പ്രധാനമാണെന്ന് മുതിർന്നവരോട് ഈ സീരീസ് വിളിച്ചുപറയുന്നുണ്ട്. എന്നാൽ ലോകത്തെക്കുറിച്ചുള്ള അവരുടെ ധാരണ മുതിർന്നവരുടേതിന് തുല്യമായിരിക്കില്ല എന്ന വസ്തുത അംഗീകരിച്ചാൽ മാത്രമേ ഇത് സാധ്യമാകുകയുള്ളു. ഉദാഹരണത്തിന്, എപ്പിസോഡ് ഒന്നിൽ, അഭിഭാഷകൻ ജാമിയോട് തൻ്റെ പ്രിയപ്പെട്ട വിഷയത്തെക്കുറിച്ച് ചോദിക്കുമ്പോൾ, അത് ചരിത്രമാണെന്ന് പറയുന്നു. അസാധാരണമായി ഒന്നുമില്ല, അല്ലേ? ഭൂതകാലത്തിലെ സംഭവങ്ങൾ, ആളുകൾ, സമൂഹങ്ങൾ എന്നിവയിൽ ജാമി ആകൃഷ്ടനാണെന്ന് ഇത് കാണുന്നവർ കരുതും.
പിന്നീട് എപ്പിസോഡ് രണ്ടിൽ, അന്വേഷണത്തിനായി പോലീസുകാർ ജാമിയുടെ സ്കൂൾ സന്ദർശിക്കുമ്പോൾ, അധ്യാപകൻ ചരിത്ര ക്ലാസ് എടുക്കുന്ന സീനാണ്. ഇത് കണ്ടാൽ മനസിലാകുന്നത് ജാമിയ്ക്ക് ചരിത്രം ഇഷ്ടമാകുന്നത് വിഷയത്തോടുള്ള താൽപര്യം കൊണ്ടല്ലെന്നും, മറിച്ച് ചരിത്രപഠനം ഘടനാപരമല്ലാത്തതും, അധ്യായനത്തിലെ ഗൗരവമില്ലായ്മ കൊണ്ടാണെന്നും വ്യക്തമാകും. വളരെ അലസമായും അശ്രദ്ധമായുമാണ് കുട്ടികൾ ചരിത്ര ക്ലാസിൽ ഇരിക്കുന്നത്.
സോഷ്യൽ മീഡിയയിൽ ഉടനീളം വലിയ ചർച്ചകൾക്ക് അഡോളസെൻസ് എന്ന ഈ സീരീസ് തുടക്കമിട്ടിട്ടുണ്ട്. ഒരു രക്ഷിതാവിന് കൗമാരക്കാരായ അവരുടെ കുട്ടികളോട് എങ്ങനെ ആശയവിനിമയം നടത്താനാകും. കുട്ടികളുമായി സംസാരിച്ച് അവരുടെ കാഴ്ചപ്പാട് മനസിലാക്കാൻ എത്രത്തോളം സാധിക്കുന്നുവെന്ന ചോദ്യവും ഈ സീരീസ് ഉയർത്തുന്നു.
ALSO READ; വെട്ടുന്നതിന് മുമ്പ് പടം കാണണം; മണിക്കൂറിൽ റെക്കോഡ് വിൽപനയുമായി എമ്പുരാൻ
എപ്പിസോഡ് 3-ൽ, സഹപാഠിയെ കൊലപ്പെടുത്തുന്ന സംഭവം നടന്ന് ഏഴ് മാസങ്ങൾക്ക് ശേഷം, കോടതി നിയോഗിച്ച സൈക്കോളജിസ്റ്റായ ബ്രയോണി ജാമിയുമായി സംസാരിക്കുന്നു. അവൻ ചെയ്ത കുറ്റകൃത്യത്തിന്‍റെ ഗൗരവം മനസിലായോ എന്നതാണ് അറിയാൻ ശ്രമിക്കുന്നത്. ചോക്ലേറ്റും സാൻഡ്‌വിച്ചുമൊക്കെ ജാമിയ്ക്ക് നൽകിക്കൊണ്ടാണ് സംസാരം. സ്ത്രീകളെക്കുറിച്ച് അവൻ എന്താണ് ചിന്തിക്കുന്നതെന്ന് ബ്രയോണി ജാമിയോട് ചോദിക്കുന്നു. അവൻ്റെ അച്ഛനുമായുള്ള ബന്ധത്തെക്കുറിച്ചും അവൻ്റെ മുത്തച്ഛനുമായുള്ള അച്ഛൻ്റെ ബന്ധത്തെക്കുറിച്ചും കൂടുതൽ വ്യക്തിപരമായ ചോദ്യങ്ങൾ ചോദിച്ച് ജാമിയുടെ മനസ് വായിച്ചെടുക്കാൻ ശ്രമിക്കുകയാണ് ബ്രയോണി.
അതിനുശേഷം പുരുഷത്വത്തെക്കുറിച്ചുള്ള അവൻ്റെ ധാരണയെക്കുറിച്ച് അവൾ ജാമിയോട് ചോദിക്കുന്നു. ഇരുവരും തമ്മിലുള്ള സംസാരത്തിനിടെ ജാമി അസ്വസ്ഥനാകുകയും പൊട്ടിത്തെറിക്കുകയും ചെയ്യുന്നുണ്ട്. ഈ സംസാരത്തിലൂടെ സ്ത്രീകളോട് വളരെ വികലമായ കാഴ്ചപ്പാടാണ് ജാമിയ്ക്ക് ഉള്ളതെന്ന് ബ്രയോണിയ്ക്ക് മനസിലായി. ഓൺലൈനിൽ എളുപ്പത്തിൽ ലഭ്യമാകുന്ന സ്ത്രീവിരുദ്ധവും അതി-ലൈംഗികവുമായ ഉള്ളടക്കമാണ് ഇത്തരമൊരു മാനസികാവസ്ഥയിലേക്ക് ജാമിയെ എത്തിച്ചതെന്നും വ്യക്തമാകുന്നുണ്ട്.
കൗമാരക്കാരായ കുട്ടികളുടെ മാതാപിതാക്കൾ ഏറെ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണിത്. ജാമിയുടെ കാഴ്ചപ്പാട് ഒന്നോ രണ്ടോ ദിവസം കൊണ്ട് രൂപപ്പെട്ടതല്ല. അവൻ ഓൺലൈനിൽ എന്താണ് കാണുന്നത്, അതിൽ നിന്ന് അവൻ എന്താണ് മനസിലാക്കുന്നത് എന്നതനുസരിച്ച് ഇത് വർഷങ്ങളായി രൂപപ്പെട്ടതാണ്. വളരെ ചെറുപ്പം മുതലേ കുട്ടിയുമായി തുറന്ന സംസാരങ്ങൾ നടത്തുന്നത് അനാരോഗ്യകരമായ സ്വാധീനങ്ങളുടെ ആദ്യകാല സൂചനകൾ തിരിച്ചറിയാനും അവയെ കൂടുതൽ ഫലപ്രദമായി നേരിടാനും മാതാപിതാക്കളെ സഹായിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here