
കോട്ടയം മെഡിക്കല്‍ കോളേജില്‍ തകര്‍ന്നുവീണ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും പുറത്തെടുത്ത സ്ത്രീ മരിച്ചു. തലയോലപ്പറമ്പ് സ്വദേശിയായ ബിന്ദു (52) ആണ് മരിച്ചത്. ഭർത്താവ് മൃതദേഹം തിരിച്ചറിഞ്ഞു. ഇന്ന് രാവിലെയാണ് ഏറെ കാലമായി അടച്ചിട്ടിരുന്ന കാലപഴക്കമുള്ള കെട്ടിടത്തിന്‍റെ ശുചിമുറി ഭാഗം ഇടിഞ്ഞത്. രണ്ട് പേർക്ക് സംഭവത്തിൽ നിസാര പരുക്കേറ്റിരുന്നു.
ഇന്ന് രാവിലെയോടെയാണ് കോട്ടയം മെഡിക്കൽ കോളേജിലെ ഉപയോഗിക്കാതെ ഉപേക്ഷിച്ചിട്ടിരുന്ന പതിന്നാലാം വാർഡ് കെട്ടിടം തകർന്നുവീണത്. നാളുകളായി അടച്ചിട്ടിരുന്ന കാലപഴക്കമുള്ള കെട്ടിടത്തിന്‍റെ ശുചിമുറി ഭാഗമാണ് ഇടിഞ്ഞത്. ഈ സമയം ഇവിടെയുണ്ടായിരുന്ന ബിന്ദു ഉൾപ്പടെ രണ്ടുപേർ അപകടത്തിൽപ്പെടുകയായിരുന്നു. ഒരാൾ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ആരോഗ്യ മന്ത്രി വീണാ ജോർജ്, മന്ത്രി വി എൻ വാസവൻ എന്നിവർ ഉടൻ സംഭവ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
വയനാട് മീനങ്ങാടി സ്വദേശി അലീന വിൻസൻറ് (11) നാണ് പരുക്കേറ്റത്. ശസ്ത്രക്രിയ കഴിഞ്ഞ് പത്താം വാർഡിൽ ചികിത്സയിൽ കഴിയുന്ന മുത്തശ്ശി ത്രേസ്യാമ്മയുടെ കൂടെ ബൈ സ്റ്റാൻഡറായി നിൽക്കുകയായിരുന്ന അലീന. പരുക്ക് ഗുരുതരമല്ലെന്നാണ് ഡോക്ടർമാർ അറിയിച്ചത്. രോഗികളെ ഒഴിപ്പിക്കുന്നതിനിടെ ക്വാഷ്വാലിറ്റി ജീവനക്കാരൻ അമൽ പ്രദീപിന് ട്രോളി വന്നിടിച്ച് നിസാര പരിക്കേറ്റു.
10 , 11 , 14 വാർഡുകളിലും പരിസരങ്ങളിലുമുണ്ടായിരുന്ന രോഗികളെയും കൂട്ടിരിപ്പുകാരെയും സംഭവം നടന്ന് ഉടൻ ഒഴിപ്പിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here