
ഐപിഎൽ 2026 സീസണിൽ ആദ്യ മത്സരത്തിലെ വിജയത്തിന് ശേഷം തുടർച്ചയായ മൂന്നാം മത്സരത്തിലും തോൽവി വഴങ്ങിയിരിക്കുകയാണ് അഞ്ചു തവണ ചാമ്പ്യന്മാരായിട്ടുള്ള മുംബൈ ഇന്ത്യൻസ്. ഒടുവിലായി ഇന്നലെ സ്വന്തം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടീം ബെംഗളുരുവിനോട് 18 റൺസിന് തോറ്റു. മത്സരത്തിൽ ജയിക്കാൻ 241 റൺസ് വേണ്ടിയിരുന്ന ടീമിനു വേണ്ടി റുഥർഫോർഡ് പുറത്താകാതെ 71 റൺസ് എടുത്ത് പൊരുതിയെങ്കിലും ആതിഥേയർ 222/5 എന്ന സ്‌കോറിൽ ഒതുങ്ങി.
ടീമിന് ഇനിയും തിരിച്ചുവരാൻ സാധിക്കുമെങ്കിലും നിലവിലെ ലക്ഷണം അത്ര മികച്ചതല്ല. ടീമിനെ പ്രധാനമായും അലട്ടുന്നത് ബൗളർമാർ, പ്രത്യേകിച്ച് ജസ്പ്രീത് ബുമ്രയുടെ ഫോം ആണ്. ലീഗിലെ ഏറ്റവും മികച്ച ബൗളിംഗ് നിരയെന്നും ഏതു ചെറിയ സ്കോറും പ്രതിരോധിക്കുന്ന വരെന്നുമുള്ള പേര് പഴങ്കഥയായി കഴിഞ്ഞു. ഇതിൽ ഏറ്റവും പ്രധാനം ബുമ്രയുടെ വിക്കറ്റ് ക്ഷാമം ആണ്. ഏതാനും ആഴ്‌ചകൾ മാത്രം മുൻപ് ലോകകപ്പ് ഫൈനലിൽ പ്ലയെർ ഓഫ് ദി മാച്ചായ താരത്തിന് ഈ സീസണിൽ ഇതുവരെ വിക്കറ്റ് ഒന്നും നേടാൻ ആയിട്ടില്ല. സാധാരണയായി പവർപ്ലേയും ഡെത്ത് ഓവറുകളും നിയന്ത്രിക്കുന്ന മുംബൈയുടെ മുഖ്യ ആയുധമായ ബുമ്രയുടെ ഈ ഫോമില്ലായ്മ ടീമിന്റെ തന്ത്രങ്ങളെ തന്നെ ബാധിച്ചിരിക്കുകയാണ്.
Also Read: വാങ്കഡെയിൽ റൺമഴ! ബെംഗളുരുവിനെതിരെ മുംബൈയ്ക്ക് 241 റൺസ് വിജയലക്‌ഷ്യം
പക്ഷെ പ്രശ്നം ബുമ്രയുടെ പ്രകടനത്തിലൊതുങ്ങുന്നില്ല. മറ്റു ബൗളർമാരിൽ നിന്ന് ആവശ്യമായ പിന്തുണ ലഭിക്കാത്തതും ടീമിന്റെ ബൗളിംഗ് യൂണിറ്റിന്റെ സമഗ്ര പരാജയവും അവസ്ഥ വഷളാക്കുന്നു. നിർണായക ഘട്ടങ്ങളിൽ വിക്കറ്റ് കണ്ടെത്താൻ കഴിയാത്തതും റൺ നിയന്ത്രണത്തിലെ പാളിച്ചകളും തുടർച്ചയായ തോൽവികൾക്ക് വഴിയൊരുക്കുകയാണ്. പ്ലേഓഫ് പ്രതീക്ഷകൾ നിലനിർത്താൻ മുംബൈ ഇന്ത്യൻസ് ബൗളിംഗ് യൂണിറ്റ് ഉടൻ തന്നെ മെച്ചപ്പെടുത്തേണ്ട സാഹചര്യം നിലവിലുണ്ട്. ബുമ്രയുടെ ഫോമിലേക്ക് മടങ്ങിവരവും മറ്റ് ബൗളർമാരുടെ പിന്തുണയും ടീമിന്റെ മുന്നേറ്റത്തിന് നിർണായകമാകും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

