
കഴിഞ്ഞ ഏതാനും ആഴ്ചകളായി മുൻനിരയിൽ നിന്ന് രോഗികൾക്ക് ആശ്വാസമേകിയവർ. ശനിയാഴ്ച വൈകുന്നേരം അവർ വീണ്ടും ഒത്തുകൂടിയപ്പോൾ ലക്ഷ്യം ചികിത്സയായിരുന്നില്ല, മറിച്ച് ഒരു സ്പോർട്സ് മൈതാനത്ത് ഒരേ ബാനറിന് കീഴിൽ അണിനിരന്ന് യുഎഇയോടുള്ള തങ്ങളുടെ സ്നേഹവും ഐക്യദാർഢ്യവും ലോകത്തെ അറിയിക്കുക എന്നതായിരുന്നു. ഫിലിപ്പൈൻസ്, ഇന്ത്യ, യുണൈറ്റഡ് കിങ്ഡം തുടങ്ങി ലോകമെമ്പാടുമുള്ള 64 രാജ്യങ്ങളിൽ നിന്നുള്ള മുൻനിര ആരോഗ്യപ്രവർത്തകരെ അണിനിരത്തി ഏറ്റവുമധികം രാജ്യക്കാർ ചേർന്ന് ഉയർത്തിയ ബാനർ’ എന്ന ഗിന്നസ് ലോക റെക്കോർഡാണ് പ്രമുഖ മലയാളി ആരോഗ്യസംരംഭകൻ ഡോ. ഷംഷീർ വയലിലിന്റെ നേതൃത്വത്തിലുള്ള ബുർജീൽ ഹോൾഡിങ്സ് സ്വന്തമാക്കിയത്. 2019-ൽ ദുബായിൽ സ്ഥാപിക്കപ്പെട്ട 58 രാജ്യക്കാരുടെ റെക്കോർഡാണ് ഇതോടെ തിരുത്തപ്പെട്ടത്.
ദേശീയ പതാക ഉയർത്താനും ഐക്യം ശക്തിപ്പെടുത്താനുമുള്ള യുഎഇ നേതൃത്വത്തിന്റെ ആഹ്വാനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് വെറും 48 മണിക്കൂറിനുള്ളിലാണ് ഈ ബൃഹത്തായ പരിപാടി സംഘടിപ്പിച്ചത്. പ്രത്യേക സാഹചര്യങ്ങൾ മാറി രാജ്യം സാധാരണ നിലയിലേക്ക് മടങ്ങിയ ശേഷം മേഖലയിൽ നടക്കുന്ന ആദ്യത്തെ റെക്കോർഡ് ബ്രേക്കിംഗ് പരിപാടിയാണിത്. അബുദാബി സ്പോർട്സ് കൗൺസിലുമായി സഹകരിച്ച് സംഘടിപ്പിച്ച വാർഷിക കായിക മേളയായ ‘ബുർജീൽ ഗെയിംസി’ന്റെ സമാപന ചടങ്ങിലായിരുന്നു വിസ്മയിപ്പിക്കുന്ന ഈ പ്രകടനം.
റെക്കോർഡിന് അർഹമായ 64 രാജ്യങ്ങളിൽ നിന്നുള്ളവർ ഉൾപ്പെടെ ആകെ 153 പേരാണ് ഈ ഉദ്യമത്തിൽ പങ്കാളികളായത്. അബുദാബി ഹുദൈരിയത്ത് ദ്വീപിലെ മൈതാനത്ത് മഴയെപ്പോലും അവഗണിച്ച്, 85 മീറ്റർ നീളവും 200 കിലോഗ്രാമിലധികം ഭാരവുമുള്ള കൂറ്റൻ ബാനർ ഉയർത്തിപ്പിടിച്ച് ആരോഗ്യ പ്രവർത്തകരുടെ സംഘം 100 മീറ്ററിലധികം ദൂരം നടന്നു. “നമ്മുടെ രാഷ്ട്രം, നമ്മുടെ ഹൃദയമിടിപ്പ്” എന്ന പ്രമേയത്തിലായിരുന്നു ഈ ഐക്യദാർഢ്യ പ്രകടനം.
യുഎഇയുടെ കരുത്തിന്റെയും വൈവിധ്യത്തിന്റെയും പ്രതിഫലനമാണ് ഈ റെക്കോർഡെന്ന് ബുർജീൽ ഹോൾഡിംഗ്സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ പറഞ്ഞു. “ഒരു ദർശനത്തിന് കീഴിൽ ഒട്ടനവധി സംസ്കാരങ്ങളെ ഒന്നിപ്പിക്കുന്ന രാജ്യമാണ് യുഎഇ. കഴിഞ്ഞ ആഴ്ചകളിൽ വെല്ലുവിളികൾ നിറഞ്ഞ സാഹചര്യങ്ങളിൽ സമൂഹത്തെ സേവിച്ച അതേ ആവേശത്തോടെയാണ് ഞങ്ങളുടെ ടീം ഈ റെക്കോർഡ് നേട്ടത്തിനായി ഒത്തുചേർന്നത്. ഈ രാജ്യത്തെ സ്വന്തം വീടായി കാണുന്നവരുടെ ഐക്യത്തിന്റെ വിളംബരമാണിത്,” അദ്ദേഹം കൂട്ടിച്ചേർത്തു.
ALSO READ: ആക്രമണം അവസാനിപ്പിക്കാൻ ഇറാന് പണം നൽകിയെന്ന പ്രചാരണം തെറ്റെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം
റെക്കോർഡിലെ മലയാളി സാന്നിധ്യം
ബുർജീൽ ഹോൾഡിംഗ്സിന്റെ ഈ ചരിത്രനേട്ടത്തിൽ യുഎഇയുടെ ആരോഗ്യമേഖലയിൽ നിർണ്ണായക പങ്ക് വഹിക്കുന്ന മലയാളി ഡോക്ടർമാരും നഴ്സുമാരും മറ്റ് ആരോഗ്യപ്രവർത്തകരും പങ്കാളികളായി. “ഞങ്ങളെ പോലുള്ള എല്ലാവർക്കും യുഎഇ മറ്റൊരു വീടാണ്. എല്ലാ ദിവസവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സഹപ്രവർത്തകരോടൊപ്പമാണ് ഞങ്ങൾ ജോലി ചെയ്യുന്നത്. ആ വൈവിധ്യം ഏറ്റവും ശക്തമായ രീതിയിൽ കണ്ടത് ഇന്നാണ്,” റെക്കോർഡിൽ പങ്കാളികളായ മലയാളി ആരോഗ്യപ്രവർത്തകർ പറഞ്ഞു.
ഔദ്യോഗിക ഗിന്നസ് വേൾഡ് റെക്കോർഡ് അഡ്ജുഡിക്കേറ്റർ റാഫത്ത് തൗഫീക് നേരിട്ടെത്തിയാണ് വിജയം സ്ഥിരീകരിച്ചത്. രണ്ടായിരത്തി അഞ്ഞൂറിലധികം പേർ പങ്കെടുത്ത ബുർജീൽ ഗെയിംസ് ഫെബ്രുവരി 28-ന് സമാപിക്കേണ്ടതായിരുന്നുവെങ്കിലും, പ്രാദേശിക സാഹചര്യങ്ങൾ കണക്കിലെടുത്ത് മാറ്റി വയ്ക്കുകയായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

