
കാട്ടുതീയിൽ ഓസ്ട്രേലിയിയലെ തീരദേശപട്ടണങ്ങളിലെ വീടുകൾ കത്തിനശിച്ചു. ടാസ്മാനിയയിലാണ് 30ലധികം വീടുകൾ കാട്ടുതീയിൽ കത്തിനശിച്ചത്. സംസ്ഥാന തലസ്ഥാനമായ ഹൊബാർട്ടിൽ നിന്നും 105കി മി വടക്ക് കിഴക്ക് സ്ഥിതിചെയ്യുന്ന തീരപ്രദേശ പട്ടണമായ ഡോൾഫിൻ സാൻഡ്സിൽ ഞായറാഴ്ച്ച രാത്രിയുണ്ടായ തീപിടിതത്തിൽ 19 വീടുകൾ നശിക്കുകയും, 14 വീടുകൾക്ക് കേടുപാട് സംഭവിക്കുകയും ചെയ്തു.
മാറ്റിപാർപ്പിച്ച പ്രദേശവാസികൾ തിരികെയെത്തുന്നത് സുരക്ഷിതമല്ലെന്ന് അധികൃതർ അറിയിച്ചു. ഗ്യാരേജുകൾ, ഔട്ട്ബ്രിജുകൾ, മറ്റ് വൈദ്യുതി അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങി 120ലധികം ആസ്തികൾക്ക് കേടുപാട് സംഭവിച്ചതായി ടാസ്മാനിയ ഫയർ ആൻഡ് റെസ്ക്യു സർവീസ് കമ്മീഷണർ ജർമി സ്മിത്ത് മാധ്യമങ്ങളെ അറിയിച്ചു.
തിങ്കളാഴ്ച്ച രാത്രിതന്നെ തീ നിയന്തണവിധേയമായെങ്കിലും മണിക്കൂറിൽ 100 കി മി വേഗത്തിൽ കാറ്റുവീശുന്നതിനാൽ പ്രദേശവാസികൾ തിരികെ വീടുകളിൽ പോകുന്നത് സുരക്ഷിതമല്ലെന്ന് ഫയർ ആൻഡ് റെസ്ക്യു സർവീസസ് അറിയിച്ചു. അപകടകരമായി നിൽക്കുന്ന മരങ്ങൾ, കേടുപാടുകൾ സംഭവിച്ച മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവമൂലം അപകടങ്ങൾ സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്.
കാട്ടുതീയിൽ ബാധിക്കപ്പെട്ടവർക്ക് വേണ്ടി ആഹാരം, വസ്ത്രങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ കൃത്യമായി ലഭിക്കുന്നു എന്ന് അധികൃതർ ഉറപ്പ് വരുത്തുന്നതായും അറിയിച്ചു.
തീപിടിതത്തിന്റെ കാരണം അന്വഷിക്കുകയാണെന്ന് അന്താരാഷ്ട്ര വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള വേനൽക്കാലങ്ങളിൽ കാട്ടുതീ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

