മഹാരാഷ്ട്രയില്‍ 66 ബില്യണ്‍ ഡോളര്‍ നിക്ഷേപവുമായി അദാനി ഗ്രൂപ്പ്; പുതുതലമുറയ്ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളും പദ്ധതിയില്‍

ADANI GROUPS

മഹാരാഷ്ട്രയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 66 ബില്യൺ ഡോളറിന്‍റെ നിക്ഷേപ പദ്ധതി അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ചു. വ്യോമയാനം, ശുദ്ധമായ ഊർജം, നഗര അടിസ്ഥാന സൗകര്യങ്ങൾ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ, നൂതന ഉൽപ്പാദനം എന്നിവ ഉൾക്കൊള്ളുന്ന ബ്ലൂ പ്രിന്‍റാണ് ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറം വാർഷിക യോഗത്തിൽ അദാനി ഗ്രൂപ്പ് അവതരിപ്പിച്ചത്.

വന്‍ തോതിലുള്ള നഗര പരിവർത്തനവും അടുത്ത തലമുറയ്ക്കാവശ്യമായ അടിസ്ഥാന സൗകര്യ പദ്ധതികളുമാണ് നിർദ്ദിഷ്ട നിക്ഷേപങ്ങള്‍ ലക്ഷ്യമിടുന്നത്. ഊർജ പരിവർത്തനം, സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള അനുകൂല സാഹചര്യം, ഉൽപ്പാദന സ്വാശ്രയത്വം എന്നിവയിൽ ഇന്ത്യയുടെ മുൻഗണനകളുമായി യോജിപ്പിച്ച് ഭാവിക്ക് പ്രയോജനപ്രദമായ പദ്ധതികളാണ് ബ്ലൂ പ്രിന്‍റിലുള്ളത്. ഏഷ്യയിലെ ഏറ്റവും വലിയ കോളനിയായിരുന്ന ധാരാവിയുടെ പുനർവികസനവും ഇതിൽ ഉൾപ്പെടുന്നു.

നിക്ഷേപങ്ങളുടെ വ്യാപ്തിയും മേഖല തിരിച്ചുള്ള നിക്ഷേപവും വിശദീകരിച്ച അദാനി എന്റർപ്രൈസസ് ഡയറക്ടർ പ്രണവ് അദാനി പദ്ധതി പൂര്‍ത്തീകരിക്കുമെന്ന് ചൂണ്ടിക്കാട്ടി. 3,000 മെഗാവാട്ട് സംയോജിത ശേഷിയുള്ള ഹരിത, സംയോജിത ഡാറ്റാ സെന്‍റർ പാർക്കുകൾ, വിമാനത്താവളത്തിനടുത്തുള്ള സംയോജിത അരീന ഡിസ്ട്രിക്റ്റ്, കൽക്കരി ഗ്യാസിഫിക്കേഷൻ സൗകര്യങ്ങൾ, 8,700 മെഗാവാട്ട് പമ്പ്-സ്റ്റോറേജ് ജലവൈദ്യുത പദ്ധതികൾ, സ്വകാര്യ പങ്കാളിത്തത്തിനായുള്ള സർക്കാരിന്‍റെ വികസിത ചട്ടക്കൂടിന് അനുസൃതമായി നിർദ്ദിഷ്ട സെമികണ്ടക്ടർ, ഡിസ്പ്ലേ ഫാബ്രിക്കേഷൻ യൂണിറ്റുകൾ എന്നിവ അധിക പദ്ധതികളിൽ ഉൾപ്പെടുമെന്നും പ്രണവ് അദാനി അറിയിച്ചു.

ALSO READ: ട്രംപ് പ്രഖ്യാപിച്ച ‘ബോ‌ർഡ് ഓഫ് പീസിൽ’ നിന്നും ഇന്ത്യ വിട്ട് നിൽക്കണം; ഇടത് പാർട്ടികൾ

ആസ്തി സൃഷ്ടിയിൽ നിന്ന് ആവാസവ്യവസ്ഥയുടെ നിർമ്മാണത്തിലേക്കുള്ള പരിവർത്തനത്തിന് ഈ നിക്ഷേപങ്ങൾ അടിവരയിടുന്നുവെന്നും അദാനി ഗ്രൂപ്പ് അറിയിച്ചു. മഹാരാഷ്ട്രയിലേക്ക് നിക്ഷേപം കൊണ്ടുവരുന്ന ഏതൊരു നിക്ഷേപകനെയും സ്വാഗതം ചെയ്യുമെന്ന് സാമ്പത്തിക ഫോറത്തില്‍ പങ്കെടുത്ത മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. തൊഴിലവസരങ്ങൾ വര്‍ധിക്കണമെങ്കില്‍ കൂടുതല്‍ നിക്ഷേപം അനിവാര്യമാണെന്നും ഫഡ്നാവിസ് പറഞ്ഞു.

ഡിസംബർ 25 ന് പ്രവർത്തനം ആരംഭിച്ച ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രീൻഫീൽഡ് വിമാനത്താവളങ്ങളിലൊന്നായ നവി മുംബൈ ഇന്‍റർനാഷണൽ എയർപോർട്ടിന്‍റെ നേതൃത്വത്തിൽ, നവി മുംബൈ പ്രധാന വളർച്ചാ കേന്ദ്രമായി മാറുമെന്നാണ് അദാനി ഗ്രൂപ്പിന്‍റെ പ്രതീക്ഷ. ലോജിസ്റ്റിക്സ്, ഹോസ്പിറ്റാലിറ്റി, വാണിജ്യ വികസനം തുടങ്ങിയവയുടെ പുരോഗതിക്കൊപ്പം മുംബൈ മെട്രോപൊളിറ്റൻ മേഖലയുടെ വ്യോമയാന ശേഷി വികസിപ്പിക്കാനും പുതിയ വിമാനത്താവളം വഴിയൊരുക്കുന്നുണ്ടന്നും അദാനി ഗ്രൂപ്പ് സാമ്പത്തിക ഫോറത്തില്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News