
ടാറ്റ ഗ്രൂപ്പിന്റെ കീഴിലുള്ള എയർ ഇന്ത്യ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കെന്ന് റിപ്പോർട്ടുകൾ. നടപ്പ് സാമ്പത്തിക വർഷം കമ്പനി ഏകദേശം 15,000 കോടി രൂപയുടെ റെക്കോർഡ് അറ്റനഷ്ടം രേഖപ്പെടുത്തിയേക്കുമെന്നാണ് കണക്കാക്കുന്നത്. വിമാനാപകടങ്ങളും ഭൗമരാഷ്ട്രീയ സംഘർഷങ്ങളും സൃഷ്ടിച്ച ആഘാതമാണ് കമ്പനിയുടെ സാമ്പത്തിക ഭദ്രത തകർത്തത്.
ഇന്ത്യയുമായുള്ള സൈനിക തർക്കങ്ങളെത്തുടർന്ന് പാകിസ്ഥാൻ തങ്ങളുടെ വ്യോമപാത അടച്ചതോടെ, യൂറോപ്പിലേക്കും അമേരിക്കയിലേക്കുമുള്ള വിമാനങ്ങൾക്ക് ദീർഘദൂര പാതകൾ തിരഞ്ഞെടുക്കേണ്ടി വന്നത് ഇന്ധനച്ചെലവ് ക്രമാതീതമായി വർദ്ധിപ്പിച്ചു. ഇതോടൊപ്പം വിമാനങ്ങൾ റദ്ദാക്കുന്നതും വൈകുന്നതും യാത്രക്കാർക്കിടയിൽ കമ്പനിയുടെ വിശ്വാസ്യത കുറയാൻ കാരണമായിട്ടുണ്ട്.
ALSO READ : ഡീസൽ കാറുകളെ ഉപേക്ഷിക്കുന്നുവോ? മൈലേജ് രാജാവിനെ കൈയൊഴിയുന്നത് എന്ത് കൊണ്ട്?
കമ്പനിയെ കരകയറ്റാൻ മാനേജ്‌മെന്റ് സമർപ്പിച്ച അഞ്ചുവർഷത്തെ പുനരുദ്ധാരണ പദ്ധതി എയർ ഇന്ത്യ ബോർഡ് തള്ളിയതും നിലവിലെ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു. മൂന്നാം വർഷത്തിൽ ലാഭം പ്രതീക്ഷിക്കുന്ന പദ്ധതിക്ക് പകരം കൂടുതൽ വേഗത്തിലുള്ള തിരിച്ചുവരവാണ് ബോർഡ് ആവശ്യപ്പെടുന്നത്. ഇതേത്തുടർന്ന് നിലവിലെ സിഇഓ ക്യാമ്പ്‌ബെൽ വിൽസണ് പകരം പുതിയ നേതൃത്വത്തെ കണ്ടെത്താനുള്ള ശ്രമങ്ങൾ ടാറ്റ ഗ്രൂപ്പ് ഊർജ്ജിതമാക്കിയിട്ടുണ്ട്.
2024-ൽ വിസ്താരയെ ലയിപ്പിച്ചതോടെ എയർ ഇന്ത്യയിൽ 25.1 ശതമാനം ഓഹരിയുള്ള സിങ്കപ്പൂർ എയർലൈൻസിനെയും കമ്പനിയുടെ മോശം പ്രകടനം ബാധിച്ചിട്ടുണ്ട്. വ്യോമയാന മേഖലയിലാകെ അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിൽ, സാമ്പത്തിക അച്ചടക്കവും യാത്രക്കാരുടെ സുരക്ഷയും ഉറപ്പാക്കി എയർ ഇന്ത്യയെ എങ്ങനെ പഴയ പ്രതാപത്തിലേക്ക് തിരികെ എത്തിക്കാം എന്ന വലിയ വെല്ലുവിളിയാണ് ടാറ്റ ഗ്രൂപ്പിന് മുന്നിലുള്ളത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

