സംസ്ഥാനത്ത് ജി എസ് ടി രജിസ്‌ട്രേഷൻ ഡ്രൈവ് ആരംഭിച്ചു

GST registration drive

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ചരക്ക് സേവന നികുതി വകുപ്പ് സംഘടിപ്പിക്കുന്ന ജിഎസ് ടി രജിസ്‌ട്രേഷൻ ഡ്രൈവ് ആരംഭിച്ചു. കൂടുതൽ വ്യാപാരികളെ ജിഎസ്ടി സംവിധാനത്തിൻറെ പരിധിയിലേക്ക് കൊണ്ടുവരുന്നതിനും, ജിഎസ്ടി റിട്ടേണുകൾ ഫയൽ ചെയ്യുന്നത് വർദ്ധിപ്പിക്കുന്നതിനും വേണ്ടി സംസ്ഥാന തലത്തിൽ ക്യാമ്പയിനുകൾ സംഘടിപ്പിക്കുമെന്ന് സംസ്ഥാന ബഡ്ജറ്റ് 2025-2026 ൽ ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ പ്രഖ്യാപിച്ചിരുന്നു.

40 ലക്ഷത്തിന് മേൽ വാർഷിക വിറ്റുവരവുള്ള, ചരക്കുകൾ മാത്രം കൈകാര്യം ചെയ്യുന്ന വ്യാപാരികളും, ബിസിനസിൽ സേവനം കൂടി ഉൾപ്പെടുന്നുണ്ടെങ്കിൽ 20 ലക്ഷത്തിന് മേൽ വാർഷിക വിറ്റുവരവുള്ള ബിസിനസുകാരും നിയമപ്രകാരം നിർബന്ധമായും ജിഎസ്ടി രജിസ്‌ട്രേഷൻ എടുക്കണം. ഇത് കൂടാതെ ചരക്ക് സേവന നികുതി നിയമം സെക്ഷൻ 24 ൽ പരാമർശിച്ചിരിക്കുന്ന പ്രത്യേക സാഹചര്യത്തിൽ ഉൾപ്പെടുന്ന വ്യാപാരികൾ വിറ്റ് വരവ് പരിധി കണക്കാക്കാതെ തന്നെ രജിസ്‌ട്രേഷൻ എടുക്കേണ്ടതാണ്.

ALSO READ; സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ തീയതിയിൽ മാറ്റം, പരിപാടി നടക്കുക ഈ തീയതികളിൽ

രജിസ്‌ട്രേഷൻ എടുക്കുന്നത് മൂലം വ്യാപാരത്തിന് നിയമപരമായ അംഗീകാരം ലഭിക്കുന്നതോടൊപ്പം, ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റിനുള്ള അർഹതയും, വിപണിയിൽ വളർച്ചയ്ക്കുള്ള വലിയ അവസരങ്ങളും, മറ്റ് ആനുകൂല്യങ്ങളും ഉറപ്പാക്കുന്നു. രജിസ്‌ട്രേഷൻ ഡ്രൈവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഫീൽഡ് സർവേയ്ക്കായി ഉദ്യോഗസ്ഥരുടെ പ്രത്യേക സംഘം വ്യാപാര സ്ഥാപനങ്ങളിൽ നേരിട്ട് സന്ദർശനം നടത്തും. പൂർണ്ണമായും ഓൺലൈൻ സംവിധാനമാണ് ജിഎസ്ടി രജിസ്‌ട്രേഷൻ എടുക്കുവാനായി ഏർപ്പെടുത്തിയിരിക്കുന്നത്.

www.gst.gov.in എന്ന വെബ് സൈറ്റ് സന്ദർശിച്ച് രജിസ്‌ട്രേഷനാവശ്യമായ വിവരങ്ങൾ, ബന്ധപ്പെട്ട രേഖകളുടെ സ്‌കാൻ ചെയ്ത പകർപ്പുകൾ സഹിതം ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഈ അപേക്ഷയിൽ ആധാർ ഓതെന്‍റിക്കേഷൻ ഓപ്റ്റ് ചെയ്ത് വിജയകരമായി പൂർത്തിയാക്കുകയും ചെയ്താൽ സമയബന്ധിതമായി ജിഎസ്ടി രജിസ്‌ട്രേഷൻ ലഭ്യമാകും.

ALSO READ; അനില്‍ അംബാനിയുടെ 3,000 കോടി രൂപയുടെ സ്വത്തുക്കള്‍ ഇ ഡി കണ്ടുകെട്ടി

ജിഎസ്ടി രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് വ്യാപാരികൾക്ക് ഉണ്ടാകുന്ന സംശയ നിവാരണത്തിനായി സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഹെല്പ് ഡെസ്‌കുകൾ സജ്ജീകരിച്ചിട്ടുണ്ട്. ജിഎസ്ടി രജിസ്‌ട്രേഷൻ ഡ്രൈവുമായി ബന്ധപ്പെട്ട് വ്യാപാര / സേവന സ്ഥാപനങ്ങളിൽ എത്തുന്ന ഉദ്യോഗസ്ഥരുമായി എല്ലാ വ്യാപാരികളും സഹകരിക്കണമെന്ന് സംസ്ഥാന ചരക്ക് സേവന നികുതി കമ്മീഷണർ അഭ്യർത്ഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News