
ഫിനാൻസിൽ ലോകത്തെ ഏറ്റവും ഉന്നത സ്ഥാപനമായി അറിയപ്പെടുന്ന കമ്പനിയാണ് ഗോൾഡ്മാൻ സാക്സ് ഇൻവെസ്റ്റ്മെന്‍റ് ബാങ്ക്. സാമ്പത്തിക മേഖലയിൽ ജോലി ആഗ്രഹിക്കുന്നവരുടെ ‘ഡ്രീം കമ്പനി’ കൂടിയാണിത്. എന്നാൽ ഇവിടെ കയറിപ്പറ്റുക അത്ര എളുപ്പമല്ല. 2025 ലെ ഇന്റേൺഷിപ്പ് പ്രോഗ്രാമിന് അപേക്ഷിച്ചവരിൽ 0.7% മാത്രമാണ് ഗോൾഡ്മാൻ സാക്സ് ജോലിക്കെടുത്തത്. ഈ പശ്ചാത്തലത്തിൽ തന്റെ ഗോൾഡ്മാൻ സാക്സ് അനുഭവം ഒരു ഇന്ത്യൻ വംശജൻ ടിക്‌ടോക്കിലൂടെ പങ്കുവച്ചതാണ് ഇപ്പോൾ വൈറൽ ആകുന്നത്.
‘Acquisition.com’ ന്‍റെ പ്രസിഡന്റും മുൻ വെൽത്ത് മാനേജരുമായ ഷാരൻ ശ്രീവാസ്തവയാണ് തന്‍റെ കരിയറിന്റെ തുടക്കത്തിൽ ഗോൾഡ്മാൻ സാക്സിൽ ജോലിക്ക് അപേക്ഷിച്ചപ്പോഴുണ്ടായ രസകരമായ അനുഭവം വിവരിച്ചത്. ജോലിക്ക് അപേക്ഷിച്ചത് മുതൽ 39 അഭിമുഖങ്ങളെയാണ് ശ്രീവാസ്തവക്ക് നേരിടേണ്ടി വന്നത്. ഓരോ അഭിമുഖം നടത്താനും ഓരോ ആൾക്കാരാണ് വന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. 38 പേരോടും പടവെട്ടി ജയിച്ച് അവസാനത്തെ ആളിലെത്തിയപ്പോഴുണ്ടായ വിചിത്രമായ അനുഭവവും അദ്ദേഹം പങ്കുവച്ചു.
‘ഏറ്റവും ഉയർന്ന മാനേജിങ് ഡയറക്ടർ റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥൻ റൂമിലേക്ക് ഒരു കയ്യിൽ ഒരു ബൈൻഡറും പിടിച്ചു കയറിവന്നു. അദ്ദേഹം എന്നെ ഒരു ഹോട്ട് ഷോട്ടെന്നാണ് (മികച്ച യോഗ്യതകൾ ഉള്ള വിദഗ്ധനായ വ്യക്തി) വിളിച്ചത്. താങ്കളെ പോലെയുള്ള ഹോട്ട് ഷോട്ടുകളെ ഒരുപാട് കണ്ടിട്ടുണ്ടെന്നും ഞാനിപ്പോൾ പറയുന്ന ഈ കാര്യം ചെയ്യാൻ താങ്കളെ കൊണ്ട് പറ്റുമോ എന്ന് നോക്കട്ടെയെന്നുമാണ് അദ്ദേഹം പറഞ്ഞത്’ – ശ്രീവാസ്തവ ഓർത്തെടുത്തു.
ബൈൻഡറിൽ ഉണ്ടായിരുന്ന പ്രധാനപ്പെട്ട വ്യക്തികളുടെ നമ്പറുകളിൽ നിന്നും ഒന്ന് തെരഞ്ഞെടുത്ത് എംഡിയുമായി ഒരു മീറ്റിങ് സെറ്റ് ചെയ്യുക എന്നതായിരുന്നു അദ്ദേഹത്തിന് കിട്ടിയ ടാസ്ക്. എന്നാൽ മുമ്പ് വന്ന ഉദ്യോഗാർത്ഥികളെ പോലെ നിർദേശം കിട്ടിയ ഉടനെ ഫോണെടുത്ത് വിളിക്കാൻ ശ്രീവാസ്തവ തുനിഞ്ഞില്ല. പകരം അദ്ദേഹം ഇങ്ങനെ ചോദിച്ചു: ‘എനിക്ക് സന്തോഷമേയുള്ളൂ… പക്ഷെ വിളിക്കുമ്പോൾ പറയാനുള്ള വിവരങ്ങൾ അടങ്ങിയ ഒരു സ്ക്രിപ്റ്റോ മറ്റോ നിങ്ങളുടെ കൈവശം ഉണ്ടോ?’
ALSO READ; 2025 സാഹിത്യ നൊബേല്‍ ഹംഗേറിയന്‍ എഴുത്തുകാരന്‍ ലാസ്ലോ ക്രസ്‌നഹോർക്കൈക്ക്
ഇതുകേട്ട് ഒന്നും പറയാതെ എണീറ്റ എം ഡി ശ്രീവാസ്തവയുടെ കൈ പിടിച്ചു കുലുക്കി അഭിനന്ദനങ്ങൾ പറഞ്ഞ് മുറിയിൽ നിന്നും ഇറങ്ങി പോയി. വെറും 49 സെക്കന്റ് കൊണ്ട് ആ ഇന്റർവ്യൂ തീർന്നു. ജോലി കിട്ടിയതിന് ശേഷം പിന്നീട് അദ്ദേഹം എന്ത് കൊണ്ട് ശ്രീവാസ്തവയെ തെരഞ്ഞെടുത്തു എന്ന കാര്യം വിശദീകരിച്ചു. അതിനു മുമ്പ് വന്നിട്ടുള്ളവരെല്ലാം, ഉടൻ ഫോണെടുത്ത് തനിക്കിത് കൈകാര്യം ചെയ്യാനുള്ള അറിവും കഴിവുമുണ്ടെന്ന് കാണിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. ‘ഹേയ്, ഇവിടെ എന്തുചെയ്യണമെന്ന് എനിക്ക് എന്തെങ്കിലും മാർഗ്ഗനിർദ്ദേശം നൽകാമോ?’ എന്ന് ആദ്യമായി സഹായം ചോദിച്ചത് നിങ്ങൾ മാത്രമാണ്. കാര്യങ്ങൾ പറഞ്ഞുതന്ന് പരിശീലിപ്പിക്കാൻ പറ്റിയ വ്യക്തിയാണ് താങ്കളെന്ന് അതിൽ നിന്നും മനസിലായതായി അദ്ദേഹം വെളിപ്പെടുത്തിയതായി ശ്രീവാസ്തവ പറഞ്ഞു. 2007 ലാണ് ഗോൾഡ്മാൻ സാക്സിൽ ഇൻവെസ്റ്റ്മെന്റ് മാനേജരായി ശ്രീവാസ്തവ ജോലിയിൽ പ്രവേശിച്ചത്. 2010 വരെ താൻ കമ്പനിയിൽ തുടർന്നതായും അദ്ദേഹം വീഡിയോയിൽ വ്യക്തമാക്കി.
തിരിച്ചടികളിൽ നിന്ന് വേഗത്തിൽ കരകയറാൻ കഴിയുന്ന “ധൈര്യവും ദൃഢനിശ്ചയവും” ഉള്ള ഉദ്യോഗാർത്ഥികളെയാണ് കമ്പനി അന്വേഷിക്കുന്നതെന്നാണ് വിഷയത്തിൽ ഗോൾഡ്മാൻ സാച്ച്സ് സിഇഒ ഡേവിഡ് സോളമൻ പ്രതികരിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

