
ബീഫ് വരുമാനത്തിൽ ലോകത്ത് ആദ്യ അഞ്ചിൽ ഇടംപിടിച്ച് ഇന്ത്യ. പ്രതിവർഷം ഏകദേശം 3.8 ബില്യൺ ഡോളർ (ഏകദേശം 34,177 കോടി രൂപ) വിദേശനാണ്യം സമ്പാദിക്കുന്ന രാജ്യമാണ് ഇന്ത്യയെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. ബീഫ് ഇന്ത്യയിൽ ചൂടേറിയ വിഷയമാണ്. അടുക്കളയിൽ വേവുന്ന ആഹാരം വീട്ടിൽ അതിക്രമിച്ചു കയറി ബീഫ് ആണോ എന്ന് നോക്കി ആക്രമിക്കുന്ന ഉത്തരേന്ത്യയാണ് കയറ്റുമതിയിൽ പ്രധാനികൾ എന്നതാണ് ശ്രദ്ധേയമായ കാര്യം.
ഇന്ത്യയിലെ ബീഫ് കയറ്റുമതിയുടെ 60 ശതമാനവും ഉത്തർപ്രദേശിൽ നിന്നാണെന്നും കണക്കുകൾ പറയുന്നു. പശു സംരക്ഷണത്തിന്‍റെ പേരിൽ മനുഷ്യരെ വ്യാപകമായി തല്ലിക്കൊല്ലുന്ന, ബിജെപി ഭരിക്കുന്ന യുപി പ്രതിവർഷം ശതകോടികളാണ് ബീഫ് കയറ്റുമതിയിലൂടെ സമ്പാദിക്കുന്നത്.
മഹാരാഷ്ട്ര, പഞ്ചാബ്, ആന്ധ്രാപ്രദേശ് എന്നിവയാണ് മറ്റ് പ്രധാന സംസ്ഥാനങ്ങൾ. വിയറ്റ്നാം, മലേഷ്യ, യുഎഇ, സൗദി അറേബ്യ, ഈജിപ്ത്, ഇറാഖ് തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യയുടെ പ്രധാന വിപണി. അല്ലാനാസൺസ് (Allanasans), ഫെയർ എക്സ്പോർട്ട്സ് ഇന്ത്യ (Fair Exports India), അൽ ഫഹീം മീറ്റെക്സ് (Al Faheem Meatex) തുടങ്ങിയ കമ്പനികളാണ് ഈ രംഗത്ത് മുൻപന്തിയിലുള്ളത്.
ഒരു വശത്ത് ബീഫ് കയറ്റുമതി ബില്യൺ ഡോളർ ബിസിനസായി കൊണ്ടുപോകുമ്പോൾ മറുവശത്ത്, ഗോ രക്ഷയുടെ പേരിലുള്ള അതിക്രമങ്ങൾ നിർബാധം തുടരുന്നു എന്നത് വലിയൊരു വൈരുദ്ധ്യമായി നിലനിൽക്കുന്നുണ്ട്. 2010-നും 2017-നും ഇടയിൽ 28 പേർ കൊല്ലപ്പെട്ടപ്പോൾ, 2023-ഓടെ ആൾക്കൂട്ടക്കൊലക്ക് ഇരയായവരുടെ എണ്ണം 50 കടന്നു. ഈ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവരിൽ ഭൂരിഭാഗവും മുസ്ലീങ്ങളും ദലിതരുമാണ്.
അന്താരാഷ്ട്ര വിപണിയിൽ ബീഫ് കയറ്റുമതിയിലൂടെ വലിയ സാമ്പത്തിക നേട്ടം കൊയ്യുമ്പോഴും, രാജ്യത്തിനകത്ത് പൗരന്മാർ എന്ത് കഴിക്കണം എന്ന് നിശ്ചയിക്കാൻ അക്രമികൂട്ടങ്ങളെ അഴിച്ചു വിടുന്ന ബിജെപി – സംഘപരിവാർ നിലപാടുകൾ ചോദ്യം ചെയ്യപ്പെടേണ്ടുണ്ടെന്ന വസ്തുതയാണ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

