
ആദ്യഘട്ടത്തിലെ കനത്ത ഇടിവിന് ശേഷം ശക്തമായ തിരിച്ചുവരവ് നടത്തി ഇന്ത്യൻ ഓഹരി വിപണി. ഇന്ത്യ–യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ സംബന്ധിച്ച പ്രതീക്ഷകളും ആഗോള സൂചനകളും വിപണിക്ക് ഉണർവ് നൽകി. സെൻസെക്സ് സൂചിക ഇന്നത്തെ ഏറ്റവും താഴ്ന്ന നിലയിൽ നിന്ന് 500 പോയിന്റിലധികം ഉയർന്നാണ് വ്യാപാരം നടത്തുന്നത്, നിഫ്റ്റി ഒരു ഘട്ടത്തിൽ 25,150 കടന്നു.നിലവിൽ സെൻസെക്സ് 81,625ലും, നിഫ്റ്റി 25,118ലും ആണ് വ്യാപാരം നടത്തുന്നത്.
ആക്സിസ് ബാങ്ക്, അദാനി പോർട്സ്, അൾട്രാടെക് സിമന്റ്, ഭാരത് ഇലക്ട്രോണിക്സ്, ടാറ്റ സ്റ്റീൽ, എൻടിപിസി, എസ്ബിഐ, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ മുന്നേറ്റത്തിന് നേതൃത്വം നൽകി. മൂന്നാം പാദ ലാഭം 4 ശതമാനം ഉയർന്നതിനെ തുടർന്ന് ആക്സിസ് ബാങ്ക് 4 ശതമാനത്തിലധികം കുതിച്ചു. അതേസമയം, മൂന്നാം പാദ ഫലങ്ങൾ നിരാശപ്പെടുത്തിയത് കൊണ്ട് കൊട്ടക് മഹീന്ദ്ര ബാങ്ക് ഓഹരികൾ ഇടിഞ്ഞു.
ഇന്ത്യ–ഇയൂ വ്യാപാര കരാർ ഇന്ത്യയുടെ കയറ്റുമതിക്കും ദീർഘകാല സാമ്പത്തിക ബന്ധങ്ങൾക്കും ഗുണകരമാകുമെന്ന പ്രതീക്ഷയാണ് വിപണിയെ തുണച്ചത്. കൂടാതെ, രൂപ ഡോളറിനെതിരെ ശക്തിപ്രാപിച്ചതും, അന്താരാഷ്ട്ര വിപണികളിലെ നേട്ടവും, ബ്രെന്റ് ക്രൂഡ് വില ബാരലിന് 65 ഡോളറിന് താഴെയെത്തിയതും അനുകൂലമായി.ഇതിനോടൊപ്പം യുഎസ് തീരുവ കുറയുമെന്ന സൂചനകളും, ആർബിഐ പ്രഖ്യാപിച്ച 23 ബില്യൺ ഡോളറിലധികം പണം നിക്ഷേപിക്കൽ നടപടികളും വിപണിയുടെ ആത്മവിശ്വാസം വർധിപ്പിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

