
പ്രമുഖ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ ആന്ത്രോപ്പിക്കുമായി സഹകരിക്കാൻ തീരുമാനമെടുത്തതോടെ ഇന്ത്യൻ ഐടി ഭീമൻ ഇൻഫോസിസിന്‍റെ ഓഹരികളിൽ കുതിപ്പ്. സഹകരണത്തിന്റെ ഭാഗമായി ‘ക്ലോഡ് കോഡ്’ ഉൾപ്പെടെയുള്ള ആന്ത്രോപിക്കിന്റെ ക്ലോഡ് AI മോഡലുകൾ ഇൻഫോസിസിന്‍റെ ടോപസ് AI പ്ലാറ്റ്‌ഫോമുമായി കൂട്ടിയിണക്കും. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങളെ നൂതന എഐ സാങ്കേതികവിദ്യകൾ ഫലപ്രദമായി ഉപയോഗിക്കാൻ സഹായിക്കുക എന്നതാണ് ആന്ത്രോപിക് – ഇൻഫോസിസ് കൈകോർക്കലിന്‍റെ ലക്ഷ്യം.
പ്രധാനമായും ധനകാര്യ സേവനങ്ങൾ, സോഫ്റ്റ്‌വെയർ നിർമ്മാണം, ടെലികമ്മ്യൂണിക്കേഷൻസ് മേഖലകൾക്കാണ് ഇതിന്റെ ഗുണം ലഭിക്കുക. ടെലികമ്മ്യൂണിക്കേഷൻ മേഖലയിലാണ് സഹകരണം ആരംഭിക്കുക. ഇരുകമ്പനികളും സഹകരിക്കുന്നതായി പ്രഖാപിച്ചതോടെ ഇൻഫോസിസ് ഓഹരികൾ ഏകദേശം 3 ശതമാനത്തോളം ഉയർന്ന് 1,400 രൂപ കടന്നു.
ക്ലോഡിന്‍റെ വരവോടെ ബാങ്കിംഗ് മേഖലയിൽ റിസ്ക് തിരിച്ചറിയാനും നിയമപരമായ റിപ്പോർട്ടുകൾ സ്വയം തയ്യാറാക്കാനും ഉപഭോക്താക്കൾക്ക് മികച്ച ഉപദേശങ്ങൾ നൽകാനും എഐ സഹായിക്കും. എഐ സിമുലേഷനുകൾ ഉപയോഗിച്ച് പുതിയ ഉൽപ്പന്നങ്ങളുടെ രൂപകൽപ്പന വേഗത്തിലാക്കാനും നിർമ്മാതാക്കൾക്ക് സാധിക്കും. സോഫ്റ്റ്‌വെയർ മേഖലയിൽ കോഡുകൾ എഴുതുന്നതിനും പരിശോധിക്കുന്നതിനും തിരുത്തുന്നതിനും എഐ സഹായം ലഭിക്കും.
ആന്ത്രോപിക്കുമായുള്ള പങ്കാളിത്തം ബിസിനസുകൾ കൂടുതൽ ബുദ്ധിപരവും കരുത്തുറ്റതുമാക്കാൻ സഹായിക്കുമെന്ന് ഇൻഫോസിസ് സിഇഒ സലീൽ പരേഖും, ഇൻഫോസിസിന്റെ വൈദഗ്ധ്യം എഐ മോഡലുകളെ വ്യാവസായിക തലത്തിൽ കൃത്യതയോടെ ഉപയോഗിക്കാൻ സഹായിക്കുമെന്ന് ആന്ത്രോപിക് സിഇഒ ഡാരിയോ അമോഡേയും പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


