
ഈ മാസം ആദ്യം നടന്ന സൈബർ ആക്രമണത്തെ തുടർന്ന് ഉത്പാദനം പൂർണ്ണമായും നിർത്തിവച്ച ടാറ്റ മോട്ടോഴ്‌സിന്‍റെ ബ്രിട്ടീഷ് അനുബന്ധ സ്ഥാപനമായ ജാഗ്വാർ ലാൻഡ് റോവർ വരും ദിവസങ്ങളിൽ ഭാഗികമായി നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കും. ചില നിർമ്മാണ പ്രവർത്തനങ്ങൾ വരും ദിവസങ്ങളിൽ പുനരാരംഭിക്കുമെന്ന് സഹപ്രവർത്തകരെയും ചില്ലറ വ്യാപാരികളെയും വിതരണക്കാരെയും അറിയിക്കുന്നതായി ജെ എൽ ആർ വക്താവ് അറിയിച്ചു.
തിരിച്ചുവരവ് സുരക്ഷിതമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സൈബർ സുരക്ഷാ വിദഗ്ധർ, യുകെ സർക്കാർ, നിയമ നിർവ്വഹണ ഏജൻസികൾ എന്നിവരുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സൈബറാക്രമണം വമ്പൻ തിരിച്ചടിയാണ് ജാഗ്വാർ ലാൻഡ് റോവറിന് ഉണ്ടാക്കിവച്ചത്. റിക്കവറി പ്രോഗ്രാം പൂർത്തിയാകുന്നതുവരെ വടക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ മെഴ്‌സിസൈഡിലെയും വെസ്റ്റ് മിഡ്‌ലാൻഡ്‌സിലെ സോളിഹുള്ളിലെയും ഫാക്ടറികളിലെയും ഇന്ത്യ, സ്ലൊവാക്യ, ചൈന എന്നിവയുൾപ്പെടെ ലോകമെമ്പാടുമുള്ള നിർമാണ കേന്ദ്രങ്ങളുടെയും പ്രവർത്തനങ്ങൾ കമ്പനിക്ക് നിർത്തിവെക്കേണ്ടി വന്നിരുന്നു.
ഏകദേശം ഒരു മാസത്തോളം ഉൽപാദനം നിർത്തി വെക്കേണ്ടി വന്നതിനാൽ ജെഎൽആറിന് പ്രതിദിനം ശതകോടികളുടെ നഷ്ടമാണ് ഉണ്ടായത്. വിപണിയിലും ഓഹരിവിലക്ക് വൻ ഇടിവ് സംഭവിച്ചിരുന്നു. സാമ്പത്തിക ആഘാതം കുറക്കാൻ യുകെ സർക്കാർ 2 ബില്യൺ ഡോളറിന്‍റെ വായ്പ നൽകിയേക്കാമെന്ന് സൂചനയുണ്ട്. സ്കാറ്റേർഡ് ലാപ്സസ് ഹണ്ടേഴ്സ് എന്ന ഗ്രൂപ്പാണ് ഹാക്കിങ്ങിന് പിന്നിലെന്ന് കരുതുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

