
വീണ്ടും വരുമാനത്തിൽ ചരിത്ര നേട്ടം സ്വന്തമാക്കി കെ എസ് ആർ ടി സി. ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാന നേട്ടമാണ് നിലവിൽ കെ എസ് ആർ ടി സി സ്വന്തമാക്കിയത്. 01.12.2025 ന് രണ്ടാമത്തെ ഉയർന്ന കളക്ഷനായ 9.72 കോടി നേടി. ടിക്കറ്റിതര വരുമാനം 77.9 ലക്ഷം രൂപ ഉൾപ്പെടെ 10.5 കോടി രൂപയാണ് ആകെ നേടാനായത്. എക്കാലത്തെയും മികച്ച പ്രതിദിന ടിക്കറ്റ് വരുമാനമായ 10.19 കോടി 2025 സെപ്റ്റംബർ 8-ാം തീയതിയാണ് കെഎസ്ആർടിസി നേടിയത്.
7.79 കോടി രൂപയായിരുന്നു കഴിഞ്ഞ വർഷം ഇതേ ദിവസം കെ എസ് ആർ ടി സിയുടെ ടിക്കറ്റ് വരുമാനം. നൂതന സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി സമസ്ത മേഖലയിലും അടുത്തകാലത്തായി കെഎസ്ആർടിസി നടപ്പിലാക്കിയ കാലോചിതമായ പരിഷ്കരണ പദ്ധതികളും ജീവനക്കാരുടെയും, സൂപ്പർവൈസർമാരുടെയും, ഓഫീസർമാരുടെയും ഏകോപിതമായ പരിശ്രമങ്ങളുമാണ് തുടർച്ചയായി മികച്ച വരുമാനം നേടി മുന്നേറുന്നതിന് കെഎസ്ആർടിസിക്ക് സഹായകരമാകുന്നത്.
Also read: ഒരേ വീട്ടിൽ ഒന്നിലേറെ വൈദ്യുതി കണക്ഷൻ ലഭിക്കുമോ?
ചിട്ടയായ പ്രവർത്തനങ്ങളിലൂടെ കെഎസ്ആർടിസിയുടെ എല്ലാ ഡിപ്പോകളും നിലവിൽ പ്രവർത്തന ലാഭത്തിലാണ്. മികച്ച ടിക്കറ്റ് വരുമാനം നേടുന്നതിനായി കെഎസ്ആർടിസി നിശ്ചയിച്ചു നൽകിയിരുന്ന ടാർജറ്റ് 35 ഡിപ്പോകൾക്ക് നേടാനായതും മികച്ച വരുമാനം നേടുന്നതിന് കാരണമായി. പുതിയ ബസുകളുടെ വരവും, ഓഫ് റോഡ് കുറച്ച് പരമാവധി ബസുകൾ നിരത്തിലിക്കാനായതും സേവനങ്ങളിൽ കൊണ്ടുവന്ന ഗുണപരമായ മാറ്റങ്ങളും യാത്രക്കാരിൽ വൻ സ്വീകാര്യത നേടിയിട്ടുണ്ട്.
കെഎസ്ആർടിസിയുടെ അഭിമാനകരമായ ഈ നേട്ടത്തിനായി പ്രവർത്തിച്ച മുഴുവൻ ജീവനക്കാരോടും,കെഎസ്ആർടിസിയോട് വിശ്വാസ്യത പുലർത്തിയ യാത്രക്കാരോടും, പിന്തുണ നൽകിയ ഓരോരുത്തരോടും കെഎസ്ആർടിസിയുടെ പേരിൽ നന്ദി അറിയിക്കുന്നതായി ചെയർമാൻ & മാനേജിംഗ് ഡയറക്ടർ അഭിപ്രായപ്പെട്ടു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

