
ഏറെ പ്രതീക്ഷിച്ചിരുന്ന ബജറ്റ് വൻ നിരാശ സമ്മാനിച്ചതോടെ ഇടിഞ്ഞു താഴ്ന്ന വിപണി തിരിച്ചു കയറുന്നു. ഇന്ന് രാവിലെ ഓഹരി വിപണി സൂചികകളായ സെൻസെക്സിലും നിഫ്റ്റിയിലും ഉണർവ് രേഖപ്പെടുത്തി. ബ്ലൂ-ചിപ്പ് കമ്പനികളുടെ ഷെയറുകളിൽ ഉണ്ടായ കുതിപ്പിലൂടെയാണ് സെൻസെക്സും നിഫ്റ്റിയും നേട്ടമുണ്ടാക്കിയത്.
ബിഎസ്ഇ സെൻസെക്സ് പ്രാരംഭ വ്യാപാരത്തിൽ 302 പോയിന്റ് ഉയർന്ന് 81,024.94 ലെത്തിയപ്പോൾ എൻഎസ്ഇ നിഫ്റ്റി 59.25 പോയിന്റ് ഉയർന്ന് 24,884.70 ലെത്തി. എൽ ആൻഡ് ടി, അദാനി പോർട്ട്സ്, ഭാരത് ഇലക്ട്രോണിക്സ്, ഏഷ്യൻ പെയിന്റ്സ്, റിലയൻസ് ഇൻഡസ്ട്രീസ്, പവർ ഗ്രിഡ്, എച്ച്ഡിഎഫ്സി ബാങ്ക് എന്നീ സെൻസെക്സ് കമ്പനികളാണ് പ്രധാനമായും പച്ച തെളിഞ്ഞത്.
ALSO READ; പൊന്നെ ഇടിഞ്ഞോ ? ഇന്ന് തന്നെ സ്വർണം വാങ്ങിക്കോളൂ, വില അറിയാം
ധനമന്ത്രി നിർമല സീതാരാമൻ ഇന്നലെ അവതരിപ്പിച്ച ബജറ്റിൽ വൻ പ്രതീക്ഷയിലായിരുന്നു വിപണി. ഞാറാഴ്ചയായിട്ടും തുറന്ന് പ്രവർത്തിച്ച വിപണി ബജറ്റ് പൂർത്തിയായ ഉച്ചക്ക് 12.30 നു ശേഷം ചോരക്കളമായി. സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ടാക്സ് (STT) വർദ്ധിപ്പിച്ചതാണ് വിപണിയെ 2 ശതമാനത്തോളം ഇടിച്ചത്. സെൻസെക്സ് 1,546.84 പോയിന്റും നിഫ്റ്റി 495.20 പോയിന്റും ഇടിഞ്ഞു താഴ്ന്നതോടെ ഏകദേശം 11 ലക്ഷം കോടിയോളമാണ് നിക്ഷേപകർക്ക് നഷ്ടമായത്. എക്സ്ചേഞ്ച് ഡാറ്റ പ്രകാരം, വിദേശ സ്ഥാപന നിക്ഷേപകർ 588.34 കോടി രൂപയുടെ ഓഹരികൾ വിറ്റൊഴിവാക്കിയിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

