
ഇന്ത്യക്കാരുടെ ജനപ്രിയ വാഹനമാണ് മാരുതി സുസുക്കി. രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലുകളും സുസുക്കിക്ക് സ്വന്തമാണ്. പതിനായിരക്കണക്കിന് യൂണിറ്റുകൾ ഇന്ത്യയിൽ നിന്നും വിദേശത്തേക്ക് കയറ്റുമതിയും ചെയ്യുന്നുണ്ട് ഈ ജാപ്പനീസ് കമ്പനി. പുതിയ റിപ്പോർട്ടുകളനുസരിച്ച് തങ്ങളുടെ ഉത്പ്പാദന ശേഷി വർധിപ്പിക്കാൻ ഒരുങ്ങുകയാണ് മാരുതി. ഇതിനായുള്ള ഭൂമി ഏറ്റെടുക്കലിന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ (എംഎസ്ഐഎൽ) ബോർഡ് അംഗീകാരം നൽകി.
ഗുജറാത്തിലാണ് പ്രതിവർഷം ഏകദേശം 10 ലക്ഷം യൂണിറ്റ് വരെ ഉൽപ്പാദന ശേഷിയുള്ള പ്ലാന്‍റ് നിർമാണത്തിന് എംഎസ്ഐഎൽ പദ്ധതിയിടുന്നത്. ഗുജറാത്ത് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷനിൽ നിന്ന് ഖൊരാജ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ ഭൂമി വാങ്ങുന്നതിനും വികസനത്തിനും തയ്യാറെടുപ്പ് പ്രവർത്തനങ്ങൾക്കുമായി ഏകദേശം 4,960 കോടി രൂപയുടെ നിക്ഷേപം കമ്പനി നടത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഗുജറാത്തിലെ കമ്പനിയുടെ രണ്ടാമത്തെ നിർമ്മാണ കേന്ദ്രമാണ് വരുന്നത്. നിലവിൽ, ഗുജറാത്തിലെ ഹൻസൽപൂർ നിർമാണ കേന്ദ്രത്തിൽ പ്രതിവർഷം 2.5 ലക്ഷം യൂണിറ്റ് ശേഷിയുള്ള മൂന്ന് പ്ലാന്റുകളുണ്ട്. 2026-27 സാമ്പത്തിക വർഷത്തിലാകും പുതിയ പ്ലാന്‍റ് കമ്മീഷൻ ചെയ്യുക. ഹരിയാനയിലെയും ഗുജറാത്തിലെയും നിർമാണ കേന്ദ്രങ്ങളിലായി മാരുതി സുസുക്കി നിലവിൽ ഏകദേശം 24 ലക്ഷം യൂണിറ്റ് വാർഷിക ഉൽപ്പാദനം നടത്തുന്നുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

