
കളമശ്ശേരിയിൽ ഉയരാൻ പോകുന്ന സ്കിൽ ഡെവലപ്മെൻ്റ് ഇൻസ്റ്റിറ്റ്യൂട്ട് സംസ്ഥാനത്തിന്‍റെ സ്വപ്ന പദ്ധതികളിലൊന്നാണെന്ന് മന്ത്രി പി രാജീവ്. നൈപുണ്യമുള്ള ചെറുപ്പക്കാരെയാണ് ആധുനികമായ വ്യവസായങ്ങൾക്ക് ആവശ്യം. ഈ നൈപുണ്യമുള്ള ചെറുപ്പക്കാരെ വിതരണം ചെയ്യാൻ കഴിയും വിധത്തിൽ നമ്മുടെ ടാലൻ്റ് പൂളിനെ ഒന്നുകൂടെ നവീകരിക്കാനാണ് ഈ കേന്ദ്രം ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. 100 കോടി രൂപ ചിലവിൽ ഈ പദ്ധതി നടപ്പിലാക്കാൻ മുന്നോട്ടുവന്ന ബിപിസിഎല്ലിനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
തെരഞ്ഞെടുക്കപ്പെടുന്ന മുഴുവൻ വിദ്യാർത്ഥികളുടെയും ഫീസ്, താമസം, ഭക്ഷണം, യൂണിഫോം, പുസ്‌തകങ്ങൾ എന്നിവ സൗജന്യമായിരിക്കുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്ന ഈ ഘട്ടത്തിൽ ഒരു വർഷം 1600 വിദ്യാർത്ഥികൾക്ക് നൈപുണ്യവികസനം സാധ്യമാക്കി ഇവിടെത്തന്നെ തൊഴിലെടുക്കാനുള്ള അവസരം ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ALSO READ; വിമർശനങ്ങളെ നേരിടാൻ മുഖ്യമന്ത്രിയ്ക്ക് കഴിഞ്ഞത് എങ്ങനെയെന്ന് മമ്മൂട്ടി; പിണറായി വിജയന്‍റെ മറുപടി
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
കളമശ്ശേരിയിൽ ഉയരാൻ പോകുന്ന ഈ സ്കിൽ ഡെവലപ്മെൻ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഞങ്ങളുടെ സ്വപ്ന പദ്ധതികളിലൊന്നാണ്. 100 കോടി രൂപ ചിലവിൽ ഈ പദ്ധതി നടപ്പിലാക്കാൻ മുന്നോട്ടുവന്ന ബിപിസിഎല്ലിനെ ഹാർദ്ദമായി അഭിനന്ദിക്കുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്യുന്നു. ലോകം ഏറ്റവും ആധുനികമായ വ്യവസായങ്ങളിലേക്ക് മാറുമ്പോൾ കമ്പനികൾ ആവശ്യപ്പെടുന്നത് അതിനനുസരിച്ചുള്ള നൈപുണ്യമുള്ള ചെറുപ്പക്കാരെയാണ്. ഈ നൈപുണ്യമുള്ള ചെറുപ്പക്കാരെ യാതൊരു മുടക്കവുമില്ലാതെ വിതരണം ചെയ്യാൻ കഴിയും വിധത്തിൽ നമ്മുടെ ടാലൻ്റ് പൂളിനെ ഒന്നുകൂടെ നവീകരിക്കാനാണ് ഈ കേന്ദ്രം ഉദ്ദേശിക്കുന്നത്.
തെരഞ്ഞെടുക്കപ്പെടുന്ന മുഴുവൻ വിദ്യാർത്ഥികളുടെയും ഫീസ്, താമസം, ഭക്ഷണം, യൂണിഫോം, പുസ്‌തകങ്ങൾ എന്നിവ സൗജന്യമായിരിക്കും. ഇതിനായി പ്രതിവർഷം 10 കോടി രൂപ വീതം ബിപിസി എൽ ചെലവഴിക്കും. മൂന്ന് മുതൽ ആറ് മാസം വരെയുള്ള കോഴ്സുകൾക്കായി ഒരു വിദ്യാർത്ഥിക്ക് ശരാശരി 1.30ലക്ഷം രൂപയാണ് ചെലവഴിക്കുന്നത് എന്നറിയുമ്പോൾ മനസിലാക്കാം എത്രമാത്രം ശ്രദ്ധയോടെയും അർപ്പണ ബോധത്തോടെയുമാണ് നമ്മുടെ കുട്ടികൾക്കായി ഈ പദ്ധതി നടപ്പിലാക്കുന്നതെന്ന്. കേരളത്തിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്ന ഈ ഘട്ടത്തിൽ ഒരു വർഷം 1600 വിദ്യാർത്ഥികൾക്ക് നൈപുണ്യവികസനം സാധ്യമാക്കി നമ്മുടെ കുട്ടികൾക്ക് ഇവിടെത്തന്നെ തൊഴിലെടുക്കാനുള്ള അവസരം ഞങ്ങളോരുക്കും.
ടി.സി.സി കൈമാറിയ നാല് ഏക്കർ ഭൂമിയിൽ ഒരുങ്ങുന്ന ഈ ക്യാമ്പസിൽ 1,10,000 ചതുരശ്ര അടി വിസ്തൃതിയിൽ എല്ലാ സൗകര്യങ്ങളോടെയുമാണ് ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിക്കാൻ പോകുന്നത്. അഡ്വാൻസ്ഡ് വെൽഡിങ് വിത്ത് റോബോട്ടിക്സ്, പ്രിസിഷൻ മാനുഫാക്ചറിങ്, റോബോട്ടിക്സ് ആൻഡ് ഓട്ടോമേഷൻ, ഇലക്ട്രിക് ഹോം ഓട്ടോമേഷൻ, ഇൻഡസ്ട്രിയൽ ട്രാൻസ്പോർട്ടേഷൻ, വാട്ടർ മാനേജ്മെൻറ് ആൻ്റ് മോഡേൺ പ്ലംബിംഗ്, അഡ്വാൻസ്ഡ് കമ്പ്യൂട്ടിംഗ്, ക്ലൈമറ്റ് ആന്റ് എൻവിയോൺമെൻറ് മാനേജ്മെൻറ്, മീഡിയ ആൻ്റ് എൻ്റർടെയ്ൻമെൻ്റ്, സ്മാർട്ട് മാനുഫാക്ചറിങ് തുടങ്ങിയ വിഷയങ്ങളിൽ കോഴ്സുകൾ ഉണ്ടായിരിക്കും. നൈപുണി വികസന രംഗത്തുള്ള അസാപ്, എൻ.ടി.ടി.എഫ് തുടങ്ങിയ സ്ഥാപനങ്ങളുമായി സഹകരിച്ചായിരിക്കും ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കുക. നമ്മുടെ കുട്ടികൾ ഇവിടെപ്പഠിക്കും.. ഇവിടെ തൊഴിലെടുക്കും.. സർക്കാർ ഒപ്പമുണ്ടാകും..

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

