‘പരിസ്ഥിതിക്ക് ഇണങ്ങുന്നതും സുതാര്യവുമായ വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടും’; ഇ എസ് ജി നയത്തിന്‍റെ സവിശേഷതകൾ പങ്കുവച്ച് മന്ത്രി പി രാജീവ്

ESG Policy + p rajeev

ഇ എസ് ജി നയത്തിന് മന്ത്രിസഭ ഇന്നലെ അംഗീകാരം നൽകിയതോടെ ഇന്ത്യയിൽ സമഗ്ര ഇ എസ് ജി നയം നടപ്പാക്കുന്ന ആദ്യത്തെ സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്. സംസ്ഥാനത്തെ നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി പരിസ്ഥിതി, (Environmental) സാമൂഹികം, (Social) ഭരണപരവുമായ (Governenance) നയം രൂപീകരിക്കുന്നതിനാണ് മന്ത്രിസഭായോഗം അംഗീകാരം നല്‍കിയത്.

ഇതോടെ ഈ നയത്തിനോട് ചേർന്നുപോകുന്ന നിക്ഷേപങ്ങൾക്ക് സബ്സിഡികളും സാമ്പത്തിക പിന്തുണയുമുൾപ്പെടെ വിപുലമായ സർക്കാർ സഹായവും ലഭ്യമാകും. പരിസ്ഥിതിക്കിണങ്ങുന്നതും ഒപ്പം സമൂഹത്തെ പരിഗണിക്കുന്നതും സുതാര്യവുമായ വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഞങ്ങൾ ഊന്നൽ നൽകുന്നതെന്ന്, ഇ എസ് ജി നയത്തിന്‍റെ സവിശേഷതകൾ പങ്കുവച്ച് മന്ത്രി പി രാജീവ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ALSO READ; ഭയപ്പെടേണ്ട ആവശ്യമില്ല, ഈ സേവനം സൗജന്യമായി തന്നെ തുടരും; ആശങ്കകൾക്ക് ഫുൾസ്റ്റോപ്പിട്ട് ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര

‘നേച്ചർ, പീപ്പിൾ, ഇൻഡസ്ട്രി’ – ഇതാണ് കേരളം മുന്നോട്ടുവെക്കുന്ന നയമെന്ന് അദ്ദേഹം എ‍ഴുതി. കേരളത്തിലെ നിലവിലുള്ള സംരംഭകർക്കും ഇ എസ് ജി മൂല്യങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനായി കാമ്പയിൻ സംഘടിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സ്കൂൾ, സർവകലാശാലാ പാഠ്യപദ്ധതി സംയോജനം, പരിശീലന വർക്ക്‌ഷോപ്പുകൾ, സെമിനാറുകൾ തുടങ്ങിയവയിലൂടെ വിപുലമായ ബോധവൽക്കരണ പരിപാടികളാണ് സംഘടിപ്പിക്കുക.

ഇഎസ്ജി തത്വങ്ങൾ നടപ്പിലാക്കുന്നത് പ്രോത്സാഹിപ്പിക്കാൻ നികുതി ഇളവ്, സബ്‌സിഡികൾ, വായ്പ ഇളവുകൾ, സ്റ്റാർട്ടപ്പ് ഇൻകുബേഷൻ, ഡിപിആർ പിന്തുണ എന്നിവ ഉറപ്പാക്കുമെന്നും മന്ത്രി പി രാജീവ് പറഞ്ഞു. ഇഎസ്ജി പദ്ധതികൾക്ക് 5 വർഷത്തേക്ക് മൂലധന നിക്ഷേപത്തിന്റെ 100% റീഇംബേഴ്‌സ്‌മെന്റ് നൽകും. സ്ഥിര മൂലധന നിക്ഷേപത്തിന് 10% സബ്സിഡി (50 ലക്ഷം രൂപ വരെ) നൽകും.

യന്ത്രസാമഗ്രികൾക്കും സാങ്കേതികവിദ്യകൾക്കും കെ എസ് ഐ ഡി സി കുറഞ്ഞ നിരക്കിലുള്ള വായ്പകൾ നൽകും. ഇഎസ്ജി നയം നടപ്പിലാക്കാനുള്ള നോഡൽ ഏജൻസിയായി കെ എസ് ഐ ഡി സി പ്രവർത്തിക്കും. 2030 വരെ അഞ്ച് വർഷത്തേക്കാണ് ഇപ്പോഴത്തെ നയം പ്രാബല്യത്തിലുണ്ടാവുക.

ALSO READ; കെഎസ്ആര്‍ടിസി ബസില്‍ മിന്നല്‍ പരിശോധന നടത്തി മന്ത്രി കെ ബി ഗണേഷ്‌ കുമാര്‍

വിശദമായ വിവരങ്ങൾക്ക് ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

ഇന്ത്യയിൽ സമഗ്ര ഇ.എസ്.ജി നയം നടപ്പാക്കുന്ന ആദ്യത്തെ സംസ്ഥാനമായി കേരളം മാറിയെന്ന സന്തോഷം പങ്കുവെക്കുകയാണ്. മന്ത്രിസഭായോഗമാണ് സമഗ്രമായ ഇ എസ്‌ ജി നയത്തിന് അംഗീകാരം നൽകിയത്. ഇനിമുതൽ ഈ നയത്തിനോട് ചേർന്നു പോകുന്ന നിക്ഷേപങ്ങൾക്ക് സബ്സിഡികളും സാമ്പത്തിക പിന്തുണയുമുൾപ്പെടെ വിപുലമായ സർക്കാർ സഹായവും ലഭ്യമാകുന്നതാണ്.

ലോകമാകെയുള്ള ഹൈടെക് സാങ്കേതികവിദ്യാ കമ്പനികൾ ഇ എസ് ജി പോളിസി പ്രധാനഘടകമായി മുന്നോട്ടുപോകുകയാണ്. ഈ ഘട്ടത്തിൽ നമ്മൾ ഒന്നാമതായി ഇ എസ് ജി നയം രൂപീകരിച്ചത് ഇത്തരം കമ്പനികളെ ആകർഷിക്കാൻ സഹായകമാകും.

NATURE.. PEOPLE.. INDUSTRY.. ഇതാണ് കേരളം മുന്നോട്ടുവെക്കുന്ന നയം. അതുകൊണ്ട് തന്നെ പരിസ്ഥിതിക്കിണങ്ങുന്നതും ഒപ്പം സമൂഹത്തെ പരിഗണിക്കുന്നതും സുതാര്യവുമായ വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഞങ്ങൾ ഊന്നൽ നൽകുന്നത്. കേരളത്തിലെ നിലവിലുള്ള സംരംഭകർക്കും ഇ.എസ്.ജി മൂല്യങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനായി കാമ്പയിൻ സംഘടിപ്പിക്കും. സ്കൂൾ, സർവകലാശാലാ പാഠ്യപദ്ധതി സംയോജനം, പരിശീലന വർക്ക്‌ഷോപ്പുകൾ, സെമിനാറുകൾ തുടങ്ങിയവയിലൂടെ വിപുലമായ ബോധവൽക്കരണ പരിപാടികളാണ് സംഘടിപ്പിക്കുക. ദേശീയ (BRSR), അന്താരാഷ്ട്ര മാനദണ്ഡങ്ങൾ (GRI, SASB, TCFD) എന്നിവയുമായി ബന്ധപ്പെടുത്തി കേരളത്തിനായി ഒരു ഇ.എസ്.ജി റിപ്പോർട്ടിംഗ് സംവിധാനം വികസിപ്പിക്കും. ഇ. എസ്. ജി റേറ്റിംഗുകളും അവാർഡുകളും നടപ്പാക്കും. ഡിജിറ്റൽ ഇ-പോർട്ടൽ വികസിപ്പിക്കും. കേരളത്തെ ഇ.എസ്. ജി സംസ്ഥാനമായി ബ്രാൻഡ് ചെയ്യും.

ഇഎസ്ജി തത്വങ്ങൾ നടപ്പിലാക്കുന്നത് പ്രോത്സാഹിപ്പിക്കാൻ നികുതി ഇളവ്, സബ്‌സിഡികൾ, വായ്പ ഇളവുകൾ, സ്റ്റാർട്ടപ്പ് ഇൻകുബേഷൻ, ഡിപിആർ പിന്തുണ എന്നിവ ഉറപ്പാക്കും. ഇ.എസ്.ജി പദ്ധതികൾക്ക് 5 വർഷത്തേക്ക് മൂലധന നിക്ഷേപത്തിന്റെ 100% റീഇംബേഴ്‌സ്‌മെന്റ് നൽകും. സ്ഥിര മൂലധന നിക്ഷേപത്തിന് 10% സബ്സിഡി (50 ലക്ഷം രൂപ വരെ) നൽകും. യന്ത്രസാമഗ്രികൾക്കും സാങ്കേതികവിദ്യകൾക്കും KSIDC കുറഞ്ഞ നിരക്കിലുള്ള വായ്പകൾ നൽകും. പ്രാദേശിക സംരംഭങ്ങൾക്കുള്ള സർക്കാർ സംഭരണത്തിൽ 20% മാർജിൻ നൽകും. പ്രോജക്റ്റ് റിപ്പോർട്ടുകൾ തയ്യാറാക്കുന്നതിന് സഹായം നൽകുന്നതിന് എം.എസ്.എം.ഇ ക്ലിനിക്കുകൾ സ്ഥാപിക്കും. സംരംഭകത്വ പിന്തുണ പദ്ധതി, സ്റ്റാർട്ടപ്പ് ഇൻകുബേഷൻ, വിപണി പിന്തുണ, ഇ.എസ്. ജിയിലേക്ക് മാറുന്നതിന് നിലവിലുള്ള സംരംഭങ്ങൾക്ക് സബ്സിഡി എന്നിവ നടപ്പാക്കും.

2040 ആകുമ്പോഴേക്കും പൂർണ്ണമായും പുനരുപയോഗ ഊർജ്ജ ഉപയോഗവും 2050 ആകുമ്പോഴേക്കും കാർബൺ ന്യൂട്രാലിറ്റിയും കൈവരിക്കുന്നതിന് നയം ലക്ഷ്യമിടുന്നുണ്ട്. സോളാർ പാർക്കുകൾ, ഫ്ലോട്ടിംഗ് സോളാർ, കാറ്റാടിപ്പാടങ്ങൾ, ജലവൈദ്യുത നിലയങ്ങൾ, ബയോമാസ് പദ്ധതികൾ എന്നിവയിൽ നിക്ഷേപം നടത്തും. തൊഴിൽ മേഖലയിൽ സ്ത്രീകളുടെ പ്രാതിനിധ്യം വർദ്ധിപ്പിക്കുക, വൈവിധ്യവും ഉൾപ്പെടുത്തലും ഉറപ്പാക്കുക, മനുഷ്യാവകാശങ്ങളെ ബഹുമാനിക്കുക, തൊഴിൽ മാനദണ്ഡങ്ങൾ ഉയർത്തിപ്പിടിക്കുക, സി‌എസ്‌ആർ, ക്ഷേമ സംരംഭങ്ങൾ എന്നിവയിലൂടെ സാമൂഹ്യക്ഷേമം ഉറപ്പു വരുത്തുക, അഴിമതിക്കെതിരെ ഉറച്ച നിലപാട് സ്വീകരിക്കുക, സുതാര്യത ശക്തിപ്പെടുത്തുക, ഇ. എസ്.ജി വെളിപ്പെടുത്തലുകൾ നിർബന്ധമാക്കുക എന്നിവയും ലക്ഷ്യമായി നയത്തിൽ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇഎസ്ജി നയം നടപ്പിലാക്കാനുള്ള നോഡൽ ഏജൻസിയായി കെ.എസ്.ഐ.ഡി.സി പ്രവർത്തിക്കും. 2030 വരെ അഞ്ച് വർഷത്തേക്കാണ് ഇപ്പോഴത്തെ നയം പ്രാബല്യത്തിലുണ്ടാവുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News