
തൃശൂർ ആസ്ഥാനമായുള്ള മണപ്പുറം ഫിനാൻസിൽ 4,385 കോടി രൂപയുടെ നിക്ഷേപം നടത്താനുള്ള ബെയ്ൻ ക്യാപിറ്റലിന്‍റെ നീക്കത്തിന് പച്ചക്കൊടി വീശി ആർ ബി ഐ. മണപ്പുറം ഫിനാൻസിലെ 41.7% ഓഹരികളാണ് ഇതോടെ ബെയ്ൻ ക്യാപിറ്റലിന്‍റെ നിയന്ത്രണത്തിലേക്ക് എത്തുക. നിലവിലെ പ്രൊമോട്ടർമാരായ വി പി നന്ദകുമാറിനും കുടുംബത്തിനുമൊപ്പം കമ്പനിയുടെ സംയുക്ത നിയന്ത്രണാധികാരം ബെയ്ൻ ക്യാപിറ്റലിനും ലഭിക്കും. ഇതോടെ ബെയ്ൻ ക്യാപിറ്റലിന്റെ പ്രതിനിധികളെ ഉൾപ്പെടുത്തി കമ്പനിയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് പുനഃസംഘടിപ്പിക്കും.
ബെയ്ൻ ക്യാപിറ്റലിന്റെ വരവോടെ വിപി നന്ദകുമാറും കുടുംബവും ഉൾപ്പെടുന്ന നിലവിലെ പ്രൊമോട്ടർമാരുടെ ഓഹരി പങ്കാളിത്തം 28.9% ആയി കുറയും. ഈ ഇടപാട് പൊതു ഓഹരി ഉടമകളിൽ നിന്ന് ഒരു ഓഹരിക്ക് 236 രൂപ നിരക്കിൽ 26% അധിക ഓഹരികൾ വാങ്ങുന്നതിനുള്ള നിർബന്ധിത ഓപ്പൺ ഓഫറിനും കാരണമാകും.
സാങ്കേതികവിദ്യ നവീകരിക്കുന്നതിനും റിസ്ക് മാനേജ്‌മെന്റിലും കൂടുതൽ നിക്ഷേപം നടത്താനും കമ്പനിയുടെ വളർച്ച വേഗത്തിലാക്കാനും ബെയ്ൻ ക്യാപിറ്റലുമായുള്ള പങ്കാളിത്തം സഹായിക്കുമെന്ന് മണപ്പുറം ഫിനാൻസ് സിഇഒ വി പി നന്ദകുമാർ വ്യക്തമാക്കി. സ്വർണ്ണപ്പണയ രംഗത്തെ ഇന്ത്യയിലെ രണ്ടാമത്തെ വലിയ സ്ഥാപനമാണ് മണപ്പുറം ഫിനാൻസ്. കൂടാതെ ചെന്നൈ ആസ്ഥാനമായി ‘ആശീർവാദ് മൈക്രോഫിനാൻസ്’ എന്ന സ്ഥാപനവും കമ്പനിക്കുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

