
റിസർവ് ബാങ്കിന്റെ ധനനയ സമിതി നാലു മാസത്തെ ഇടവേളയ്ക്കു ശേഷം റിപോ നിരക്ക് കുറച്ചു. രണ്ടു മാസത്തിലൊരിക്കൽ പുറപ്പെടുവിക്കുന്ന ധനനയ വിജ്‍ഞാപനത്തിലാണ് പുതിയ മാറ്റം ഗവർണർ സഞ്ജയ് മൽഹോത്രയും സംഘവും അംഗീകരിച്ചത്. സങ്കീർണമായി കൊണ്ടിരിക്കുന്ന രൂപയുടെ മൂല്യത്തകർച്ചക്കും കയറ്റുമതിയിലും വിദേശ നിക്ഷേപങ്ങളിലും നേരിടുന്ന തിരിച്ചടികൾക്കും ഇടയിലാണ് റിസർവ് ബാങ്ക് റീപോ നിരക്ക് 25 പോയിന്റ് കുറച്ച 5.25% ആക്കിയത്.
പുതിയ തീരുമാനം രാജ്യത്തെ പലിശ നിരക്കിൽ കാര്യമായ കുറവുണ്ടാകാൻ കാരണമാകും. ബാങ്കുകളിൽ നിന്നും വിവിധ ആവശ്യങ്ങൾക്കായി വായ്പയെടുത്തവർക്കു പലിശ നിരക്കിൽ ഇളവ് പ്രതീക്ഷിക്കാം. എന്നാൽ ഇ എം ഐ യിൽ ഉണ്ടായേക്കാവുന്ന ആശ്വാസതോടൊപ്പം തന്നെ നിരക്കിലെ വീഴ്ച സ്ഥിരനിക്ഷേപങ്ങളിൽ നിന്നുള്ള പലിശയും കുറയാൻ കാരണമാകും.
രണ്ടു ദിവസം നീണ്ടു നിന്ന യോഗത്തിൽ രാജ്യത്തിന്റെ ഈ സാമ്പത്തിക വർഷത്തെ പ്രതീക്ഷിക്കുന്ന ജി ഡി പി വളർച്ച നിരക്ക് 6.8% നിന്നും 7.3% ആയി ഉയർത്തി. കൂടാതെ ഈ സാമ്പത്തിക വർഷത്തിൽ പ്രതീക്ഷിക്കുന്ന പണപ്പെരുപ്പ നിരക്ക് 2.6%ഇൽ നിന്നും 2% ആയി കുറച്ചു.
യോഗം, ശക്തമായ സാമ്പത്തിക വളർച്ച, താഴ്ന്ന പണപ്പെരുപ്പനിരക്കും മുൻ നിർത്തി ശുഭസൂചനകൾ നൽകാൻ ശ്രമിക്കുന്നുണ്ടെങ്കിലും രൂപയുടെ മൂല്യത്തകർച്ച നയങ്ങളെ സ്വാധീനിച്ചു എന്ന് വ്യക്തമായി മനസ്സിലാക്കാവുന്നതാണ് . ഒക്ടോബറിലെ യോഗത്തിൽ മാറ്റം വരുത്താതെ ഇരുന്ന റീപോ നിരക്ക് കുറച്ചതു ഇതിലേക്ക് ചൂണ്ടികാണിക്കുന്നു. ഈ കലണ്ടർ വർഷം ഇതിനകം റിപോ നിരക്ക് 125 ബേസിസ് പോയിന്റാണ് കുറച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

