
ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾസിന്റെ ഗ്രേഡ് ‘നെഗറ്റീവ്’ ആയി തരം താഴ്ത്തി റേറ്റിങ് ഏജൻസി എസ് ആൻഡ് പി ഗ്ലോബൽ. അടുത്തിടെ വൻ സൈബർ ആക്രമണത്തിന് ഇരയായതിനെ തുടർന്ന് ജാഗ്വാർ ലാൻഡ് റോവറിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർണമായും നിർത്തി വയ്ക്കേണ്ടി വന്നിരുന്നു. നിർമാണം പുനരാരംഭിച്ചെങ്കിലും മന്ദഗതിയിലുള്ള റിക്കവറിയെ തുടർന്നാണ് റേറ്റിംഗ് ഏജൻസിയായ എസ് & പി ഗ്ലോബൽ ‘നെഗറ്റീവ്’ ആയി താഴ്ത്തിയത്.
2026 സാമ്പത്തിക വർഷത്തിൽ ജെഎൽആർ വരുമാനം 15%-18% കുറഞ്ഞ് ഏകദേശം 24 ബില്യൺ യൂറോയിലെത്തുമെന്നും എസ് & പി ഗ്ലോബൽ കണക്കു കൂട്ടൂന്നു. ഓഗസ്റ്റ് 31 ന് നടന്ന സൈബർ ആക്രമണം ജെഎൽആറിന്റെ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചിരുന്നു. സെപ്റ്റംബറിലും ഒക്ടോബർ ആദ്യ ആഴ്ചയിലും ലോകമെമ്പാടുമുള്ള ഉൽപാദനം പൂർണ്ണമായും നിർത്തി വയ്ക്കേണ്ടി വന്നിരുന്നു.
ALSO READ; ട്രംപിന്റെ ഭീഷണിക്ക് വഴങ്ങി മോദി; റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ കടുംവെട്ട്
റിക്കവറി പ്രോഗ്രാം പൂർത്തിയാകുന്നതുവരെ വടക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലും വെസ്റ്റ് മിഡ്‌ലാൻഡ്‌സിലുമുള്ള ഫാക്ടറികളിലും ഇന്ത്യ, സ്ലൊവാക്യ, ചൈന എന്നിവയുൾപ്പെടെ ലോകമെമ്പാടുമുള്ള നിർമാണ കേന്ദ്രങ്ങളുടെയും പ്രവർത്തനങ്ങൾ കമ്പനിക്ക് നിർത്തിവെക്കേണ്ടി വന്നിരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2025 സെപ്റ്റംബർ പാദത്തിലെ ഹോൾസെയിലും റീട്ടെയിലും യഥാക്രമം 24.2% ഉം 17.1% ഉം ഇടിഞ്ഞു താഴുകയും ചെയ്തു.
സൈബർ ആക്രമണത്തിന് ശേഷം വന്ന വരുമാനത്തിലെ ഇടിവും, പ്രതീക്ഷിച്ചതിലും മന്ദഗതിയിലുള്ള തിരിച്ചു വരവും, ബ്രാൻഡിന്‍റെ പേരിനേറ്റ ആഘാതം, പുതിയ മോഡൽ ലോഞ്ചുകളിലെ കാലതാമസം എന്നിവയാണ് ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വാഹനങ്ങളുടെ റേറ്റിംഗ് കുറയ്ക്കാനുള്ള പ്രധാന കാരണങ്ങളെന്ന് എസ് ആൻഡ് പി ചൂണ്ടിക്കാട്ടി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

