വിദ്യാർഥി യുവജന പ്രസ്ഥാനത്തിലൂടെ വളർന്നുവന്ന ജന നേതാവ്; കോഴിക്കോട് സി പി ഐ എമ്മിനെ ഇനി മെഹബൂബ്‌ നയിക്കും

കോടിയേരി ബാലകൃഷ്‌ണൻ നഗർ (വടകര) വിദ്യാർഥി യുവജന പ്രസ്ഥാനത്തിലൂടെ വളർന്ന്‌ ജനനേതാവായി മാറിയ എം മെഹബൂബ്‌ (64) കോഴിക്കോട് ജില്ലയിലെ സംഘടിത പ്രസ്ഥാനത്തെ നയിക്കും. നാലര പതിറ്റാണ്ടിന്റെ അനുഭവ സമ്പത്തുമായാണ്‌ മെഹബൂബ്‌ പാർടി ജില്ലാ സെക്രട്ടറി പദത്തിലെത്തുന്നത്‌. യുവജന പോരാട്ടങ്ങളിലൂടെ വളർന്ന്‌ തൊഴിലാളികളുടെയും കർഷകരുടെയും എണ്ണമറ്റ സമരങ്ങൾക്ക്‌ നേതൃത്വം നൽകിയ മെഹബൂബ്‌ കേരളത്തിലെ അറിയപ്പെടുന്ന സഹകാരികളിൽ പ്രമുഖനാണ്‌.

സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗമായിരുന്ന മെഹബൂബ്‌ നിലവിൽ കർഷകസംഘം ജില്ലാ സെക്രട്ടറിയും കൺസ്യൂമർ ഫെഡ്‌ ചെയർമാനുമാണ്‌. 1977 ൽ പാർടി അംഗമായ മെഹബുബ്‌ 1987 മുതൽ 2001 വരെ സിപിഐ എം ബാലുശേരി ഏരിയാസെക്രട്ടറിയായിരുന്നു. ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റും സംസ്ഥാന എക്‌സിക്യൂട്ടീവ്‌ അംഗവുമായും പ്രവർത്തിച്ചു. ഡിവൈഎഫ്‌ഐ ജില്ലാപ്രസിഡന്റായിരിക്കെ പാർടി ജില്ലാ കമ്മറ്റിയംഗമായി.

Also read: എസ്എഫ്‌ഐ നേതാക്കളെ അടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; മൂന്ന് കെഎസ്‌യു നേതാക്കള്‍ കൂടി അറസ്റ്റില്‍

24ാം വയസിൽ അത്തോളി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ എന്ന നിലയിൽ ഏഴരകൊല്ലത്തിലധികം പ്രശംസീനയമായ പ്രവർത്തനങ്ങൾ കാഴ്‌ചവെച്ചു. അക്കാലത്ത്‌ സംസ്ഥാനത്തെ മികച്ച ഗ്രാമ പഞ്ചായത്തിനുള്ള പുരസ്‌കാരം അത്തോളിയെ തേടിയെത്തി. യുവജന നേതാവായിരിക്കെ മന്ത്രിമാരെ തടയൽ സമരത്തിൽ പങ്കെടുത്തതിനെ തുടർന്ന്‌ പൊലീസ്‌ മർദനത്തിനിരയാകുകയും ജയിൽവാസമനുഭവിക്കുകയും ചെയ്‌തു. നേരത്തെ കർഷകസംഘം ജില്ലാ പ്രസിഡന്റായിരുന്ന മെഹബൂബ്‌ നിലവിൽ സംസ്ഥാന വൈസ്‌ പ്രസിഡന്റാണ്‌.

കേരഫെഡ്‌ വൈസ്‌ ചെയർമാനായും കുറഞ്ഞകാലം ചെയർമാനായും പ്രവർത്തിച്ചു. തുടർച്ചയായി കൺസ്യൂമർഫെഡിന്റെ ചെയർമാനായ ഏകവ്യക്തിയാണ്‌. നഷടത്തിലായ കൺസ്യൂമർഫെഡിനെ ലാഭത്തിലാക്കിയതും ഇക്കാലയളവിലാണ്‌. സാമ്പത്തിക പ്രതിസന്ധി അനുഭവിച്ച കോവിഡ്‌ കാലഘട്ടത്തിൽ സംസ്ഥാനത്താകെ ഭക്ഷ്യകിറ്റ്‌ വിതരണം ചെയ്യാൻ സർക്കാരിനൊപ്പം കൺസ്യൂമർ ഫെഡിന്റെയും പ്രവർത്തനം ശ്രദ്ധനേടി. 2016ലാണ്‌ കൺസ്യൂമർ ഫെഡിന്റെ ചെയർമാനായത്‌. 2024 ൽ വീണ്ടും ചെയർമാനായി.

എം ദാസൻ മെമ്മോറിയൽ എൻജിനീയറിങ്‌ കോളേജിന്റെ മാനേജിങ്‌ കമ്മറ്റി ചെയർമാനായ മെഹബൂബ്‌ സംസ്ഥാന സഹകരണ ബാങ്ക്‌ പ്രസിഡന്റ്‌, ജില്ലാ സഹകരണ ബാങ്ക്‌ പ്രസിഡന്റ്‌, അത്തോളി സഹകരണ ആശുപത്രി പ്രസിഡന്റ്‌, അത്തോളി സഹകരണ ബാങ്ക്‌ പ്രസിഡന്റ്‌, റബ്‌കോ ഡയരക്ടർ, കേരള ബാങ്ക്‌ ഡയരക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചു.

Also read: കോട്ടയം നഗരസഭയിലെ 211 കോടിയുടെ ക്രമക്കേട്; ഭരണസമിതിയിലെ ഭിന്നത പരസ്യമായി

കൈവച്ച മേഖലയിലെല്ലാം തന്റേതായ കൈയൊപ്പുചർത്തിയ മെഹബൂബിന്‌ രണ്ടു തവണ മികച്ച സഹകാരി പുരസ്‌കാരം സഹകരണ വിദ്യാഭ്യാസമേഖലയിലെ പ്രവർത്തനത്തിന്‌ ഗാന്ധീ പീസ്‌ ഫൗണ്ടഷൻ പുരസ്‌കാരം, ജില്ലാ ബാങ്ക് പ്രസിഡൻ്റിനുള്ള ദേശീയ പുരസ്കാരം, പ്രവാസി ഭാരതി പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. അത്തോളി ഗവ. ഹൈസ്‌കൂൾ, ഗവ. ആർട്‌സ്‌ ആൻഡ്‌ സയൻസ്‌ കോളജിലായിരുന്നു വിദ്യാഭ്യാസം. എസ്‌എഫ്‌ഐ ജില്ലാകമ്മറ്റിയംഗമായും കെഎസ്‌വൈഎഫ്‌ ജില്ലാ കമ്മറ്റിയംഗമായും പ്രവർത്തിച്ചു. അത്തോളി ടൗണിനടുത്ത്‌ ‘സൗഹൃദം’ വീട്ടിലാണ്‌ താമസം. എൽഐസിയിൽ നിന്നും വിരമിച്ച ടി പി സുഹറയാണ്‌ ഭാര്യ. മകൾ: ഡോ. ഫാത്തിമാ സനം (എം ഡി ലിയാ ഐവിഎഫ്‌ ഫെർട്ടിലിറ്റി സെന്റർ കുറ്റ്യാടി), മരുമകൻ: ഡോ. ആഷിഫ്‌ അലി (എം ഡി ലിയാ ഐവിഎഫ്‌ ഫെർട്ടിലിറ്റി സെന്റർ കുറ്റ്യാടി).

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News