‘ഞങ്ങളുണ്ട് കൂടെ’ എന്ന സന്ദേശം ഒരു രോഗിക്കും കുടുംബത്തിനും നൽകുന്ന പിന്തുണയും ധൈര്യവും ചെറുതല്ല: സിപി ജസ്റ്റിൻ ജോസ് എഴുതുന്നു

എല്ലാവർഷവും ഒക്ടോബർ രണ്ടാം ശനിയാഴ്ച ലോക പാലിയേറ്റീവ് കെയർ ദിനമായി ആചരിക്കുന്നത് നമുക്ക് അറിവുള്ളതാണല്ലോ. ജീവിതത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തെ പരിമിതപ്പെടുത്തുന്ന അസുഖം ബാധിച്ച ആളുകളെ, വ്യക്തിപരമായി, അല്ലെങ്കിൽ പ്രിയപ്പെട്ട ഒരാളെ കരം താങ്ങുന്നതിലൂടെ, അവരുടെ ശബ്ദങ്ങൾ, ഈ ദിനത്തിൽ, ലോകത്തെ കുറച്ചുകൂടി ഉച്ചത്തിൽ കേൾപ്പിക്കുകയാണ്. ഒപ്പം, അവരോട് ചേർന്ന് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയുമാണ്. ഈ ഉദാത്ത സന്ദേശം ഓരോ വ്യക്തിയിലേക്കും എത്തിക്കുകയാണ് ‘അനുകമ്പയുള്ള മനുഷ്യ മനസ്സുകൾ: സാന്ത്വനത്തിനായി ഒരുമിച്ച്’ എന്ന ഈ വർഷത്തെ പ്രമേയത്തിലൂടെ.

പാലിയേറ്റീവ് കെയറിനെ കുറിച്ച് കൂടുതൽ അവബോധം സമൂഹത്തിൽ സൃഷ്ടിക്കാനും രോഗികളുടെയും കുടുംബാംഗങ്ങളുടെയും ആവശ്യങ്ങൾ പൊതുസമൂഹത്തിന്റെ മുന്നിൽ എത്തിക്കാനും, സഹകരണം ഉറപ്പുവരുത്തുവാനും ഈ ദിനാചരണം പ്രചോദനമേകുന്നു.

ALSO READ: അമ്മത്തൊട്ടിലില്‍ ഏഴ് ദിവസം പ്രായമായ പുതിയ പെണ്‍കുഞ്ഞ്; പേര് നര്‍ഗീസ്

പാലിയേറ്റീവ് കെയറും ഹോസ്പൈസും

ആധുനിക വൈദ്യശാസ്ത്ര ശാഖയായ പാലിയേറ്റീവ് കെയർ ആരോഗ്യ സംരക്ഷണത്തിന്റെ അടിസ്ഥാനാംശവും മനുഷ്യാവകാശങ്ങളുടെ ഭാഗവുമായി ഇന്ന് മാറിയിരിക്കുന്നു. ഗുരുതര രോഗങ്ങൾ ബാധിച്ചവരുടെയും, ദീർഘകാല രോഗങ്ങളാൽ കഷ്ടപ്പെടുന്നവരുടെയും ക്രിയാത്മകവും, സമ്പൂർണ്ണവുമായ പരിചരണമാണ് പാലിയേറ്റീവ് കെയർ. രോഗം ചികിത്സകൾക്ക് വഴങ്ങാത്ത ഘട്ടത്തിൽ, രോഗികൾക്ക് ഉണ്ടാകുന്ന പലവിധത്തിലുള്ള പ്രയാസങ്ങൾക്ക് ആശ്വാസം നൽകുകയും, അതുവഴി ജീവിതം ആകാവുന്നത്ര സുഖകരമാക്കുകയു മാണിവിടെ. ലോകാരോഗ്യ സംഘടന പാലിയേറ്റീവ് കെയറിനെ ഇങ്ങനെ നിർവചിക്കുന്നു :

“Palitive care is an approach that improves the quality of life of patience and their families facing problems associated with life threatening illness through the prevention and relief of suffering the yearly identification and impeccable assessment and treatment of pain and other problems physical psychologicall and spiritual.”

ഓരോ വർഷവും 25.5 ദശലക്ഷത്തിലധികം മനുഷ്യർ ഗുരുതരമായ ശാരീരിക മാനസിക രോഗങ്ങളാലും അപകടങ്ങളാലും അകാലമൃത്യു വരിക്കുന്നു. ഇതിൽ 2.5 ദശലക്ഷം പേർ കുഞ്ഞുങ്ങൾ ആണെന്നത് നമ്മുടെ അതീവ ശ്രദ്ധ ആവശ്യപ്പെടുന്ന: വസ്തുതയാണ്. മരണം വരിക്കുന്നതിൽ 80% പേരും സാമ്പത്തിക സാമൂഹിക ആരോഗ്യ മേഖലകളിൽ പിന്നാക്കം നിൽക്കുന്ന രാജ്യങ്ങളിലെ പൗരന്മാരാണ്. മരണത്തെ മുഖാമുഖം കാണുന്നവർക്ക് ജീവിത സായാഹ്നത്തിൽ പരിചരണം നൽകുന്ന ഇടമാണ്
ഹോസ്പൈസ് (Hospice ).

ഒരു രോഗിയുടെ ശാരീരിക- മാനസിക -സാമൂഹിക- സാമ്പത്തിക- ആത്മിക പ്രശ്നങ്ങളെ തിരിച്ചറിഞ്ഞ് പരിചരിക്കുന്നത് കൊണ്ടാണ് പാലിയേറ്റീവ് കെയർ സമ്പൂർണ്ണ പരിചരണം (Total Care)ആകുന്നത്. ഒരു രോഗിയുടെ രോഗാവസ്ഥയും ജീവിത പശ്ചാത്തലവും സങ്കീർണവും വ്യത്യസ്തതകളുടെതുമാണ്.ആ പശ്ചാത്തലത്തിലാണ് രോഗിയിലെ മനുഷ്യനെയും അവകാശങ്ങളെയും തിരിച്ചറിഞ്ഞ് ആവശ്യാനുസരണം ഉള്ള പരിചരണം (Need based care) പ്രസക്തമാകുന്നത്.

ALSO READ: ഓപ്പറേഷൻ അജയ്: ഇന്ത്യക്കാരുമായുള്ള രണ്ടാം വിമാനം നാളെ ന്യൂഡൽഹിയിൽ എത്തും

സാമൂഹിക പങ്കാളിത്തം

ആധുനിക വൈദ്യശാസ്ത്ര ശാഖയിൽ പാലിയേറ്റീവ് കെയറിന്റെ വ്യത്യസ്തത അടയാളപ്പെടുത്തുന്നത് സാമൂഹിക പങ്കാളിത്തത്തിന്റെ പ്രത്യേകതകൾ കൂടി കൊണ്ടാണ്. രോഗാതുരനാവുന്ന ഒരു വ്യക്തിയെ ചികിൽസിക്കുന്ന ഡോക്ടർ, നേഴ്സ്,ആരോഗ്യ പ്രവർത്തകർ എന്നീ സംവിധാനങ്ങൾക്ക് അപ്പുറം പൊതു സമൂഹത്തിന്റെ ശാസ്ത്രീയവും ക്രിയാത്മകവുമായ ഇടപെടൽ പാലിയേറ്റീവ് കെയർ അന്വർത്ഥമാക്കുന്നു. അയൽക്കാരന്റെ രോഗം ആ വ്യക്തിയിലും കുടുംബത്തിലും സൃഷ്ടിച്ച പ്രശ്നങ്ങൾ എന്റെയും സാമൂഹത്തിന്റെയും പ്രശ്നമാണ് എന്ന ബോധ്യം സാമൂഹിക ഇടപെടലിന്റെ അനിവാര്യത ആവശ്യപ്പെടുന്നു. പ്രതിബദ്ധതയുള്ള ഒരു സമൂഹത്തിന്റെ ഇടപെടൽ രോഗിയും കുടുംബാംഗങ്ങളും അനുഭവിക്കുന്ന വിവിധവും വ്യത്യസ്തവുമായ പ്രശ്നങ്ങളുടെ കഠിനഭാരം ലഘൂകരിക്കുന്നു. വേദനിക്കുന്നവർക്കൊപ്പം ഞങ്ങളുണ്ട് കൂടെ എന്ന സന്ദേശം രോഗിക്കും കുടുംബത്തിനും നൽകുന്ന പിന്തുണയും ധൈര്യവും ചെറുതല്ല.

ഒരു രോഗിയെ സഹായിക്കാൻ ചുറ്റുപാടുകളിൽ നിന്ന് രൂപപ്പെട്ട സാന്ത്വനമേകാൻ അയൽക്കണ്ണികൾ (Neighbourhood network in palative care- NNPC) സാമൂഹിക ഇടപെടലിന്റെ നേർചിത്രമാണ്. നിലവിൽ ഉണ്ടായിരുന്ന പല സമ്പ്രദായങ്ങളെയും ചിന്താഗതികളെയും മാറ്റിയെഴുതുന്നതായിരുന്നു ഇത്തരത്തിലുള്ള സാമൂഹിക ഇടപെടൽ. കേരളീയ സമൂഹം സാന്ത്വന പരിചരണത്തിൽ സന്നദ്ധ പ്രവർത്തനത്തിന് വളരെയേറെ പ്രസക്തി ഉണ്ടെന്ന് ലോകത്തിന് കാണിച്ചുകൊടുത്തു. കേരള ഗവൺമെന്റ് രൂപപ്പെടുത്തിയ പാലിയേറ്റീവ് കെയർ പോളിസിയിൽ സന്നദ്ധ പ്രവർത്തനത്തിനും പ്രവർത്തകർക്കും വലിയ പങ്കാളിത്തമാണ് നൽകിയിട്ടുള്ളത്.

കേരളം അടയാളപ്പെടുത്തിയത്

ഏഷ്യാ ഭൂഖണ്ഡത്തിൽ ഇദംപ്രഥമമായി ഒരു ഗവൺമെന്റ് പാലിയേറ്റീവ് കെയർ പോളിസി രൂപപ്പെടുത്തിയത് 2008 ൽ കേരളത്തിലാണ്. തുടർന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ ഈ നൂതന പരിചരണ സംവിധാനം ജനകീയമായി. കേരളത്തിലെ ആരോഗ്യവകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കക്ഷിരാഷ്ട്രീയ മത വ്യത്യാസം കൂടാതെ സന്നദ്ധ പ്രവർത്തനത്തിന്റെ വേഗത ത്വരിതപ്പെടുത്തി. ഗവൺമെന്റും, ഇതര സന്നദ്ധ സ്ഥാപനങ്ങളും, സന്നദ്ധ പ്രവർത്തകർക്കുള്ള ശാസ്ത്രീയമായ പരിശീലനം നൽകുന്നതിൽ വലിയ പങ്കാളിത്തം വഹിച്ചിട്ടുണ്ട്. അതുമുലം നൂറുകണക്കിന് രോഗികൾക്ക് കൃത്യതയുള്ള പരിചരണം ലഭ്യമാക്കുകയുണ്ടായി.

വേൾഡ് ഹെൽത്ത് ഓർഗനൈസേഷ ന്റെ (WHO)2 കൊളോബറേറ്റിംഗ് സെന്ററുകൾ കേരളത്തിൽ ഉണ്ട് എന്നുള്ളത് നമ്മുടെ സമൂഹിക പ്രതിബദ്ധതയുടെ നേർചിത്രമാണ്.1991ൽ കോഴിക്കോട് സ്ഥാപിച്ച ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിനും,2007ൽ തിരുവനന്തപുരത്ത് സ്ഥാപിച്ച പാലിയം ഇന്ത്യയും സാന്ത്വന പരിചരണ രംഗത്ത് നടത്തുന്ന ഇടപെടലുകൾ ശ്രദ്ധേയമാണ്. മരണംവരെ ചക്ര കസേരകളിൽ മാത്രം ഇരിക്കാൻ വിധിക്കപ്പെട്ട വരും, ക്യാൻസർ, എച്ച്ഐവി, എയ്ഡ്സ് ബാധിതരും, കിഡ്നി, ഹൃദയസംബന്ധമായ രോഗങ്ങൾ ബാധിച്ചു മരണം മാത്രം മുന്നിൽകണ്ട് കഴിഞ്ഞ നൂറുകണക്കിനാളുകൾക്കും വിവിധ മാർഗങ്ങളിലൂടെ ജീവിക്കുന്ന അവസാന നിമിഷം വരെ സുഖകരവും സന്തോഷകരമായ മാർഗങ്ങൾ സൃഷ്ടിച്ചു ഗുണമേന്മയുള്ള ജീവിതം കൊടുക്കാൻ ആകുന്നത് പരിചരണ സംവിധാനത്തിന്റെ മഹത്വം തന്നെ. എങ്കിലും കോവിഡാനന്തര കാലഘട്ടം ഈ മേഖലയിലും ചിലഓർമ്മപ്പെടുത്തലുകളും തിരുത്തലുകളും ആവശ്യപ്പെടുന്നു.

ALSO READ: ‘വെറും നാല് സിനിമകൾ മാത്രം സംവിധാനം ചെയ്ത ഒരു മനുഷ്യന് ഇത്രയും ഫാൻ ബേസ് ഉണ്ടാകുന്നത് ഇതാദ്യം’, ലോകേഷ് ലോകം കീഴടക്കുമ്പോൾ

അനുകമ്പയുള്ള നവ സമൂഹം

ഇനിയും ഏറെ മുന്നോട്ടു പോകേണ്ടതുണ്ട് എന്ന സന്ദേശമാണ് ഈ ദിനാചരണം നമ്മെ ഓർമ്മപ്പെടുത്തുന്നത്. ഒരു തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ പരിധിക്കുള്ളിൽ കണ്ടെത്തുന്ന 200ൽ അധികം വരുന്ന സാന്ത്വന പരിചരണം ആവശ്യമുള്ള രോഗികളിൽ എല്ലാവർക്കും കൃത്യതയുള്ള പരിചരണവും സന്നദ്ധ പ്രവർത്തകരുടെ സാന്നിധ്യവും ലഭിക്കുന്നുണ്ടോ എന്നുള്ള വിമർശനാത്മകമായ പഠനം അനിവാര്യമാണ്. കുറച്ചു വർഷങ്ങൾക്കു മുൻപ് നമ്മുടെ സമൂഹം കാണിച്ച താൽപര്യവും ഇച്ഛാശക്തിയും, ചോർന്നു പോകാതിരിക്കാനുള്ള മുൻകരുതൽ കൂടിയേതീരൂ. സന്നദ്ധ പ്രവർത്തകരുടെ കൊഴിഞ്ഞുപോക്കും, പുതിയ പ്രവർത്തകരുടെ അഭാവവും ചില യൂണിറ്റ് / ക്ലിനിക്കുകളെയെങ്കിലും ബാധിക്കുന്നുണ്ട്.

കൂടുതൽ വിദ്യാർത്ഥികളെയും, യുവജനങ്ങളെയും സന്നദ്ധ പ്രവർത്തനങ്ങളിലേക്ക് ആകർഷിക്കുന്ന പുതിയ പരിപാടികൾ ഗവൺമെന്റും ഇന്ത്യൻ അസോസിയേഷൻ ഓഫ് പാലിയേറ്റീവ് കെയറി(IAPC) ന്റെ കേരള ഘടകവും, ജില്ലാതല സമിതികളും, സന്നദ്ധ സംഘടനകളും ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നു. ക്യാമ്പസുകൾ കേന്ദ്രീകരിച്ചുള്ള സ്റ്റുഡൻസ് പാലിയേറ്റീവ് കെയർ (SIPC) എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉണ്ടെന്ന് ഉറപ്പുവരുത്താനുള്ള ബാധ്യത അധ്യാപക -രക്ഷകർതൃ- വിദ്യാർത്ഥി സമൂഹം ഏറ്റെടുത്തേ മതിയാകൂ. യുപി തലം തൊട്ടെങ്കിലും പാലിയേറ്റീവ് കെയറിന്റെ പ്രാഥമിക പാഠങ്ങൾ സിലബസിൽ ഉൾപ്പെടുത്തണം. മെഡിക്കൽ വിദ്യാഭ്യാസ മേഖലയിലെ എല്ലാ വിഭാഗം കോഴ്സുകളിലും പാലിയേറ്റീവ് കെയർ നിർബന്ധമായും ഉൾപ്പെടുത്തണം.

വ്യത്യസ്ത മേഖലകളിൽ ജോലിയെടുക്കുന്നവർക്ക് സന്നദ്ധ പ്രവർത്തനം പഠിക്കുവാനും പ്രവർത്തിക്കാനുമുള്ള ഒരു തൊഴിൽ സംസ്കാരം രൂപപ്പെട്ടു വരേണ്ടതുണ്ട്. കൂടുതൽ സംഘടനകളെയും വ്യക്തികളെയും ഈ രംഗത്തേക്ക് ആകർഷിക്കാനുള്ള നവ സമീപനങ്ങൾ രൂപപ്പെടുത്തണം. എല്ലാ മാധ്യമങ്ങളുടെയും സജീവശ്രദ്ധ ഈ രംഗത്ത് ആവശ്യമാണ്. ചില പ്രദേശങ്ങളിൽ സ്വാഭാവികമായി രൂപപ്പെട്ടത് പോലെ ഒരു പാലിയേറ്റീവ് കെയർ സന്നദ്ധ പ്രവർത്തകനായിരിക്കണം എന്റെ ജനപ്രതിനിധി എന്ന ചിന്ത സമൂഹത്തിന്റെ ഈ രംഗത്തുള്ള കൃത്യമായ അടയാളപ്പെടുത്തലാണ്. വേഗത നിറഞ്ഞ ജീവിത ഓട്ടത്തിൽ തന്റേത് അല്ലാത്ത കാരണത്താൽ പിന്നാക്കം പോയവരെ ചേർത്തുപിടിക്കുന്ന അനുകമ്പയുള്ള മനുഷ്യമനസ്സുകളെ സൃഷ്ടിക്കാം, അതിലൂടെ ഒരു നവ സമൂഹത്തെയും.

റവ.സിപി ജസ്റ്റിൻ ജോസ്
ഇനിഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് കെയർ ട്രിവാൻഡ്രം.
&
പ്രീസ്റ്റ്,സി എസ് ഐ സൗത്ത് കേരള ഡയോസിസ്.
തിരുവനന്തപുരം

PH 9446811141

ലേഖകൻ ലോകാരോഗ്യ സംഘടനപാലിയേറ്റീവ് കെയർ മെഡിസിന്റെ ഫെലോയും, ഇന്ത്യൻ അസോസിയേഷൻ ഓഫ് പാലിയേറ്റീവ് മെമ്പറും തിരുവനന്തപുരം ഇനിഷ്യയേറ്റീവ് പാലിയേറ്റീവ് കെയർചെയർമാനുമാണ്. ദീർഘവർഷം തിരുവനന്തപുരം CSI പാലിയേറ്റീവ് ഹോസ്‌പിസിന്റെ ഡയറക്ടർ ആയിരുന്നു. പാലിയേറ്റീവ് രംഗത്ത് രണ്ട് ദശബ്ദമായി പരിശീലകനാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here