സിൻഡിക്കേറ്റ് യോഗം വിളിക്കാതെ വിസി; കാലിക്കറ്റ് സർവകലാശാല ഭരണസ്തംഭനത്തിലേക്ക്‌

Calicut University is facing an administrative crisis

കാലിക്കറ്റ് സർവകലാശാല ഭരണ സ്തംഭനത്തിലേക്ക്‌. സിൻഡിക്കേറ്റ് യോഗം വിളിക്കാൻ വൈസ് ചാൻസലർ തയ്യാറാകാത്തതാണ് പ്രതിസന്ധിക്ക് കാരണം. യോഗം ചേരാത്തതിനാൽ ഭരണ നടപടികൾ ഉൾപ്പെടെ പ്രതിസന്ധിയിലാണ്.

സർവകലാശാലാ സ്റ്റാറ്റ്യൂട്ട് പ്രകാരം സിൻഡിക്കേറ്റ് യോഗങ്ങൾ രണ്ട് മാസത്തിലൊരിക്കൽ ചേരണം. ഏപ്രിൽ 25നാണ് കാലിക്കറ്റിൽ സിൻഡിക്കേറ്റ് യോഗം അവസാനമായി ചേർന്നത്. നിയമപ്രകാരം ജൂൺ 24നകം യോഗം നടക്കേണ്ടതാണ്. യോഗത്തിനുള്ള നോട്ടീസ് അംഗങ്ങൾക്ക് ഏഴ് ദിവസത്തിന് മുമ്പേ നൽകുകയും വേണം. പക്ഷെ ഇതിനുള്ള നടപടിയൊന്നും വൈസ് ചാൻസലർ ഡോ. പി രവീന്ദ്രൻ സ്വീകരിച്ചിട്ടില്ല.

സിൻഡിക്കേറ്റിനെ മറികടന്ന് അധികാരം ദുരുപയോഗം ചെയ്‌ത്‌ തീരുമാനങ്ങളെല്ലാം വൈസ് ചാൻസലർ തന്നെ ഒറ്റയ്ക്ക് കൈക്കൊള്ളുകയാണ്‌. സിൻഡിക്കേറ്റ് നടക്കാത്തതിനാൽ ഒട്ടേറെ പേരുടെ പിഎച്ച്ഡി അംഗീകരിക്കൽ തടസപ്പെട്ടു. ഇത് നിരവധി പേരുടെ ജോലി സാധ്യതകളെ ബാധിച്ചിട്ടുമുണ്ട്.

സിൻഡിക്കേറ്റ് ഉപസമിതികളും വിളിച്ചുകൂട്ടാൻ വിസി അനുമതി നൽകുന്നില്ല. കോളേജുകളിൽ ഗവേഷണ കേന്ദ്രങ്ങൾ അനുവദിക്കാനുള്ള ശുപാർശകളും ഫയലിൽ ഒതുങ്ങി. നിലവിലെ സിൻഡിക്കേറ്റ് സ്ഥിരം രജിസ്ട്രാർ നിയമനത്തിന് ഏറെക്കാലം മുമ്പേ നടപടി സ്വീകരിച്ചെങ്കിലും വിസി ഭരണമാറ്റം കാത്ത് തടസം നിൽക്കുകയായിരുന്നു.

ALSO READ: ഇന്നും മഴ തന്നെ; എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

സിൻഡിക്കേറ്റ് യോഗം ചേർന്നാൽ എടുത്ത തീരുമാനങ്ങളെല്ലാം അജണ്ടയായി അംഗീകാരത്തിന് വയ്ക്കേണ്ടിവരും. രജിസ്ട്രാറെ മാറ്റി ഇഷ്ടക്കാരനെ നിയമിച്ചതുൾപ്പെടെയുള്ളവയ്ക്ക് അംഗീകാരം തേടേണ്ടിവരും. ഇതൊഴിവാക്കാനാണ് വിസി ശ്രമിക്കുന്നത്.
കഴിഞ്ഞ ദിവസം ചേർന്ന സെനറ്റ് യോഗത്തിൽ ഇടത് അംഗങ്ങൾ ഇക്കാര്യം ഉന്നയിച്ചിരുന്നുവെങ്കിലും അത് ചെവിക്കൊള്ളാൻ ഗവർണർ തയ്യാറായില്ലെന്ന് സിൻഡിക്കേറ്റ് അംഗം അഡ്വ എൽജി ലിജീഷ് പറഞ്ഞു.

പുതിയ സർക്കാർ നാമനിർദേശം വഴി സിൻഡിക്കേറ്റിന്റെ ഘടന മാറ്റിയ ശേഷം യോഗം വിളിക്കാനുള്ള നീക്കത്തിലാണ്‌ വൈസ് ചാൻസലർ. യുഡിഎഫ്-ബിജെപി പിന്തുണയോടെയാണ് കോൺഗ്രസ് അനുകൂല അധ്യാപക സംഘടനാ നേതാവായിരുന്ന ഡോ. പി രവീന്ദ്രൻ വൈസ് ചാൻസലർ പദവിയിൽ എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News