എഫ്-35 വിമാനങ്ങൾ വാങ്ങാനുള്ള തീരുമാനം കാനഡയും പുനഃപരിശോധിക്കുന്നു; മനം മാറ്റമില്ലാതെ ഇന്ത്യ

f 35

അമേരിക്കയിൽ നിന്നും എഫ്-35 യുദ്ധ വിമാനങ്ങൾ വാങ്ങാനുള്ള തീരുമാനം കാനഡ പുനഃപരിശോധിക്കുന്നതായി റിപ്പോർട്ടുകൾ. കനേഡ‍ിയൻ പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോ​ഗസ്ഥനെ ഉദ്ധരിച്ച് എഎഫ്പിയാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പുതിയ പ്രധാന മന്ത്രിയായി മാർക്ക് കാർണി അധികാരമേറ്റതിന് പിന്നാലെയാണ് തീരുമാനം പുനഃപരിശോധിക്കുന്നത്. ട്രംപ് അധികാരത്തിൽ വന്നതിന് ശേഷം അമേരിക്ക – കാനഡ ബന്ധത്തിൽ വിള്ളൽ വീണിരുന്നു. കാർണി കാനഡയുടെ അധികാരം ഏറ്റെടുത്തതോടെ ഇത് കൂടുതൽ വഷളായേക്കും.

എഫ്-35 യുദ്ധവിമാനങ്ങൾ വാങ്ങുന്നതിൽ പോർച്ചുഗലും പുനഃപരിശോധന നടത്തുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് കാനഡയും ഇക്കാര്യത്തിൽ ഒരു ചുവട് പിന്നോട്ട് വക്കുന്നത്. ട്രംപിന്‍റെ താരിഫ് യുദ്ധവും ഒരു കാരണമായിട്ട് അന്താരാഷ്ട്ര നയതന്ത്ര സമൂഹം കാണുന്നുണ്ട്.

ALSO READ; കശ്മീരിലെ ആക്രമണങ്ങളുടെ ‘ബ്രെയിൻ’; ‘മോസ്റ്റ് വാണ്ടഡ്’ ഭീകരൻ അബു ഖത്തൽ പാകിസ്ഥാനിൽ കൊല്ലപ്പെട്ടു

‘കരാർ റദ്ദാക്കിയിട്ടില്ല, പക്ഷേ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യം കണക്കിലെടുത്ത് നമ്മൾ ഗൃഹപാഠം ചെയ്യേണ്ടതുണ്ട്. കൂടാതെ നിലവിലെ രൂപത്തിലുള്ള കരാർ കനേഡിയൻ പൗരന്മാരുടെയും കനേഡിയൻ സായുധ സേനയുടെയും താൽപ്പര്യങ്ങൾക്കനുസൃതമാണെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന’ പ്രസ്താവന ഉദ്ധരിച്ചാണ് റിപ്പോർട്ട്.

നേരത്തെ എല്ലാ കനേഡിയൻ ഉൽപ്പന്നങ്ങൾക്കും 25 ശതമാനം തീരുവ ചുമത്തുമെന്ന ട്രംപിൻ്റെ പ്രഖ്യാപനമാണ് ഇരുരാജ്യങ്ങൾക്കും ഇടയിലെ ബന്ധം വഷളാക്കിയത്. കാനഡ‍യെ അമേരിക്കയുടെ 51-ാമത്തെ സംസ്ഥാനമാക്കാമെന്ന ട്രംപിൻ്റെ വിവാദ പരാമർശവും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിച്ചിരുന്നു.

എഫ്-35 കരാർ കാനഡയെ സംബന്ധിച്ച് ഏറ്റവും മികച്ച ഓപ്‌ഷനാണോ, കാനഡയുടെ ആവശ്യങ്ങൾ നന്നായി നിറവേറ്റാൻ കഴിയുന്ന മറ്റ് സാധ്യതകൾ ഉണ്ടോയെന്നു നോക്കാനും പ്രധാനമന്ത്രി മാർക്ക് കാർണി ആവശ്യപ്പെട്ടതായാണ് പ്രതിരോധ മന്ത്രാലയ വക്താവ് ലോറന്റ് ഡി കാസനോവിന്റെ ഇമെയിൽ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 2023 ജനുവരിയിലാണ് കനേഡിയൻ സർക്കാർ 88 വിമാനങ്ങൾക്കായി 19 ബില്യൺ കനേഡിയൻ ഡോളറിൻ്റെ കരാറിൽ ഒപ്പു വച്ചത്.

ALSO READ: യമനിലെ ഹൂതികളുടെ താവളങ്ങളിൽ വ്യോമാക്രമണം നടത്തി അമേരിക്ക; ഇറാനും മുന്നറിയിപ്പ് നൽകി ട്രംപ്

അതേസമയം, വിദേശ രാജ്യങ്ങൾ പോലും കരാറിൽ നിന്നും പിൻവാങ്ങാനുള്ള മുന്നൊരുക്കങ്ങൾ നടത്തുമ്പോൾ ഇന്ത്യ ഇപ്പോഴും ശതകോടികൾ ചെലവഴിച്ച് വിമാനം വാങ്ങാനുള്ള ഒരുക്കത്തിലാണ്. അതിഭീകരമായ ചെലവാണ് ഈ വിമാനം വാങ്ങാനും ഒപ്പമുള്ള മെയിന്‍റനൻസിനുമായി ചെലവാകുന്നത്. ഇത് കൈകാര്യം ചെയ്യാനും പരിശീലനത്തിനും പിന്നെയും കോടികൾ ചെലവാകും. താരിഫ്, കുടിയേറ്റക്കാരെ നാടുകടത്തൽ തുടങ്ങിയ വിഷയങ്ങളിൽ പ്രധാനമന്ത്രി നേരിട്ട് ട്രംപിനെ കണ്ടിട്ടും യുഎസിന്റെ ഭാഗത്ത് നിന്നും അനുകൂല സമീപനം ഉണ്ടാകാതെ ഇരുന്നിട്ട് പോലും കരാറുമായി മുന്നോട്ട് പോകാനാണ് കേന്ദ്രത്തിന്റെ തീരുമാനം. അതേസമയം, തങ്ങൾക്ക് നേരെ ഭീഷണി സ്വരം ഉയർന്ന നിമിഷം തന്നെ മറ്റു രാജ്യങ്ങൾ അമേരിക്കയുമായുള്ള കരാറുകളിൽ നിന്നും പിന്മാറുകയും ചെയ്യുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News