അപൂര്‍വ രോഗ ചികിത്സാ രംഗത്തെ നിര്‍ണായക ചുവടുവയ്പ്പായി കെയര്‍ പദ്ധതി മാറും: മുഖ്യമന്ത്രി

അപൂര്‍വ രോഗ ചികിത്സാ രംഗത്തെ കേരളത്തിന്റെ നിര്‍ണായക ചുവടുവയ്പ്പായി ‘കേരള യുണൈറ്റഡ് എഗെന്‍സ്റ്റ് റെയര്‍ ഡിസീസസ്’ അഥവാ കെയര്‍ പദ്ധതി മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അപൂര്‍വ രോഗങ്ങളെ പ്രതിരോധിക്കാനും, നേരത്തെ കണ്ടെത്താനും, നിലവില്‍ ലഭ്യമായ ചികിത്സ ലഭ്യമാക്കാനും, തെറാപ്പികള്‍, സാങ്കേതിക സഹായ ഉപകരണങ്ങള്‍ എന്നിവ ലഭ്യമാക്കാനും, ഗൃഹ കേന്ദ്രീകൃത സേവനങ്ങള്‍ ഉറപ്പു വരുത്താനും മാതാപിതാക്കള്‍ക്കുള്ള മാനസിക, സാമൂഹിക പിന്തുണ ഉറപ്പു വരുത്താനുമൊക്കെ ഉതകുന്ന ഒരു സമഗ്ര പരിചരണ പദ്ധതി തയ്യാറാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് അപൂര്‍വ രോഗപരിചരണ പദ്ധതിയായ കെയര്‍ പ്രഖ്യാപിക്കപ്പെടുന്നത്. പല കാര്യങ്ങളിലും രാജ്യത്തിനാകെ മാതൃകാപരമായ പ്രവര്‍ത്തനമാണ് കേരളം നടത്തുന്നത്. ഇതും അത്തരത്തിലൊന്നാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അപൂര്‍വ രോഗ പരിചരണത്തിനായുള്ള കെയര്‍ പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനവും 42 നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടേയും 37 ഐസൊലേഷന്‍ വാര്‍ഡുകളുടേയും സംസ്ഥാനതല ഉദ്ഘാടനവും തിരുവനന്തപുരം ടാഗോര്‍ തീയറ്ററില്‍ വച്ച് നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

ALSO READ:  ആറ്റുകാല്‍ പൊങ്കാല: സഞ്ചരിക്കുന്ന കളിമണ്‍പാത്ര വിപണന ശാല ആരംഭിച്ചു

ആഗോളതലത്തില്‍ ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് അയ്യായിരത്തില്‍ അധികം അപൂര്‍വ രോഗങ്ങളാണുള്ളത്. പതിനായിരം പേരില്‍ ശരാശരി ഒന്ന് മുതല്‍ ആറ് വരെ ആളുകളെ ബാധിക്കുന്ന രോഗങ്ങളെയാണ് അപൂര്‍വ രോഗങ്ങളായി കണക്കാക്കി വരുന്നത്. 2021 ലെ ദേശീയ അപൂര്‍വരോഗനയ പ്രകാരം ദേശീയതലത്തില്‍ 11 കേന്ദ്രങ്ങളെ മികവിന്റെ കേന്ദ്രങ്ങളായി അംഗീകരിച്ചിട്ടുണ്ട്. ഇവയില്‍ ഒരു കേന്ദ്രം എസ്എടി ആശുപത്രിയാണ്. ഇതിനായി 3 കോടി രൂപ കേന്ദ്രം അനുവദിച്ചിട്ടുണ്ട്. കേന്ദ്ര നയ പ്രകാരം ഒരു രോഗിക്ക് പരമാവധി 50 ലക്ഷം രൂപ വരെയുള്ള ചികിത്സയാണ് ഈ കേന്ദ്രത്തിലൂടെ നല്‍കാന്‍ കഴിയുന്നത്. എന്നാല്‍ പല രോഗങ്ങളുടെയും നിലവിലെ ചികിത്സകള്‍ക്ക് ഈ തുക മതിയാകില്ല എന്നതാണ് യാഥാര്‍ഥ്യം. ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അപൂര്‍വ രോഗ പരിചരണത്തിന് ഒരു സമഗ്ര നയരൂപീകരണം ലക്ഷ്യമിടുന്നത്.

ഉയര്‍ന്ന ചെലവിന്റെ പേരില്‍ ആര്‍ക്കും ചികിത്സ പ്രാപ്യമാകാതെ പോകരുത് എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. നഗരങ്ങളില്‍ സാധാരണ ഗതിയില്‍ ജീവിത ചെലവ് താരതമ്യേന കൂടുതലാണല്ലോ. ആരോഗ്യ സേവനങ്ങളുടെ കാര്യത്തിലും അതുതന്നെയാണവസ്ഥ. അതുകൊണ്ടു തന്നെയാണ് സൗജന്യവും സമഗ്രവുമായ ചികിത്സ ലഭ്യമാക്കാനായി നഗര ജനകീയാരോഗ്യ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്. നഗരപ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ആരോഗ്യപരിരക്ഷ ലഭ്യമാക്കുന്നതിനായാണ് നിലവില്‍ 102 നഗര കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഇതുകൂടാതെ സംസ്ഥാനത്തെ 93 നഗര പ്രദേശങ്ങളിലായി 380 നഗര ജനകീയാരോഗ്യ കേന്ദ്രങ്ങള്‍ കൂടി ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. അതില്‍ 42 എണ്ണമാണ് നാടിനു സമര്‍പ്പിക്കുന്നത്.

ALSO READ: ആറ്റുകാല്‍ പൊങ്കാല: സഞ്ചരിക്കുന്ന കളിമണ്‍പാത്ര വിപണന ശാല ആരംഭിച്ചു

സംസ്ഥാനത്തെ ഓരോ നിയോജക മണ്ഡലത്തിലും ആധുനിക മെഡിക്കല്‍ സൗകര്യങ്ങളോടു കൂടിയ 10 കിടക്കകളുള്ള ഐസോലേഷന്‍ വാര്‍ഡുകള്‍ തയ്യാറാക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം 10 ഐസോലേഷന്‍ വാര്‍ഡുകളുടെ ഉദ്ഘാടനം നടന്നു. ഇപ്പോള്‍ 37 ഐസോലേഷന്‍ വാര്‍ഡുകള്‍ കൂടി നാടിന് സമര്‍പ്പിക്കപ്പെടുന്നു.

മെച്ചപ്പെട്ട ആരോഗ്യ സംവിധാനങ്ങള്‍ നിലനില്‍ക്കുമ്പോഴും പകര്‍ച്ചവ്യാധികള്‍ വളരെയേറെ കൂടുന്നുണ്ട്. ചികിത്സയും മരുന്നുകളും ഒരുക്കുന്നതുപോലെ തന്നെ പ്രധാനമാണ് രോഗപ്രതിരോധത്തിനുതകുന്ന അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുക എന്നതും. പകര്‍ച്ചവ്യാധികളുടെ പ്രതിരോധത്തിന് ഏറ്റവും പ്രധാനപ്പെട്ടതാണ് ഐസോലേഷന്‍ വാര്‍ഡുകള്‍. ഇത് കഴിഞ്ഞ കോവിഡ് കാലത്ത് പരിചിതമാണ്. ആ മാതൃകയില്‍ സംസ്ഥാനത്തെമ്പാടും ഐസോലേഷന്‍ വാര്‍ഡുകള്‍ ഒരുക്കുകയാണ്. 140 മണ്ഡലങ്ങളിലും ഇതിനായുള്ള ആരോഗ്യ സ്ഥാപനങ്ങളെ തെരഞ്ഞെടുത്തിട്ടുണ്ട്. 250 കോടി രൂപയാണ് ഇതിന് ആകെ ചെലവ് പ്രതീക്ഷിക്കുന്നത്. ഇതില്‍ 50 ശതമാനം തുക കിഫ്ബി മുഖേനയും 50 ശതമാനം തുക എംഎല്‍എമാരുടെ ആസ്തിവികസന ഫണ്ട് മുഖേനയുമാണ് ലഭ്യമാക്കുന്നത്.

ALSO READ: ‘ഡിജി കേരളം’ ക്യാമ്പയിൻ: ഫെബ്രുവരി 18ന് കുടുംബശ്രീ ‘ഡിജി കൂട്ടം’ യോഗം ചേരും

മാനവ വികസന സൂചികയില്‍ മറ്റേതൊരു ഇന്ത്യന്‍ സംസ്ഥാനത്തേക്കാളും ഏറെ മുന്നിലാണ് കേരളം. ലോകം ശ്രദ്ധിക്കുന്ന തരത്തിലുള്ള സാമൂഹിക പുരോഗതി നേടാന്‍ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് നമുക്കു കഴിഞ്ഞിട്ടുണ്ട്. ആ അടിസ്ഥാനത്തില്‍ ഊന്നിക്കൊണ്ട് ആരോഗ്യ മേഖലയിലെ രണ്ടും മൂന്നും തലമുറ പ്രശ്നങ്ങളെ അഭിമുഖീകരിക്കാന്‍ തയ്യാറെടുക്കുകയാണ് കേരളം. അതിലേക്കുള്ള ചുവടുവയ്പ്പായി മാറും ഇന്നിവിടെ ഉദ്ഘാടനം ചെയ്യപ്പെടുന്ന പദ്ധതികളെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News