‘ക്രിസ്ത്യാനികള്‍ക്കിടയിലെ എസ്.ഡി.പി.ഐ ആയ കാസയാണ് ഇപ്പോള്‍ വര്‍ഗീയ വിഷം ചീറ്റുന്നത്’; രാജേഷ് പുഞ്ചവയൽ

അമൽജ്യോതി കോളേജിലെ വിദ്യാർഥിനിയായിരുന്ന ശ്രദ്ധയുടെ ആത്മഹത്യ വഴിതിരിച്ചുവിടാനുള്ള നീക്കത്തെ എതിർക്കാൻ ആഹ്വനം ചെയ്ത് സിപിഐഎം കാഞ്ഞിരപ്പിള്ളി ഏരിയാ സെക്രട്ടറി രാജേഷ് പുഞ്ചവയൽ. സമരത്തിൽ ഇടപെട്ട എസ്എഫ്ഐക്കെതിരെ മാത്രം കാസ അടക്കമുള്ള സംഘടനകൾ പ്രതിഷേധമുയർത്തുന്നത് തിരിച്ചറിയണമെന്നും രാജേഷ് പുഞ്ചവയൽ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

പോസ്റ്റിന്റെ പൂർണ്ണരൂപം

അമല്‍ ജ്യോതി കോളേജിലെ വിദ്യാര്‍ത്ഥിനി ശ്രദ്ധ സതീഷ് എന്ന പെണ്‍കുട്ടിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഏറ്റവും അപകടകരമായതും , ഗുരുതരമായ സമൂഹിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതുമായ നീക്കങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ജനാധിപത്യ മതനിരപേക്ഷ സമൂഹം ഇതിനെ ചെറുത്തുതോല്‍പ്പിക്കാന്‍ ഒരേ മനസ്സോടെ നിലപാട് സ്വീകരിക്കുക തന്നെ വേണം.

ALSO READ: ‘അഫീഫയെ എത്രയും പെട്ടെന്ന് കോടതിയിൽ ഹാജരാക്കണം, ഞങ്ങൾക്ക് ഒരുമിച്ച് ജീവിക്കണം’; പങ്കാളിയായ അഫീഫയ്ക്ക്‌ നീതി തേടി സുമയ്യ

ഈ വിഷയത്തെ വര്‍ഗ്ഗീയമായി വ്യാഖ്യാനിക്കുകയും, സമൂഹത്തില്‍ ചേരിതിരിവ് സൃഷ്ടിക്കുകയും ചെയ്യുന്നതില്‍ ക്രിസ്ത്യന്‍ -മുസ്ലീം മതവിശ്വാസികളിലെ വര്‍ഗ്ഗീയ ശക്തികള്‍ ഒരേ പങ്കാണ് വഹിക്കുന്നത്. ഇതാകട്ടെ ക്രിസ്ത്യന്‍-മുസ്ലീം ഭിന്നത വളർത്തി, മതനിരപേക്ഷ കേരള സമൂഹത്തെ തകര്‍ക്കാനുള്ള സംഘപരിവാര്‍ ശക്തികളുടെ ആസൂത്രിത നീക്കങ്ങളെ എല്ലാ നിലയിലും സഹായിക്കുന്നതുമാണ്.
ക്രിസ്ത്യാനികള്‍ക്കിടയിലെ എസ്.ഡി.പി.ഐ ആയ കാസ എന്ന തീവ്രവര്‍ഗീയ സംഘടന ഇപ്പോള്‍ അതിന്റെ വര്‍ഗീയ വിഷം ചീറ്റുന്നത് എസ്.എഫ്.ഐയുടെയും ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെയും നേര്‍ക്കാണ്. അതിന്റെ കാരണം എസ്.എഫ്.ഐ കോളേജിലേക്ക് മാർച്ച് നടത്തി എന്നതിനാലാണ്. അതിനെ അവര്‍ വ്യാഖ്യാനിക്കുന്നത് വര്‍ഗീയമായി മാത്രമാണ്. തൊടുപുഴ അല്‍ അസര്‍ കോളജിലേക്ക് എസ്.എഫ്.ഐ മാര്‍ച്ച് നടത്തിയില്ല എന്നതാണ് അവരുടെ ആക്ഷേപം.

ALSO READ: സന്തോഷ് വര്‍ക്കിയെ കൈകാര്യം ചെയ്തതില്‍ സന്തോഷം, ഇയാളൊക്കെ ആള്‍ക്കാരില്‍ നിന്നും പൈസ വാങ്ങുന്നുണ്ട്: എന്‍ എം ബാദുഷ

കാസയും, അവരുടെ ആശയം തലയില്‍ പേറുന്നവരും അറിയാൻ പറയുകയാണ്‌.
എസ്.എഫ്.ഐയുടെ മാര്‍ച്ച് കോളേജിലേക്ക് എത്തിയത് ജൂണ്‍ 5 തിങ്കളാഴ്ച ഏകദേശം ഒന്നര മണിയോടെയാണ്. എന്നാല്‍ അമല്‍ ജ്യോതിയില്‍ കുട്ടികള്‍ പ്രക്ഷോഭം ആരംഭിച്ചത് എപ്പോഴാണ്?. രാവിലെ ഏകദേശം ഒമ്പത് മണി മുതല്‍ നൂറുകണക്കിന് കുട്ടികള്‍ കോളേജിന്റെ ചരിത്രത്തില്‍ ആദ്യമായി പ്രതിഷേധിക്കുകയും, പ്രക്ഷോഭം സംഘടിപ്പിക്കുകയും ചെയ്തിരുന്നുവെന്ന് നിങ്ങള്‍ സമ്മതിക്കുമോ?
അത് ഏതെങ്കിലും ഒരു സംഘടനയുടെ ഭാഗമായി ഉണ്ടായതല്ലെന്നും കുട്ടികൾ സ്വമേധയാ പ്രതിഷേധിക്കുന്ന നില ആയിരുന്നു എന്നും അവിടെയെത്തിയ എല്ലാവര്‍ക്കും (മാധ്യമങ്ങള്‍ ഉള്‍പ്പടെ) മനസ്സിലായതാണ്. എന്തുകൊണ്ട്‌…?
മുന്‍പുതന്നെ തിരിച്ചറിയേണ്ടതും തിരുത്തേണ്ടതും ആയ ചില ഗുരുതരമായ പ്രശ്‌നങ്ങള്‍ അവിടെയുണ്ട് എന്നതിനാല്‍തന്നെയാണത്
(വരും ദിവസങ്ങളില്‍ ഇക്കാര്യങ്ങള്‍ എല്ലാവര്‍ക്കും ബോധ്യപ്പെടുകയും ചെയ്യും).
തൊടുപുഴ കോളേജില്‍ ഒരു കുട്ടി എങ്കിലും ആത്മഹത്യയില്‍ ആ മാനേജ്മെന്റിന്റെയോ അധ്യാപകരുടെയുയോ പങ്കിനെക്കുറിച്ച് എന്തെങ്കിലും പറഞ്ഞതായി അറിയുമോ? ചുരുങ്ങിയപക്ഷം മരണപ്പെട്ട കുട്ടിയുടെ രക്ഷിതാക്കള്‍ എങ്കിലും..?
അത് മറ്റൊരു വിഷയമാണ്. അതിലും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയാണ്. ഇത് അറിയാവുന്ന കാസയും ഇതര വര്‍ഗീയ വിഷജന്തുക്കളും, എസ്.എഫ്.ഐ വെറുതെ വിടുന്നില്ല. സുഡാപ്പിയെ പേടിച്ചാണെന്നാണ് ആക്ഷേപം. തീര്‍ത്തും അപകടകരമായ കളിയാണ് ഇപ്പോള്‍ നടക്കുന്നത്.

ALSO READ: ഇനി വിട്ടുവീഴ്ചയില്ല; സംഘപരിവാർ സംഘടനകൾക്ക് നൽകിയ സർക്കാർ ഭൂമി തിരിച്ചുപിടിക്കുമെന്ന് കർണാടക സർക്കാർ

ഇന്ന് കാഞ്ഞിരപ്പള്ളിയില്‍ നടന്ന റാലിയിലും ഇത്തരം അപകടകരമായ, അന്യമത വിദ്വേഷം തുളുമ്പുന്ന മുദ്രാവാക്യങ്ങളും ആക്രോശങ്ങളും ഉണ്ടായിരുന്നു. ഇത് ആത്യന്തികമായി ഗുണം ചെയ്യുന്നത് ആർ.എസ്.എസിന് മാത്രമായിരിക്കും. വര്‍ഗീയചിന്ത ഒന്നുകൊണ്ട് മാത്രം ഈ വിഷയത്തില്‍ കോളേജിന് എതിരെ പ്രതികരിക്കുന്നവര്‍ ഉണ്ടാവാം. എന്നാല്‍ ആ ഗണത്തില്‍ എസ്.എഫ്.ഐയെയും ഇടതുപക്ഷ നിലപാടുകളെയും കൂട്ടിക്കെട്ടി, മുതലെടുക്കാന്‍ ശ്രമിക്കുന്നവരെ തിരിച്ചറിയാന്‍ ശരിയായ ജനാധിപത്യവീക്ഷണവും മതനിരപേക്ഷ ചിന്തയും ഉള്ളവര്‍ക്ക് കഴിയേണ്ടതുണ്ട്. കാസയുടെ ആക്രോശം എസ്.എഫ്.ഐക്ക് നേരെ മാത്രമാണ്‌. അന്നുതന്നെ മാര്‍ച്ച് നടത്തിയ (പേരിന് മാത്രം എങ്കിലും) കെ.എസ്.യു, എ.ബി.വി.പി സംഘടനകളോട് ഒരു ദേഷ്യവും ഇല്ല. വാത്സല്യപൂര്‍ണ്ണമായ പരിഭവം മാത്രം…
ഈ വിഷയത്തില്‍ ഏറ്റവും വേഗത്തില്‍ ഏറെ ഉചിതമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത് എന്നതില്‍ വിഷമനസ്സില്ലാത്ത ആര്‍ക്കെങ്കിലും അഭിപ്രായവ്യത്യാസം പറയാന്‍ കഴിയുമോ?

ഉന്നതവിദ്യാഭ്യാസ മന്ത്രിയും, ജില്ലയുടെ ചുമതലയുള്ള മന്ത്രിയും തൊട്ടടുത്ത ദിവസംതന്നെ സ്ഥലത്ത്‌ എത്തി വിദ്യാര്‍ഥികള്‍, കോളേജ് അധികാരികള്‍ എന്നിവരുമായി ചർച്ച നടത്തുകയും പോലീസ് ക്രൈം ബ്രാഞ്ച് അന്വേഷണം ഏര്‍പ്പെടുത്തുകയും ,മേലിൽ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള സംവിധാനങ്ങള്‍ക്ക് രൂപം നല്‍കുകയും ചെയ്യുന്ന നിലപാടാണ് സര്‍ക്കാര്‍ പൊതുവില്‍ സ്വീകരിച്ചിട്ടുള്ളത്. ഈ നിലപാടാവട്ടെ, വര്‍ഗ്ഗീയ വിഷംമുറ്റിയ, കോളേജ് തകര്‍ന്നു കാണാന്‍ ആഗ്രഹിക്കുന്ന ശക്തികള്‍ക്കും,ജനാധിപത്യപരമായി തിന്മകള്‍ക്ക് എതിരെ പ്രതികരിച്ചാല്‍ ,അതിനെതിരെ കലിതുള്ളുന്ന ശക്തികള്‍ക്കും ഒരേപോലെ നിരാശ ഉണ്ടാക്കും എന്ന കാര്യത്തിലും തര്‍ക്കമില്ല.
വിജ്ഞാനത്തിന്റെ വിശാലതയും, വിജ്ഞാനസമ്പാദനത്തിന്റെ സാധ്യതയും വിശ്വചക്രവാളത്തോളം വികാസം പ്രാപിച്ച ഇക്കാലത്ത്,
ലോകം നേടിയ വൈജ്ഞാനിക സമ്പത്തിനും, സമൂഹിക പുരോഗതിക്കും അപമാനകരവും, മനുഷ്യത്വരഹിതവും, ജനാധിപത്യവിരുദ്ധവുമായ സംഭവങ്ങൾ ഇനിയും ആവര്‍ത്തിക്കാനുള്ള സാധ്യതകള്‍ ഇല്ലാതാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ്, നാമെല്ലാവരും ഏറ്റെടുക്കേണ്ടത്. അതിനായി, മതത്തിന് അതീതമായ മാനവികതയുടെ ബോധമാണ് മനുഷ്യര്‍ എല്ലാവരും ഉയർത്തിപ്പിടിക്കേണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here