
കേന്ദ്രസർക്കാരിന്‍റെ വിവാദ വഖഫ് ബില്ലിനെ പിന്തുണച്ച സിബിസിഐയെ രൂക്ഷമായി വിമർശിച്ച് കത്തോലിക്കാ വിഭാഗം പ്രമുഖർ. ഇക്കാര്യം ചൂണ്ടിക്കാട്ടി സിബിസിഐക്ക് കത്തയച്ചു. പരിഷ്കരണം എന്ന പേരിലുള്ള കേന്ദ്രസർക്കാറിന്‍റെ കടന്നുകയറ്റത്തെ അതീവ ജാഗ്രതയോടെ വീക്ഷിക്കണമായിരുന്നു എന്ന് കത്തിൽ ചൂണ്ടിക്കാട്ടി. വഖഫ് ബില്ലിനെ പിന്തുണയ്ക്കാൻ രാഷ്ട്രീയ പാർട്ടികളോട് ആവശ്യപ്പെട്ട നിലപാട് ആശങ്കയുണർത്തുന്നാണ്. രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കെതിരെ അക്രമം ഉണ്ടാകുമ്പോൾ എല്ലാവരും ഐക്യത്തോടെ നിൽക്കണമെന്നും കത്തോലിക്കാ വിഭാഗം കത്തിൽ ആഹ്വാനം ചെയ്തു. ന്യൂനപക്ഷങ്ങൾ പരസ്പരം ഐക്യദാർഢ്യം അറിയിക്കേണ്ട ഉത്തരവാദിത്തമുണ്ട്.
രാജ്യത്തെ ന്യൂനപക്ഷങ്ങൾക്കെതിരായ കേന്ദ്രസർക്കാറിന്റെ വഖഫ് ബില്ലിനെ പിന്തുണച്ച സിബിസിഐ ക്കെതിരെ രൂക്ഷ വിമർശനമാണ് കത്തിലുള്ളത്. ബില്ലിനെ പിന്തുണയ്ക്കണമെന്ന് രാഷ്ട്രീയപ്പാർട്ടികളോട് ആവശ്യപ്പെട്ട സിബിസിഐ ഇ നിലപാട് ശരിയായില്ലെന്ന് കത്തിൽ ചൂണ്ടിക്കാണിക്കുന്നു. രാജ്യത്തുടനീളം ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുന്നതിനെതിരെ എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളും ഐക്യത്തോടെ നിൽക്കേണ്ടത് ആവശ്യമാണ്.
ALSO READ; രാജ്യത്ത് ഭവന, വാഹന വായ്പ പലിശ കുറയും; റിസര്‍വ് ബാങ്ക് വീണ്ടും റിപ്പോ നിരക്ക് കുറച്ചു
വഖഫ് നിയമം കൊണ്ടുവന്നതിലൂടെ മുസ്ലിങ്ങൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾ നേരിടേണ്ടിവരുന്ന ആശങ്കകളും കത്തിൽ പങ്കുവെച്ചിട്ടുണ്ട്. അതേസമയം മുനമ്പമൊരു പ്രാദേശിക വിഷയമാണെന്നും, ഇതിന്‍റെ പേരിൽ ദേശീയ പ്രാധാന്യമുള്ള ന്യൂനപക്ഷത്തിനെതിരായ ബില്ലിനെ പിന്തുണയ്ക്കുന്നത് ശരിയായില്ലെന്നും കത്തിൽ കുറ്റപ്പെടുത്തി. മുനമ്പം വിഷയം ചർച്ചകളിലൂടെയും കൂടിയാലോചനകളിലൂടെയും പരിഹരിക്കേണ്ടതാണെന്നും, പരിഷ്കരണത്തിന്‍റെ പേര് പറഞ്ഞ് വേഷം മാറിയെത്തിയ നിയമം താമസിയാതെ ക്രിസ്ത്യാനികൾ ഉൾപ്പെടെയുള്ള മത ന്യൂനപക്ഷങ്ങളിലേക്ക് എത്തുമെന്നും സിബിസിഐക്ക് കത്തിലൂടെ മുന്നറിയിപ്പു നൽകി.
മതസ്വാതന്ത്ര്യത്തെയും ന്യൂനപക്ഷ അവകാശങ്ങളെയും വിശാല അർത്ഥത്തിൽ കാണണമെന്നും ന്യൂനപക്ഷ അവകാശങ്ങൾക്ക് ഭീഷണി ഉണ്ടാകുന്ന സമയത്ത് അവരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയാണ് വേണ്ടതെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. പ്രസ്താവനകൾ ഇറക്കുമുമ്പ് സിബിസി ആഴത്തിൽ പരിശോധന നടത്തണമെന്നും കത്തിൽ വ്യക്തമാക്കി. മനുഷ്യവകാശ പ്രവർത്തകനും അഭിഭാഷകനുമായ സൂസൻ അബ്രഹാം, അസം ന്യൂനപക്ഷ കമ്മീഷൻ മുൻ ചെയർപേഴ്സൺ അലൻ ബ്രൂക്സ് തുടങ്ങി പതിനഞ്ചോളം വരുന്ന ക്രൈസ്തവ പ്രമുഖരും ആക്ടിവിസ്റ്റുകളുമാണ് സിബിസിഐക്ക് അയച്ച കത്തിൽ ഒപ്പു വച്ചിട്ടുള്ളത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here