
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഉത്തര കടലാസിന്റെ പകർപ്പ് മാറി നല്കിയതിൽ വീഴ്ച സമ്മതിച്ച് സിബിഎസ്ഇ. പരാതി ഉന്നയിച്ച വിദ്യാർത്ഥികൾക്ക് അവരുടെ യഥാർത്ഥ പേപ്പർ സിബിഎസ്ഇ കൈമാറി. ദില്ലി സ്വദേശിയായ വിദ്യാർത്ഥി വേദാന്ത്, മറ്റൊരു വിദ്യാർത്ഥി സഞ്ജന എന്നിവരാണ് ഉത്തര പേപ്പറുകൾ മാറി നൽകിയെന്ന സമൂഹ മാധ്യമങ്ങളിൽ വെളിപ്പെടുത്തിയത്. പരാതി നൽകിയ വിദ്യാർഥികൾക്കെതിരെ വ്യാപക സൈബർ ആക്രമണം ആണ് നടന്നത്.
പ്ലസ്ടു പരീക്ഷയുടെ മൂല്യനിർണയത്തിൽ അപാകതകളുണ്ടായിട്ടുണ്ടെന്ന പരാതികളെ തുടർന്ന് ഉത്തരക്കടലാസ് ഡൗൺലോഡ് ചെയ്യാൻ വിദ്യാർഥികൾക്ക് അവസരം നൽകിയിരുന്നു. ഇതേതുടർന്ന് അപേക്ഷ നൽകിയ വേദാന്ത് എന്ന വിദ്യാർഥിക്കാണ് സ്വന്തം ഉത്തരപേപ്പറിന് പകരം മറ്റൊരാളുടെ ഉത്തരപേപ്പർ ലഭിച്ചത്.
ALSO READ: കർണാടകയിൽ നേതൃമാറ്റം; സിദ്ധരാമയ്യ രാജിവെച്ചേക്കുമെന്ന് സൂചന
കൈയക്ഷരത്തിലുൾപ്പെടെയുള്ള വ്യത്യാസങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് ഉത്തരപേപ്പറിന്റെ ചിത്രങ്ങളുൾപ്പെടെ ദിവസങ്ങൾക്ക് മുമ്പ് തന്നെ വേദാന്ത് എക്‌സിൽ പങ്കുവെച്ചിരുന്നു. തുടർന്ന് ഈ വിദ്യാർഥിക്ക് നേരെ വ്യാപകമായ രീതിയിൽ സൈബറാക്രമണമുണ്ടായി. വേദാന്തിന്റെത് വ്യാജ പ്രൊഫൈൽ ആണെന്നും ഇയാൾ പാകിസ്താനിയാണെന്നും അടക്കമുള്ള പ്രചാരണങ്ങളാണ് സംഘപരിവാർ കേന്ദ്രങ്ങൾ സോഷ്യൽമീഡിയയിൽ ഉയർത്തിയത്. ഇതിന് പിന്നാലെയാണ് സിബിഎസ്ഇയുടെ കുറ്റസമ്മതം. ഇതോടെ പരീക്ഷ നടത്തിപ്പിൽ വ്യാപക പിഴവ് വരുത്തി വിദ്യാർത്ഥികളുടെ ജീവിതം പ്രതിസന്ധിയിലാക്കിയ സിബിഎസ്ഇ ക്കെതിരെ വിമർശനം ശക്തമാവുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

