
സി ബി എസ് ഇ പരീക്ഷാ മൂല്യനിർണയ വിവാദങ്ങളിൽ പരീക്ഷാ നടത്തിപ്പിലെ പിഴവുകളുടെ പൂർണ ഉത്തരവാദിത്തം ഏറ്റെടുത്ത് വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. സർക്കാരിൻ്റെ മുഖം രക്ഷിക്കുകയെന്നതാണ് ലക്ഷ്യം. എന്നാൽ ഇത്ര വലിയ വീഴ്ചകൾ നിരന്തരം ഉണ്ടാകുമ്പോഴും രാജി അടക്കമുള്ള കാര്യങ്ങളിൽ യാതൊരു പ്രതികരണങ്ങളുമില്ല. കുറ്റക്കാർക്കെതിരെ കർശന
നടപടി സ്വീകരിക്കുമെന്നാണ് ധർമ്മേന്ദ്ര പ്രാധാനിൻ്റെ വാദം.
സി ബി എസ് ഇ പരീക്ഷയിലെ ഡിജിറ്റൽ മൂല്യനിർണയ പ്രക്രിയയായ ‘ഓൺ സ്‌ക്രീൻ മാർക്കിംഗ്’ സംവിധാനവുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള ക്രമക്കേടുകളും പരാതികളും ഉയർന്ന പശ്ചാത്തലത്തിലാണ് ധർമേന്ദ്ര പ്രധാൻ മുഖം രക്ഷിക്കാനായി വീഴ്ച സ്വയം ഏറ്റെടുത്തത്. അതെ സമയം നീറ്റ് പുന:പരീക്ഷയിൽ പുതിയ നീക്കവുമായി കേന്ദ്രസർക്കാർ രംഗത്തെത്തി. ചോദ്യപേപ്പറുകൾ സുരക്ഷിതമായി എത്തിക്കാൻ പ്രതിരോധ സേനകളുടെ സഹായം വിദ്യാഭ്യാസ മന്ത്രാലയം തേടിയിട്ടുണ്ട്.
പ്രതിരോധ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആണ് ഇക്കാര്യം ചർച്ചയായത്. വ്യോമസേനയുടെ ട്രാൻസ്പോർട്ട് വിമാനങ്ങൾ ഉപയോഗിച്ച് ചോദ്യ പേപ്പറുകൾ അതത് സംസ്ഥാനങ്ങളിൽ എത്തിക്കാനാണ് പദ്ധതി. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉടൻ ഉണ്ടാകും. നേരത്തെ പോസ്റ്റൽ സർവീസ് വഴിയാണ് ചോദ്യപേപ്പർ എത്തിച്ചിരുന്നത്. ചോദ്യപേപ്പർ ചോർച്ച ഒഴിവാക്കുന്നതിനാണ് ഇത്തരമൊരു നടപടിയെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

