
ജനങ്ങളിലേക്ക് അപകട മുന്നറിയിപ്പുകൾ എത്തിക്കാൻ നടപ്പാക്കിയ സെൽ ബ്രോഡ്കാസ്റ്റ് സേവനം താൽക്കാലികമായി നിർത്തിവച്ച് കേന്ദ്രം. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ സെൽ ബ്രോഡ്കാസ്റ്റ് നടത്തേണ്ടതില്ലെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി(എൻഡിഎംഎ) ഉത്തരവിട്ടു. ഈ മാസം 12നാണ് ഉത്തരവ് പുറത്തുവന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉപയോഗിക്കുന്ന ഫോൺ നമ്പറിലേക്ക് അർധരാത്രി സന്ദേശം എത്തിയതാണ് ധ്രുതഗതിയിൽ സെൽ ബ്രോഡ്കാസ്റ്റ് നിർത്തിവെക്കാൻ കാരണമായതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പൊതുവെ പ്രധാന പദവികൾ വഹിക്കുന്നവരുടെ ഫോണുകളെ ഇത്തരം സന്ദേശങ്ങളിൽ നിന്ന് ഒഴിവാക്കാറുണ്ട്. വലിയ ശബ്ദത്തോടെയാണ് ഫോണുകളിലേക്ക് മുന്നറിയിപ്പ് സന്ദേശം എത്തുക. മോദിയുടെ മൊബൈലിലേക്കും ഇത്തരത്തിൽ അറിയിപ്പ് വന്നതാണ് സർവീസ് പിൻവലിക്കുന്നതിലേക്ക് നയിച്ചതെന്നാണ് സൂചന.
പ്രകൃതിദുരന്തങ്ങളിൽ അടിയന്തര അറിയിപ്പുകൾ മൊബൈൽ ഫോണുകൾ വഴി ആളുകളിലേക്ക് എത്തിക്കാൻ വേണ്ടിയാണ് സെൽ ബ്രോഡ്കാസ്റ്റ് പദ്ധതി നടപ്പാക്കിയത്. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിലാണ് കോമൺ അലർട്ടിങ് പ്രോട്ടോക്കോൾ പദ്ധതി നടപ്പിലാക്കുന്നത്. 2023 മുതൽ പരീക്ഷണാടിസ്ഥാനത്തിൽ ആയിരുന്നു തുടക്കം. പിന്നാലെ പദ്ധതി വിജയിച്ച ശേഷം രാജ്യവ്യാപകമായി നടപ്പാക്കുകയായിരുന്നു. ചുഴലിക്കാറ്റ്, ശക്തമായ മഴ എന്നിവയെക്കുറിച്ചുള്ള വിവരമാണ് അലേർട്ടായി ആളുകളിലേക്ക് എത്തിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

