
സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച രണ്ട് വന്‍ ടൂറിസം പദ്ധതികള്‍ക്ക് കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു. സ്വദേശ് ദര്‍ശന്‍ 2.0 സ്‌കീം പരിധിയില്‍ ഉള്‍പ്പെടുത്തിയാണ് 169.05 കോടി രൂപയുടെ അനുമതി. ആലപ്പുഴയിലെ ജലടൂറിസം പദ്ധതിക്കും മലമ്പുഴ ഉദ്യാനവും പാര്‍ക്കും സൗന്ദര്യവത്കരിക്കുന്നതിനുമാണ് അനുമതി ലഭിച്ചത്. തീരുമാനം സ്വാഗതം ചെയ്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്.
സംസ്ഥാന ടൂറിസം വകുപ്പ് തയ്യാറാക്കിയ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് ടൂറിസം വകുപ്പ് കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് സമര്‍പ്പിച്ചിരുന്നു. കേന്ദ്ര മോണിറ്ററിംഗ് കമ്മിറ്റിയുടെ വിലയിരുത്തലിന് ശേഷമാണ് ആലപ്പുഴ പദ്ധതിക്ക് 9.31 കോടി രൂപയും മലമ്പുഴ പദ്ധതിക്ക് 7.58 കോടി രൂപയും അനുവദിച്ചിരിക്കുന്നത്. ‘ആലപ്പുഴ-എ ഗ്ലോബല്‍ വാട്ടര്‍ വണ്ടര്‍ലാന്‍ഡ്’ എന്ന പദ്ധതിക്ക് 9317.17 ലക്ഷം രൂപയും മലമ്പുഴ ഉദ്യാനവും പാര്‍ക്കും മോടിപിടിപ്പിക്കുന്നതിന് 7,587.43 ലക്ഷം രൂപയുമാണ് മൊത്തം ചെലവ് പ്രതീക്ഷിക്കുന്നത്.
ALSO READ: സ്വാതന്ത്രസമരത്തെയും ചരിത്രത്തെയും ആർഎസ്എസിന് ഭയമാണ്: വി കെ സനോജ്
ആലപ്പുഴയിലെയും മലമ്പുഴയിലെയും പുതിയ ടൂറിസം പദ്ധതികള്‍ക്കുള്ള കേന്ദ്ര സര്‍ക്കാര്‍ അനുമതി കേരള ടൂറിസത്തെ സംബന്ധിച്ച് വലിയ നേട്ടമാണെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ആലപ്പുഴയിലെ ജലാശയങ്ങളെ ബന്ധിപ്പിച്ചു കൊണ്ടുള്ള ‘ആലപ്പുഴ-എ ഗ്ലോബല്‍ വാട്ടര്‍ വണ്ടര്‍ലാന്‍ഡ്’ എന്ന പദ്ധതി ആലപ്പുഴയെ പുതിയ ടൂറിസം ആകര്‍ഷണകേന്ദ്രമാക്കും എന്ന കാര്യത്തില്‍ സംശയമില്ല. വന്‍തോതില്‍ വിദേശസഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാന ടൂറിസം കേന്ദ്രമാണ് ആലപ്പുഴ. കായല്‍ ടൂറിസത്തില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആലപ്പുഴയുടെ ടൂറിസം സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് ഈ പദ്ധതിക്കാകുമെന്നും മന്ത്രി പറഞ്ഞു
സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസം കേന്ദ്രമായ മലമ്പുഴ ഉദ്യാനവും പരിസരവും കൂടുതല്‍ ആകര്‍ഷണീയമാക്കുന്നതിന് ഈ പദ്ധതി സഹായകമാകും. മലമ്പുഴയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടാണ് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തെയാകെ ഒരു ടൂറിസം കേന്ദ്രമാക്കി വളര്‍ത്താനുള്ള കേരള ടൂറിസത്തിന്റെ പരിശ്രമങ്ങള്‍ക്ക് കരുത്ത് പകരുന്നതാണ് ഈ പദ്ധതികളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ ടൂറിസം പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനായി കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്ത് ഈ മാസം ആദ്യം തലസ്ഥാനം സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തോട് ഈ വിഷയങ്ങള്‍ സംസാരിച്ചിരുന്നതായി മന്ത്രി പറഞ്ഞു.
ആലപ്പുഴയിലെ ജലാശയങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ആലപ്പുഴ-എ ഗ്ലോബല്‍ വാട്ടര്‍ വണ്ടര്‍ലാന്‍ഡ് പദ്ധതിയില്‍ ബീച്ച് ഫ്രണ്ട് വികസനം, കനാല്‍ പരിസര വികസനം, അന്താരാഷ്ട്ര ക്രൂയിസ് ടെര്‍മിനല്‍, സാംസ്‌കാരിക-സാമൂഹ്യ പരിപാടികള്‍ക്കുള്ള സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.
തീം പാര്‍ക്കുകള്‍, വാട്ടര്‍ ഫൗണ്ടനുകള്‍, സാംസ്‌കാരിക കേന്ദ്രങ്ങള്‍, ലാന്‍ഡ്സ്‌കേപ്പിംഗ്, മെച്ചപ്പെട്ട സൗകര്യങ്ങള്‍, സുസ്ഥിര മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ എന്നിവയുടെ വികസനമാണ് മലമ്പുഴയുടെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
2026 മാര്‍ച്ച് 31 ന് മുമ്പ് രണ്ട് പദ്ധതികളും പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here