കാസർഗോഡ് പെരിയയിലെ കേന്ദ്ര കേരള സർവ്വകലാശാലയിൽ പുതിയ പൂജാ വിവാദം. ബോയ്‌സ് ഹോസ്റ്റലിലേക്ക് കാനറ ബേങ്ക് നൽകിയ ബസിൻ്റെ താക്കോൽ കൈമാറ്റ ചടങ്ങിനു മുന്നോടിയായാണ് പൂജ നടത്തിയത്. സർവ്വകലാശാല ജീവനക്കാരൻ ആണ് പൂജ നടത്തിയത്. സർവ്വകലാശാലയുടെ പൊതു ഇടത്തിൽ മതപരമായ ചടങ്ങ് നടത്തരുതെന്ന മാനദണ്ഡമാണ് ഇവിടെ കാറ്റിൽ പറത്തിയത്. വി.സി പ്രൊഫസർ സിദ്ധു പി അൽഗൂർ, റജിസ്ട്രാർ തുടങ്ങിയവർ അഡ്മിൻ ബ്ലോക്കിന് മുൻപിൽ നടന്ന പൂജയ്ക്ക് സാക്ഷികളായി പങ്കെടുത്തു. മുൻപ് ഹോസ്റ്റൽ കെട്ടിടം, ലൈബ്രറി എന്നിവിടങ്ങളിൽ സമാനമായ പൂജകൾ നടത്തിയത് വിവാദങ്ങൾക്കും വിദ്യാർഥി പ്രതിഷേധങ്ങൾക്കും കാരണമായിരുന്നു.
സർവ്വകലാശാലയുടെ മതനിരപേക്ഷ അന്തരീക്ഷം തകർക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങളുടെ ഭാഗമാണിതെന്ന് ആരോപിച്ച് എസ് എഫ് ഐ രംഗത്ത് വന്നു. സർവകലാശാലയുടെ ഔദ്യോഗിക പരിപാടികൾ ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷത, സമത്വം എന്നീ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കേണ്ടതാണ്. അത്തരമൊരു ഔദ്യോഗിക പരിപാടിയുടെ ഭാഗമായി മതപരമായ ചടങ്ങ് സംഘടിപ്പിച്ചത് ഈ തത്വങ്ങൾക്ക് വിരുദ്ധവും അംഗീകരിക്കാനാവാത്തതുമായ നടപടിയാണ് എന്ന് എസ് എഫ് ഐ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

