വിഷു കളറാക്കാന്‍ കിടുക്കാച്ചി ചക്ക പ്രഥമനായാലോ…

chakka pradhaman

പായസമില്ലാതെ എന്ത് വിഷു അല്ലേ? ഉച്ചയ്ക്ക് സദ്യക്കുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി പായസം ഉണ്ടാക്കാനുള്ള തയ്യാറെടുപ്പിലാണോ നിങ്ങൾ? ഇന്ന് ഏത് പായസം വെക്കാനാണ് പ്ലാൻ. സേമിയയോ, അടപ്രഥമനോ? അതോ എന്തെങ്കിലും വെറൈറ്റി പിടിക്കാനാണോ പ്ലാൻ? എങ്കിലൊരു ചക്ക പായസം ആയാലോ? നല്ല മധുരമൂറും ചക്ക കൊണ്ട് ഒരു കിടുക്കാച്ചി പ്രഥമൻ ഇന്ന് നമ്മുക്ക് ഉണ്ടാക്കാം. റെസിപ്പി ഇതാ…

ആവശ്യമായ ചേരുവകൾ:

പഴുത്ത ചക്ക – പകുതി
വെള്ളം – 1/2 കപ്പ്
ശർക്കര – 300 ഗ്രാം
തേങ്ങാപ്പാൽ – 1 തേങ്ങയുടെ ഒന്നാം പാലും രണ്ടാം പാലും
നെയ്യ് – 1 ടേബിൾസ്പൂൺ
ചുക്കും ജീരകവും പൊടിച്ചത് – 1 ടീസ്പൂൺ
ഏലയ്ക്കാപ്പൊടി – 1/ 4 ടീസ്പൂൺ
കശുവണ്ടി – 15 എണ്ണം
ഉണക്ക മുന്തിരി – 15 എണ്ണം
തേങ്ങാക്കൊത്ത് – 2 ടേബിൾസ്പൂൺ
ഉപ്പ് – 1 നുള്ള്

തയാറാക്കുന്ന വിധം:

ചക്ക ചുളകൾ ചെറിയ കഷ്ണങ്ങൾ ആയി അരിഞ്ഞെടുത്ത ശേഷം അരക്കപ്പ് വെള്ളം ചേർത്ത് ഒരു കുക്കറിൽ രണ്ട് വിസിലിൽ വേവിച്ചെടുക്കണം. ഇനി ഒരു ഉരുളിയിൽ അല്പം നെയ്യ് ചേർത്തു ചൂടായി വരുമ്പോൾ വേവിച്ചു വച്ച ചക്ക ചേർത്ത് വെള്ളം വറ്റി വരുന്നതു വരെ ചെറിയ തീയിൽ വഴറ്റി എടുക്കാം. ഇനി ശർക്കര മധുരം അനുസരിച്ച് ചേർത്ത് ഇളക്കി വഴറ്റി എടുക്കണം. ഇത്നന്നായി വഴണ്ടു വരുമ്പോൾ തേങ്ങയുടെ രണ്ടാം പാൽ കൂടി ഇതിലേക്ക് ചേർക്കണം. ശേഷം നന്നായി ഇളക്കി കുറുക്കി എടുക്കണം. തുടർന്ന് ഇതിലേക്ക് ചുക്കും ജീരകവും പൊടിച്ചതും ഏലയ്ക്കാപ്പൊടിയും ചേർക്കാം. ഇനി ഇതിലേക്ക് അൽപ്പം ഉപ്പ് കൂടി ചേർത്ത് ഇളക്കി യോജിപ്പിക്കണം. ഏറ്റവും ഒടുവിലായി ഒന്നാം പാൽ ചേർത്ത് ചൂടായി വരുമ്പോൾ നെയ്യിൽ വറുത്തെടുത്ത കശുവണ്ടിയും ഉണക്ക മുന്തിരിയും തേങ്ങാക്കൊത്തും ഇതിലേക്ക് ഇടാം. ഇതോടെ നല്ല കിടുക്കാച്ച് ചക്ക പ്രഥമൻ റെഡി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here