
ചാലക്കുടി പോട്ട ബാങ്ക് കവര്‍ച്ചാ കേസിലെ പ്രതി റിജോ ആന്റണി റിമാന്‍ഡില്‍. ചാലക്കുടി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. പ്രതിയുമായി പൊലീസ് തിങ്കളാഴ്ച തെളിവെടുപ്പും നടത്തിയിരുന്നു. പൊലീസ് നല്‍കിയ കസ്റ്റഡി അപേക്ഷ കോടതി നാളെ പരിഗണിക്കും.
തിങ്കളാഴ്ച വൈകിട്ട് വൈദ്യപരിശോധനയ്ക്ക് ശേഷം ചാലക്കുടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. തന്നിലേക്ക് എത്താന്‍ ഒരു തെളിവും ബാക്കിയില്ലെന്നു കരുതിയ പ്രതിയെ ശ്രദ്ധാപൂര്‍വമുള്ള നീക്കത്തിലൂടെയാണ് പൊലീസ് വലയിലാക്കിയത്. ഞായറാഴ്ച രാത്രിയോടെയാണ് ആശാരിപ്പാറയിലെ വീട്ടില്‍ നിന്നും പ്രതി റിജോ ആന്റണി പിടിയിലായത്. തിങ്കളാഴ്ച പുലര്‍ച്ചെ പ്രതിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 12 ലക്ഷം രൂപ പൊലീസ് കണ്ടെടുത്തു. ബാങ്ക് ജീവനക്കാരെ ഭയപ്പെടുത്താന്‍ ഉപയോഗിച്ച കത്തിയും കവര്‍ച്ചാ സമയത്ത് ധരിച്ചിരുന്ന വസ്ത്രവും വീട്ടില്‍ നിന്ന് കണ്ടെത്തിയിരുന്നു.
Read Also: ജിതിന്‍ വധക്കേസിലെ മുഴുവൻ പ്രതികളും പിടിയിൽ; അറസ്റ്റ് ചെയ്തത് ഒരു ദിവസത്തിനുള്ളിൽ
പ്രതി റിജോ ആന്റണിയുമായി രാവിലെ 11.30 ഓടെ അന്നനാടുള്ള സുഹൃത്തിന്റെ വീട്ടില്‍ എത്തിച്ചാണ് പൊലീസ് ആദ്യം തെളിവെടുപ്പ് നടത്തിയത്. കടം വീട്ടാനായി പ്രതി നല്‍കിയ മൂന്ന് ലക്ഷത്തോളം രൂപ ഇവിടെ നിന്ന് കണ്ടെത്തി. തുടര്‍ന്ന് കവര്‍ച്ച നടന്ന പോട്ടയിലെ ഫെഡറല്‍ ബാങ്ക് ശാഖയില്‍ എത്തിച്ചും തെളിവെടുപ്പ് നടത്തി. കവര്‍ച്ച നടത്തിയ രീതി പ്രതി പൊലീസിനോട് വിശദീകരിച്ചു. കവര്‍ച്ചയ്ക്കു ശേഷം പല തവണ വേഷം മാറി സഞ്ചരിച്ച പ്രതിയെ കണ്ടെത്തുന്നതില്‍ നിര്‍ണായക വഴിത്തിരിവായത് ഷൂസിന്റെ നിറവും ഹെല്‍മെറ്റുമായിരുന്നു. അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കാണെന്ന പ്രതീതി പൊലീസ് ജനിപ്പിച്ചതും പ്രതിയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

