ഹോം ഗ്രൗണ്ടില്‍ ബാഴ്സയ്ക്ക് തോല്‍വി, ലിവര്‍പൂളിന് വീണ്ടും അടിതെറ്റി

Champions League Quarter

ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ആദ്യ പാദത്തില്‍ ബാഴ്സലോണയെ തകര്‍ത്ത് അത്‌ലറ്റിക്കോ മാഡ്രിഡ്. ബാഴ്സയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് അത്‌ലറ്റിക്കോ ബാഴ്സയെ തോല്‍പ്പിച്ചത്. ഹൂലിയന്‍ അല്‍വാരസ്, അലക്സാണ്ടര്‍ സോര്‍ലോത്ത് എന്നിവര്‍ അത്‌ലറ്റിക്കോയ്ക്കായി ലക്ഷ്യം കണ്ടു.

കഴിഞ്ഞ ദിവസം സ്പാനിഷ് ലാലിഗയില്‍ അത്‌ലറ്റിക്കോയെ തോല്‍പ്പിച്ചതിന്‍റെ ആത്മവിശ്വാസത്തില്‍ കളിക്കാനിറങ്ങിയ ബാഴ്സയ്ക്ക് മത്സരത്തിന്‍റെ ആദ്യ പകുതിയില്‍ തന്നെ തിരിച്ചടി നേരിട്ടു. മാര്‍ക്കസ് റാഷ്ഫോര്‍ഡിന്‍റെ തകര്‍പ്പന്‍ മുന്നേറ്റങ്ങള്‍ക്ക് അത്‌ലറ്റിക്കോ ഗോളി മുസ്സോയുടെ പ്രതിരോധങ്ങളെ മറികടക്കാനായില്ല. മുന്നേറ്റ താരം ലാമിന്‍ യമാലിന്‍റെ പാസില്‍ റാഷ്ഫോര്‍ഡ് വലകുലുക്കിയെങ്കിലും ഓഫ്സൈഡ് വിധി തിരിച്ചടിയായി. ആദ്യ പകുതിയുടെ അവസാന മിനിറ്റില്‍ ഗോള്‍ ലക്ഷ്യമാക്കി കുതിച്ച അത്‌ലറ്റിക്കോ താരം സിമിയോണിയെ വീഴ്ത്തിയതിന് പൗ കുബാര്‍സിക്ക് റഫറി ചുവപ്പ് കാര്‍ഡ് നല്‍കി. പിന്നാലെ ലഭിച്ച ഫ്രീ കിക്ക് മനോഹരമായ കര്‍വിങ് ഷോട്ടിലൂടെ ഹൂലിയന്‍ അല്‍വാരസ് വലയിലെത്തിച്ചു. രണ്ടാം പകുതിയില്‍ പകരക്കാരനായി ഇറങ്ങിയ സോര്‍ലോത്തിലൂടെ അത്‌ലറ്റിക്കോ ലീഡ് രണ്ടായി ഉയര്‍ത്തി. റുഗേരിയുടെ ക്രോസില്‍ നിന്നായിരുന്നു സോര്‍ലോത്തിന്‍റെ ഗോള്‍.

Also Read: ഞങ്ങൾ തളർന്നിട്ടില്ല, ഒരു ഗോൾ അകലെ മാത്രം! മ്യൂണിക്കിൽ അത്ഭുതങ്ങൾ കാട്ടാൻ റയൽ മഡ്രിഡ്; ബയേണിന് മുന്നറിയിപ്പുമായി ആർബെലോവ

ക്വാര്‍ട്ടര്‍ ഫൈനലിന്‍റെ രണ്ടാം പാദം ഈ മാസം 15ന് അത്‌ലറ്റിക്കോയുടെ ഹോം ഗ്രൗണ്ടായ മെട്രോപോളിറ്റാനോ ഗ്രൗണ്ടില്‍ നടക്കും.

മറ്റൊരു ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ പി എസ് ജി, ലീവര്‍പൂളിനെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. കളിയുടെ പതിനൊന്നാം മിനിട്ടില്‍ തന്നെ ഡിസൈര്‍ ഡ്യൂ പി എസ് ജിയെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയിൽ ക്വിച്ച ക്വാറത്സെലിയ പി.എസ്.ജിയുടെ ലീഡ് രണ്ടായി ഉയര്‍ത്തി. എഫ്.എ കപ്പില്‍ മാഞ്ചസ്റ്റർ സിറ്റിയോട് തോറ്റതിന് പിന്നാലെ ചാമ്പ്യന്‍സ് ലീഗിലും തോല്‍വി വഴങ്ങിയതോടെ ലിവര്‍പൂളിന്‍റെ സീസണ്‍ പ്രതീക്ഷകള്‍ ഏതാണ്ട് അവസാനിച്ചു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 31 മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ 49 പോയിന്‍റുമായി ലിവര്‍പൂള്‍ അഞ്ചാം സ്ഥാനത്താണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News