
ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ ആദ്യ സെമി ഫൈനലിൽ പി എസ് ജി ക്ക് ജയം. ആദ്യ പാദ മത്സരത്തിൽ ആഴ്‌സണലിനെ അവരുടെ തട്ടകത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് പിഎസ്ജി തോൽപ്പിച്ചത്. കളി ആരംഭിച്ച് നാലാം മിനിറ്റിൽ ഔസ്മാൻ ഡെമ്പാലയാണ് ആഴ്‌സണലിന്‍റെ വലയിലേക്ക് വെടി പൊട്ടിച്ചത്. ഇടതുവിങ്ങില്‍ നിന്ന് മുന്നേറിയ വിങ്ങര്‍ ക്വച്ച ക്വാറട്‌സ്‌കേലിയ നീട്ടി നൽകിയ പന്ത് കുതിച്ചെത്തിയ ഡെമ്പാല കാലിലാക്കി. തുടർന്ന് ഒരു ഉഗ്രന്‍ ഇടംകാലന്‍ ഷോട്ടിലൂടെ താരം വലകുലുക്കുകയായിരുന്നു. തിരിച്ചടിക്കാൻ ഗണ്ണേഴ്‌സ് നടത്തിയ ശ്രമങ്ങൾ ഫ്രഞ്ച് വമ്പന്റെ പ്രതിരോധ മതിലിൽ തട്ടി തകർന്നു. തുടർന്ന് ആദ്യ പകുതി ഗോൾരഹിതമായി അവസാനിച്ചു.
ALSO READ; ഡൽഹിയെ എറിഞ്ഞ് വീഴ്ത്തി കൊൽക്കത്ത; 14 റൺസിന്റെ വിജയം
രണ്ടാം പകുതിയിലും ആഴ്സണൽ തിരിച്ചടിക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കിയെങ്കിലും മല പോലെ നിന്ന പി എസ് ജി പ്രതിരോധം ഗണ്ണേഴ്‌സിന്റെ ഷോട്ടുകളെ പ്രതിരോധിച്ചു. ഡെക്ലൻ റൈസിന്‍റെ ഫ്രീ കിക്കിന് തല വെച്ച് മികേൽ മെറിനോ സമനില ഗോൾ നേടിയെങ്കിലും വാറിൽ ഓഫ്‌സൈഡ് ആണെന്ന് തെളിഞ്ഞതോടെ ആ പ്രതീക്ഷയും അസ്തമിച്ചു. ഈ മത്സരത്തിന്‍റെ ജയത്തോടെ പിഎസ്ജി ഫൈനൽ പ്രതീക്ഷകൾ സജീവമാക്കി.
അതേസമയം മറ്റൊരു സെമിയില്‍ ഇന്ന് വമ്പന്മാരായ ബാഴ്‌സലോണയും ഇന്‍റര്‍മിലാനും ഏറ്റുമുട്ടും. സ്പാനിഷ് കോപ്പ ഡെൽ റേ ഫൈനലിൽ നടന്ന എൽ ക്ലാസിക്കോ യുദ്ധത്തിൽ റയൽ മഡ്രിഡിനെ കീഴടക്കി കപ്പുയർത്തിയതിന്‍റെ ആവേശത്തിലാണ് ബാഴ്‌സലോണ സ്വന്തം തട്ടകത്തിൽ കളിക്കാനിറങ്ങുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

