
ദുബായ്: ചാംപ്യൻസ് ട്രോഫി ടൂർണമെന്‍റ് ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ ഇന്ത്യൻ ടീമിന് കനത്ത തിരിച്ചടി. ബോളിങ് കോച്ച് മോണി മോർക്കൽ പിതാവിന്‍റെ മരണത്തെ തുടർന്ന് നാട്ടിലേക്ക് മടങ്ങി. ഇന്ത്യൻ ടീമിനൊപ്പമുണ്ടായിരുന്ന അദ്ദേഹം ദുബായിൽനിന്നാണ് ദക്ഷിണാഫ്രിക്കയിലേക്ക് പോയത്. ചാംപ്യൻസ് ട്രോഫിയിൽ ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
ചാംപ്യൻസ് ട്രോഫി ടൂർണമെന്‍റ് പാകിസ്ഥാനാലാണ് നടക്കുന്നതെങ്കിലും, ഇന്ത്യയുടെ മത്സരം ദുബായിലാണ്. ഇന്ത്യയുടെ പേസാക്രമണത്തിന് കുന്തമുനയായിരുന്ന ജസ്പ്രിത് ബുംറയുടെ അഭാവത്തിൽ, മോണെ മോർക്കലിന്‍റെ സാന്നിദ്ധ്യമായിരുന്നു ഇന്ത്യയുടെ കരുത്ത്. ബുംറ കളിക്കാത്തതുകൊണ്ട് തന്ന മുഹമ്മദ് ഷമിയുടെ അനുഭവസമ്പത്താണ് ഇന്ത്യൻ ബോളിങ് നിരയ്ക്ക് പ്രതീക്ഷയേകുന്നത്. അതേസമയം നാട്ടിലേക്ക് മടങ്ങിയ മോണെ മോർക്കൽ ചാംപ്യൻസ് ട്രോഫിയ്ക്കിടയിൽ തിരികെ വരുമോയെന്ന കാര്യത്തിൽ ടീം മാനേജ്മെന്‍റിനും ബിസിസിഐയ്ക്കും ഉറപ്പില്ല.
Also Read- രഞ്ജി ട്രോഫി സെമി ഫൈനലിൽ ഗുജറാത്തിനെതിരെ കേരളം ശക്തമായ നിലയിൽ
ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യ മൂന്ന് മത്സരങ്ങൾ ദുബായിൽ കളിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. ഗ്രൂപ്പ് ഘട്ട മത്സരങ്ങളിൽ ബംഗ്ലാദേശ്, പാകിസ്ഥാൻ, ന്യൂസിലാൻഡ് എന്നിവരെയാണ് ഇന്ത്യ നേരിടുന്നത്. ടൂർണമെൻ്റിൻ്റെ സെമി ഫൈനലിലേക്കും ഫൈനലിലേക്കും ഇന്ത്യ യോഗ്യത നേടിയാൽ, ഒരു സെമി ഫൈനലും ഫൈനലും ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലായിരിക്കും നടക്കുക. ഇന്ത്യ സെമിയിലെത്താതെ പുറത്തായാൽ കലാശപ്പോര് ഉൾപ്പടെയുള്ള പ്രധാന മത്സരങ്ങൾ പാകിസ്ഥാനിൽ നടക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

