
2025ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കും ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സര ഏകദിന പരമ്പരയ്ക്കുമുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ച വാർത്താ സമ്മേളനത്തില്‍ ഹെഡ് കോച്ച് ഗൗതം ഗംഭീര്‍ പങ്കെടുത്തിരുന്നില്ല. സഞ്ജു സാംസണില്ലാതെയാണ് ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീമിനെയും ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന ടീമിനെയും പ്രഖ്യാപിച്ചിരിക്കുന്നത്.
രോഹിത് ശര്‍മ ക്യാപ്റ്റനായ ടീമില്‍ ശുഭ്മാന്‍ ഗില്ലാണ് ഉപനായകന്‍. വിക്കറ്റ് കീപ്പര്‍മാരായി ഋഷഭ് പന്തിനെയും കെ എല്‍ രാഹുലിനെയുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിരാട് കോലി, ശ്രേയസ് അയ്യര്‍, മുഹമ്മദ് ഷമി ഉള്‍പ്പെടെയുള്ളവര്‍ ടീമിലുണ്ട്. ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങള്‍ ആരംഭിക്കുന്നത് ഫെബ്രുവരി 19 മുതലാണ്.
Also Read: ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ രോഹിത് നയിക്കും; ഗിൽ വൈസ് ക്യാപ്റ്റൻ, സഞ്ജു ഔട്ട്, ഷമി ഇന്‍
16 ഏകദിനങ്ങളില്‍നിന്ന് 510 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം. ഇതില്‍ ഒരു സെഞ്ചുറിയും മൂന്ന് അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടും. 2023 ഡിസംബറില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് അവസാനമായി സഞ്ജു ഏകദിനം കളിച്ചത്. അന്ന് 108 റണ്‍സ് നേടി കളിയിലെ താരമാകുകയും ചെയ്തിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ സമീപകാലത്ത് മികച്ച രീതിയില്‍ കളിക്കുന്ന വിക്കറ്റ് കീപ്പര്‍ ബാറ്ററായ സഞ്ജുവിനെ പരിഗണിക്കാത്തതില്‍ ബി സി സി ഐക്കെതിരേ കടുത്ത വിമര്‍ശനം ഉയരുന്നുണ്ട്.
എന്നാൽ, സെലക്ഷന്‍ പ്രക്രിയക്കിടെ, സഞ്ജുവിന്റെയും ഹാര്‍ദിക്കിന്റെയും കാര്യത്തില്‍ സെലക്ടര്‍മാര്‍ക്കിടയിലെ അഭിപ്രായവ്യത്യാസം ചര്‍ച്ച നീണ്ടുപോവുന്നതിലേക്ക് നയിച്ചുവെന്ന് ദൈനിക് ജാഗ്രണ്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഹാര്‍ദിക്കിനെ വൈസ് ക്യാപ്റ്റനാക്കാനാണ് കോച്ച് ഗംഭീറിന് താത്പര്യമുണ്ടായിരുന്നത്. എന്നാൽ ഇത് ക്യാപ്റ്റൻ രോഹിത്തും സെലക്ടര്‍ അജിത് അഗാര്‍ക്കറും എതിർത്തു. അത് പോലെ ആദ്യ കീപ്പറായി കെ എൽ രാഹുലും, സഞ്ജു സാംസണ്‍ രണ്ടാം കീപ്പറാവട്ടെയെന്നായിരുന്നു ഗംഭീറിന്റെ നിലപാട്. ഇതിനെയും എതിർക്കപ്പെടുകയായിരുന്നു. ഋഷഭ് പന്ത് വരട്ടെയെന്ന അഗാര്‍ക്കറിന്റെയും രോഹിത്തിന്റെയും നിലപാട് അംഗീകരിക്കപ്പെട്ടു. കെ എൽ രാഹുൽ രണ്ടാം കീപ്പറുമായി.
സഞ്ജു സാംസണ്‍ ഇന്ത്യക്കുവേണ്ടി കളിച്ചില്ലെങ്കില്‍ നഷ്ടം സഞ്ജുവിനല്ല, ടീം ഇന്ത്യക്കാണെന്ന് ഗംഭീർ 2020 ൽ പറയുന്ന വീഡിയോ ടീം സെലക്ഷനു ശേഷം വീണ്ടും വൈറലാകുന്നുണ്ട്. ഭാവിയില്‍ ഒന്നാം നമ്പര്‍ ബാറ്ററായി മാറാന്‍ സാധ്യതയുള്ള ബാറ്ററെയാണ് നിങ്ങള്‍ നഷ്ടപ്പെടുത്തുന്നതെന്നും ഗംഭീര്‍ വീഡിയോയിൽ പറയുന്നുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

