
രഥയാത്രയ്ക്കിടെ അഹമ്മദാബാദിൽ ആന ഇടഞ്ഞു. അഹമ്മദാബാദ് ഖാദിയയിലാണ് സംഭവം. ആനയെ തളച്ചതായി അധികൃതർ അറിയിച്ചു. 18 ആനകൾ രഥയാത്രയ്ക്കായി അണിനിരന്നിരുന്നു. ജനങ്ങൾ പരിഭ്രാന്തരായി ഓടുന്ന ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.
സംഭവത്തിൽ ആർക്കും പരിക്കില്ല എന്നാണ് റിപ്പോർട്ടുകൾ.
വെള്ളിയാഴ്ച രാവിലെ 10:15 ഓടെയാണ് ജഗന്നാഥ രഥയാത്ര അഹമ്മദാബാദിലെ ജനസാന്ദ്രതയുള്ള ഖാദിയ പ്രദേശത്തുകൂടി കടന്നുപോയത്. അഹമ്മദാബാദിലെ ഘോഷയാത്രയിൽ സാധാരണയായി 18 ആനകൾ മാത്രമല്ല ഏകദേശം 100 ഓളം ട്രക്കുകൾ, ഭജൻ മണ്ഡലികൾ എന്നറിയപ്പെടുന്ന ഭക്തിഗാന സംഘങ്ങളും പങ്കെടുക്കുന്നുണ്ട്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നഗരത്തിലുടനീളം ഏകദേശം 23,800 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന ഘോഷയാത്ര 16 കിലോമീറ്റർ ദൂരം സഞ്ചരിക്കും. ഘോഷയാത്രയ്ക്കായി നിരവധി ട്രക്കുകൾ വിവിധ സാംസ്കാരിക, മതപരമായ രൂപങ്ങൾ പ്രദർശിപ്പിക്കുന്ന തീമാറ്റിക് ടാബ്ലോകളായി അലങ്കരിക്കും. ഈ യാത്രയിൽ 14 മുതൽ 15 ലക്ഷം വരെ ഭക്തർ അണിനിരക്കുമെന്നാണ് റിപ്പോർട്ടുകൾ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here