സവർക്കർ, ഹെഡ്ഗേവാർ പുറത്ത്; ബ്ലഡ് ഗ്രൂപ്പ്, നെഹ്റു അകത്ത്; കർണാടകയിലെ പാഠപുസ്തകങ്ങളിൽ 18 മാറ്റങ്ങൾ

കർണാടകയിൽ പാഠപുസ്തകങ്ങളിൽ ബിജെപി സർക്കാർ കൊണ്ടുവന്ന മാറ്റങ്ങൾ ഒഴിവാക്കി സിദ്ധരാമയ്യ സർക്കാർ. മുൻ ബിജെപി സർക്കാർ പരിഷ്കരിച്ച ആറാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള പാഠപുസ്തകങ്ങളിലാണ് 18 സുപ്രധാന മാറ്റങ്ങൾ വരുത്തി സിദ്ധരാമയ്യ സർക്കാർ ഉത്തരവിറക്കിയത്.  പുതുതായി ചേർത്ത 15 പാഠഭാഗങ്ങൾ ലഘുപുസ്തകങ്ങളായി അച്ചടിച്ച് സ്കൂളുകൾക്ക് കൈമാറാനാണ് സർക്കാർ തീരുമാനം.

ഈ പാഠഭാഗങ്ങൾ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്‍റെ വെബ്സൈറ്റിലും ലഭ്യമാക്കും. വിഡി സവർക്കറിനെയും ആർഎസ്എസ് സ്ഥാപകൻ കേശവ് ബലിറാം ഹെഡ്ഗേവാറിനെയും പറ്റിയുള്ള പാഠഭാഗങ്ങൾ കന്നട പുസ്തകത്തിൽ നിന്നും പുതിയ പരിഷ്ക്കരണത്തിന്‍റെ ഭാഗമായി ഒഴിവാക്കിയിട്ടുണ്ട്. പാഠപുസ്തക പരിഷ്ക്കരണത്തിന് കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗം അനുമതി നൽകി

കന്നഡ പാഠപുസ്തകങ്ങളിലെ പ്രധാന മാറ്റങ്ങൾ

പത്താം ക്ലാസ് കന്നഡ പാഠപുസ്തകത്തിലാണ് ശ്രദ്ധേയമായ മാറ്റം വരുത്തിയത്. ഹെഡ്‌ഗേവാറിന്റെ ‘നിജവാദ ആദർശ പുരുഷ യരഗബേക്കു’ എന്ന പാഠത്തിന് പകരം ശിവകോട്യാചാര്യയുടെ ‘സുകുമാര സ്വാമിയാ കഥേ’ എന്ന പാഠം ഉൾപ്പെടുത്തി.

എട്ടാം ക്ലാസ് കന്നഡ പാഠപുസ്തകത്തിൽ വി ഡി സവർക്കറിനെക്കുറിച്ചുള്ള കെ ടി ഗട്ടിയുടെ ‘കലവന്നു ഗെഡ്ഡവരു’ എന്നതിന് പകരം വിജയമാല രംഗനാഥിന്റെ ‘ബ്ലഡ് ഗ്രൂപ്പ്’ ഉൾപ്പെടുത്തിയിട്ടുണ്ട്.

പത്താം ക്ലാസ് കന്നഡ പാഠപുസ്തകത്തിൽ നിന്നും ഡോ. ആർ.ഗണേഷിന്‍റെ ‘ശ്രേഷ്ഠ ഭാരതീയ ചിന്തകൾ’ എന്നതിന് പകരം സാറാ അബൂബക്കറിന്‍റെ ‘യുദ്ധ’ ഉൾപ്പെടുത്തി.

സംഘപരിവാർ അനുകൂലിയായ ചക്രവർത്തി സുലിബെലെയുടെ ‘തായി ഭാരതീയ അമര പുത്രരു’ എന്ന ഗദ്യം പത്താം ക്ലാസ് കന്നഡ പാഠപുസ്തകത്തിൽ നിന്നും മറ്റൊന്നും കൂട്ടിച്ചേർക്കാതെ ഒഴിവാക്കി.

പത്താം ക്ലാസ് സാമൂഹികപാഠത്തിൽ ‘പ്രാദേശികതയും ഭാഷാഭിമാനവും’ എന്ന പാഠത്തിലും സിദ്ധരാമയ്യ സർക്കാർ മാറ്റം വരുത്തിയിട്ടുണ്ട്.ദേശീയതയുമായി താരതമ്യപ്പെടുത്തുമ്പോൾ പ്രാദേശികവാദവും ഭാഷാഭിമാനവും ഇടുങ്ങിയ ചിന്താഗതിയായി സൂചിപ്പിച്ചിരുന്ന വാക്യങ്ങൾ “ഭാരതക്കേ ഇരുവ ശവലുഗലു മത്തേ പരിഹാരങ്ങൾ” (ഇന്ത്യയുടെ മുന്നിലുള്ള വെല്ലുവിളികളും പരിഹാരങ്ങളും) എന്നതാണ് ഈ അധ്യായത്തിൽ നിന്ന് നീക്കം ചെയ്തത്.

എട്ടാം ക്ലാസ് പാഠപുസ്തകത്തിൽ പറമ്പള്ളി നരസിംഹ ഐതാളിന്‍റെ ‘ഭൂ കൈലാസ’ എന്ന നാടകത്തിന് പകരം ജവഹർലാൽ നെഹ്‌റു ഇന്ദിരാഗാന്ധിക്ക് എഴുതിയ കത്തിന്‍റെ വിവർത്തനമായ ‘മഗലിഗെ ബരേദ പത്ര’ ഉൾപ്പെടുത്തി.

ആറാം ക്ലാസ് സാമൂഹികപാഠത്തിൽ വേദകാലത്തെ സംസ്കാരം, പുതിയ മതങ്ങളുടെ ഉദ്ഭവം തുടങ്ങിയവയാണ് കൂട്ടിച്ചേർത്തത്.

എട്ടാം ക്ലാസ് സാമൂഹിക പാഠത്തിലെ നാട്ടുരാജ്യങ്ങളെ കുറിച്ചുള്ള പാഠങ്ങളിൽ വൊഡയാർ രാജാക്കന്മാർ, സർ എം.വിശ്വേശ്വരയ്യ, സർ മിർസ ഇസ്മായിൽ എന്നിവർ രാജ്യത്തിന് നൽകിയ സംഭാവനകൾ ഉൾപ്പെടുത്തി. വനിതാ സ്വാതന്ത്ര്യസമര സേനാനികളെയും സാമൂഹിക രംഗത്തെ നവോത്ഥാന നായികമാരെ കുറിച്ചും എട്ടാം ക്ലാസിലെ പാഭാഗങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്

2013– 18 ൽ അധികാരത്തിലിരുന്ന സിദ്ധരാമയ്യ സർക്കാരിന്‍റെ കാലത്ത് വിദ്യാഭ്യാസ വിദഗ്ധനായ ബരഗൂർ രാമചന്ദ്രപ്പയുടെ നേതൃത്വത്തിലുള്ള സമിതി പരിഷ്കരിച്ച പാഠ്യപദ്ധതി 2019ൽ അധികാരത്തിലേറിയ ബിജെപി സർക്കാർ രോഹിത് ചക്രതീർഥ സമിതിയെ നിയോഗിച്ച് മാറ്റം വരുത്തിയിരുന്നു. ബിജെപി സർക്കാർ ഒഴിവാക്കിയ ബരഗൂർ സമിതി നിശ്ചയിച്ച പാഠങ്ങളാണ് പുതിയ സർക്കാർ‌ തിരിച്ചുകൊണ്ടുവന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News