
വിപ്ലവകാരികളുടെ വിപ്ലവകാരി, അടിച്ചമര്‍ത്തപ്പെട്ടവന്‍റെ ശബ്ദമായി മാറിയ ക്യൂബൻ വിപ്ലവകാരി ഏണസ്റ്റോ ചെഗുവേര. നക്ഷത്രചിഹ്നമുള്ള തൊപ്പി ധരിച്ച, നീളൻ മുടിയുള്ള ആ മനുഷ്യൻ ലോകമൊട്ടാകെ വിപ്ലവത്തിന്റെ വീര്യവും ആശയസമരത്തിന്റെ തത്വചിന്തയും സമന്വയിക്കുന്ന പ്രതീകമായി നിലനിൽക്കുന്നു.
ബാറ്റിസ്റ്റയെ തുരത്തിയോടിച്ച ക്യൂബൻ വിപ്ലവത്തിന്റെ നായകൻ. കിരാത ഭരണത്തിൽ നിന്നും ക്യൂബൻ ജനതയെ മോചിപ്പിച്ച ചെ പിന്നീട് അധികാര കസേരയിൽ വിശ്രമിക്കുകയായിരുന്നില്ല ചെയ്തത്. ബൊളീവിയൻ വിമോചനമെന്ന ലക്ഷ്യവുമായി വീണ്ടും പോരാട്ടത്തിന്റെ കനൽവഴികള്‍ അദ്ദേഹം തെരഞ്ഞെടുത്തു.
സമത്വവും സ്വാതന്ത്ര്യവും ആഗ്രഹിക്കുന്ന ലോകത്തിന്റെ ഏതുകോണിലുമുള്ള മനുഷ്യർക്കും വ്യവസ്ഥതിക്കും അടിച്ചമർത്തലിനും എതിരെ പോരാട്ടത്തിന്റെ പാതയിലുള്ള മനുഷ്യർക്കും എന്നും പ്രചോദനമായി നിലകൊള്ളുന്ന പേരാണ് ചെ ഗുവേര.
സാമ്പത്തിക ശാസ്ത്രജ്ഞനായ, എഴുത്തുകാരനായ, മന്ത്രിയായ, കർഷകനായ, ഡോക്ടറായ, ഗറില്ലാപ്പോരാളിയായ വിപ്ലവകാരിയാണ് ചെ. “മരണം എപ്പോൾ മുന്നിൽ വന്ന് നിന്നാലും നമുക്ക് സ്വാഗതം ചെയ്യാം. നമ്മുടെ ആശയങ്ങൾ മറ്റാരുടെയൊക്കെയോ കർണപുടങ്ങളിൽ പതിച്ചിട്ടുണ്ടാകും. നമ്മുടെ ആയുധങ്ങൾ ഏറ്റുവാങ്ങി പോരാട്ടം തുടരാൻ മറ്റാരുടെയൊക്കെയോ കൈകൾ നീണ്ടുവരുന്നുണ്ടാകും”, ചെ ഗുവേര അവസാനമായി പങ്കെടുത്ത പൊതുപരിപാടിയിൽ പറഞ്ഞ വാക്കുകളാണിത്.
ALSO READ: കാലത്തേയും കേരളത്തെയും മാറ്റിയ ഇ എം എസ്
സാമ്രാജ്യത്വ മോഹങ്ങളുമായി ചെറു രാഷ്ട്രങ്ങളുടെ പരമാധികാരത്തിലേക്ക് മുതലാളിത്ത രാഷ്ട്രങ്ങള്‍ കടന്നുകയറുന്ന ഭൗമരാഷ്ട്രീയ സാഹചര്യത്തില്‍ ചെയുടെ ഈ വാക്കുകള്‍ക്ക് പ്രസക്തിയേറുന്നുണ്ട്. ക്യൂബയിലേക്ക് ഇന്നും അധികാരകൈയുമായി കടന്നുകയറാൻ ശ്രമിക്കുന്ന അമേരിക്കയുടെ മുതലാളിത്ത മോഹങ്ങളെ അവിടുത്തെ ജനത ചെറുക്കുന്നത് ചെയില്‍ നിന്നും പകര്‍ന്നു കിട്ടിയ പോരാട്ട വീര്യവുമായാണ്.
ചെഗുവേരയുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചതിന് പിന്നാലെ ക്യൂബയിലെ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ഫിദൽ പറഞ്ഞ വാക്കുകള്‍ ഇപ്രകാരമാണ്, ‘നമ്മുടെ അടുത്ത തലമുറ എങ്ങനെ ആകണമെന്നത്തിനുള്ള ഉദാഹരണമാണ് ചെ. നമ്മുടെ കുട്ടികൾ ചെഗുവേരയെപ്പോലെ വളരണം’.
ആ വാക്കുകള്‍ ഹൃദയം കൊണ്ടാണ് ക്യൂബൻ ജനത ശ്രവിച്ചത്. മനുഷ്യ വിമോചനത്തിന്റെ സ്വപനം പേറി ജീവിച്ച ചെ എന്ന പോരാളി ഇന്നും വിപ്ലവ വെളിച്ചമായി കോടാനുകോടി മനുഷ്യരുടെ ഹൃദയത്തില്‍ ജീവിക്കുന്നു. വിപ്ലവകാരികൾക്കും വിമോചനം സ്വപ്നം കാണുന്നവർക്കും എന്നും പ്രചോദനമായി ചെ നിലനില്‍ക്കുന്നു, കാരണം വിപ്ലവകാരിക്ക് മരണമില്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

