
യാത്രക്കാരന്റെ ഭാര്യയുടെ സ്വര്‍ണാഭരണങ്ങളും വിലകൂടിയ വസ്ത്രങ്ങളും അടങ്ങിയ ബാഗ് ചെക്ക്-ഇന്നിന് ശേഷം നഷ്ടപ്പെട്ടതിൽ രണ്ട് ലക്ഷം രൂപ സ്പൈസ് ജെറ്റ് എയര്‍ലൈന്‍സ് നഷ്ടപരിഹാരം നല്‍കണം. ഡല്‍ഹി സംസ്ഥാന ഉപഭോക്തൃ കമ്മീഷന്‍ പ്രസിഡന്റ് ആണ് ഉത്തരവിട്ടത്. ബാഗിന് നഷ്ടപരിഹാരമായി കിലോയ്ക്ക് 200 രൂപ മുതല്‍ 3,000 രൂപ വരെ നല്‍കാമെന്നായിരുന്നു വിമാന കമ്പനിയുടെ നിലപാട്.
എന്നാല്‍, യാത്രക്കാരന്‍ ഇത് സ്വീകരിച്ചില്ല. ഉപഭോക്തൃ പരാതി ഫയല്‍ ചെയ്യുകയായിരുന്നു. 10 വര്‍ഷം മുൻപാണ് സംഭവം. 2013 മെയ് രണ്ടിന്, യാത്രക്കാരന്‍ ഭാര്യക്കും മകനുമൊപ്പം നേപ്പാളില്‍ അവധിക്കാലം ആഘോഷിച്ച് ഡല്‍ഹിയിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. ഇവരുടെ കൈവശം 23 കിലോ ഭാരമുള്ള രണ്ട് ബാഗുകള്‍ ഉണ്ടായിരുന്നു.
കാഠ്മണ്ഡു വിമാനത്താവളത്തില്‍ രണ്ട് ബാഗുകളും സ്‌കാന്‍ ചെയ്ത് ചെക്ക്-ഇന്‍ ബാഗേജിനായി ടാഗ് ചെയ്തു. എന്നാല്‍ ഡല്‍ഹി വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോള്‍ സ്വര്‍ണാഭരണങ്ങളും വിലകൂടിയ വസ്ത്രങ്ങളും അടങ്ങിയ ബാഗുകളില്‍ ഒന്ന് കിട്ടിയില്ല. തുടർന്നാണ്, അദ്ദേഹം ആദ്യം ഡല്‍ഹി ജില്ലാ ഉപഭോക്തൃ കമ്മീഷനിലും പിന്നീട് ഡല്‍ഹി സംസ്ഥാന ഉപഭോക്തൃ കമ്മീഷനിലും പരാതി നല്‍കിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here