
പാലക്കാട് പോത്തുണ്ടി ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയ്ക്ക് യാതൊരു കുറ്റബോധമോ പശ്ചാത്താപമോ ഇല്ല. നീളമുള്ള മുടിയുള്ള സ്ത്രീയാണ് കുടുംബപ്രശ്‌നത്തിന് കാരണമെന്ന് മന്ത്രവാദി പറഞ്ഞിരുന്നുവെന്നും അതാണ് സജിതയുടെ കൊലപ്പെടുത്താന്‍ കാരണമെന്നും ആയിരുന്നു 2019 മൊഴി.
എന്നാല്‍ മന്ത്രവാദികളെ കണ്ടിട്ട് മാസങ്ങളായെന്നാണ് പ്രതി ഇത്തവണ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. കൊലപാതകം ആസൂത്രിതമായിരുന്നെന്നും അതിനായി ആയുധങ്ങള്‍ വാങ്ങിവെച്ചിരുന്നെന്നും പാലക്കാട് എസ്പി അജിത് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
കൊലയ്ക്കു ശേഷം പ്രതി പൊലീസിന്റെ നീക്കങ്ങള്‍ നീരീക്ഷിക്കുകയായിരുന്നുവെന്നും വിഷം കഴിച്ചുവെന്ന ചെന്താമരയുടെ മൊഴി പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനായിരുന്നുവെന്നും വൈദ്യ പരിശോധനയില്‍ വിഷം ഉള്ളില്‍ ചെന്നിട്ടില്ലെന്ന് കണ്ടെത്തിയെന്നും എസ്പി പറഞ്ഞു. ചെന്താമര തന്ത്രശാലിയായ കുറ്റവാളിയാണെന്നും പൊലീസ് പറഞ്ഞു.
Also Read : also read: ചെന്താമര പൊലീസ് പിടിയില്‍; വലയിലായത് മാട്ടായിയില്‍ നിന്ന്, സ്റ്റേഷന് മുന്നിൽ സംഘർഷാവസ്ഥ
ഭാര്യ, മകള്‍, മരുമകന്‍ ഉള്‍പ്പെടെ മൂന്നുപേരെ കൂടി കൊല്ലാന്‍ പദ്ധതിയിട്ടിരുന്നുവെന്നും പ്രതി മൊഴി നല്‍കി. പെട്ടെന്നുണ്ടായ പ്രകോപനമാണ് സുധാകരനെ കൊലപ്പെടുത്താന്‍ കാരണം. തലേ ദിവസം സുധാകരനുമായി തര്‍ക്കമുണ്ടായി. ഇതോടെയാണ് സുധാകരനെ കൊല്ലാന്‍ തീരുമാനിച്ചതെന്നും പ്രതി മൊഴി നല്‍കി.
കുടുംബങ്ങള്‍ തമ്മിലുള്ള വൈരാഗ്യമാണ് കൊലയ്ക്കുകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 2019 ലെ ആദ്യകൊലയ്ക്കു ശേഷം ജാമ്യത്തിലിറങ്ങിയ ചെന്താമര കോഴിക്കോട് കോറിയില്‍ ജോലി ചെയ്യുകയായിരുന്നു.
പ്രതിയുമായി വീടു പരിശോധിച്ച് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയും കൊലപാതകം പുനരാവിഷ്‌കരിക്കുകയും ചെയ്യുമെന്ന് എസ്പി പറഞ്ഞു. പ്രതിയെ ഒരാഴ്ചയ്ക്കുള്ളില്‍ കസ്റ്റഡിയില്‍ വാങ്ങും. ആ ജോലി നഷ്ടപ്പെട്ടതിനു ശേഷമാണ് ചെന്താമര തിരുത്തന്‍പാടത്തേക്ക് വന്നതെന്നും പൊലീസ് വ്യക്തമാക്കി.
നല്ലതുപോലെ പ്രതിയെ ചോദ്യം ചെയ്തുവെന്ന് എസ്പി അജിത് കുമാർ പറഞ്ഞു. കുറ്റകൃത്യം ചെയ്ത ശേഷം പ്രതി മലമുകളിലാണ് ഒളിവിൽ പോയത്. പൊലീസിൻ്റെ പരിശോധനകൾ കൃത്യമായി മനസിലാക്കിയിരുന്നു. ഭക്ഷണം കഴിക്കാനാണ് മല ഇറങ്ങിയത്. ഇന്ന് കോടതിയിൽ ഹാജരാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

